April 25, 2024

അതിജീവന പാതയില്‍ വയനാട് ജില്ല

0
299.jpg

കല്‍പ്പറ്റ: പ്രളയത്തില്‍ വന്‍നാശനഷ്ടം സംഭവിച്ച ജില്ലകളിലൊന്നായ വയനാട് അതിജീവനത്തിന്റെ പാതയില്‍. ഭരണകൂടത്തിന്റെ മികവാര്‍ന്ന പ്രവര്‍ത്തനങ്ങളുടെ ഫലമായി പ്രളയദുരിതത്തില്‍ നിന്ന് കരകയറുകയാണ് ജില്ല. പ്രളയത്തില്‍ വീടും ഭൂമിയും നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിനായി ജില്ലയില്‍ ചെലവിട്ടത് 46,71,00,125 രൂപയാണ്. പൂര്‍ണ്ണമായി തകര്‍ന്ന വീടുകള്‍ക്ക് പകരം പുതിയവ നിര്‍മ്മിക്കാന്‍ 10,19,29,750 രൂപയും ഭാഗികമായി തകര്‍ന്ന വീടുകളുടെ അറ്റകുറ്റ പണിക്കായി 29,74,05,450 രൂപയും ഭൂമിയും വീടും നഷ്ടപ്പെട്ടവര്‍ക്ക് സ്ഥലം വാങ്ങാന്‍ 2,57,64,925 രൂപയും ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഗുണഭോക്താക്കള്‍ക്ക് നല്‍കി. കൂടാതെ 4.20 കോടി രൂപ കെയര്‍ഹോം പദ്ധതി വഴിയും ജില്ലയില്‍ ചെലവഴിച്ചു. ഇതില്‍ 85,59,600 രൂപ സ്റ്റേറ്റ് ഡിസാസ്റ്റര്‍ റിലീഫ് ഫണ്ടില്‍ നിന്നും ബാക്കി തുക സഹകരണ വകുപ്പുമാണ് ചെലവിടുന്നത്. വിവിധ പദ്ധതികളിലൂടെ 122 വീടുകളുടെ നിര്‍മ്മാണവും പൂര്‍ത്തീകരിച്ചിട്ടുണ്ട്.

പൂര്‍ണ്ണമായി തകര്‍ന്ന വീടുകള്‍ക്ക് നാല് ലക്ഷം രൂപയാണ് സര്‍ക്കാര്‍ അനുവദിക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായാണ് തുക വിതരണം ചെയ്യുന്നത്. ആദ്യ ഘട്ടത്തില്‍ 1,01,900 രൂപയും നിര്‍മ്മാണം 25 ശതമാനം പിന്നിടുമ്പോള്‍ രണ്ടാംഗഡുവും തുടര്‍ന്ന് മൂന്നാം ഘട്ട തുകയും നല്‍കും. ഈ ഘട്ടങ്ങളില്‍ 1,49,050 രൂപ വീതമാണ് നല്‍കുന്നത്. ഗുണഭോക്താക്കള്‍ നേരിട്ട് നിര്‍മ്മിക്കുന്ന 589 വീടുകളില്‍ 435 വീടുകള്‍ക്ക് ഒന്നാം ഗഡുവും 197 വീടുകള്‍ക്ക് രണ്ടാം ഗഡുവും 184 വീടുകള്‍ക്ക് മൂന്നാം ഗഡു സഹായവും നല്‍കി. ഇത്തരത്തില്‍ ഒന്നാം ഘട്ടത്തില്‍ 4,43,26,500 രൂപയും രണ്ടാം ഘട്ടത്തില്‍ 2,93,62,850 രൂപയും മൂന്നാം ഘട്ടത്തില്‍ 2,74,25,200 രൂപയും ചെലവഴിച്ചു.

ഭാഗികമായി തകര്‍ന്ന വീടുകള്‍ക്കുളള ധനസഹായം വിതരണം 98 ശതമാനത്തിലധികം പൂര്‍ത്തിയാക്കി.15 ശതമാനമെങ്കിലും നാശനഷ്ടം നേരിട്ട വീടുകള്‍ക്കാണ് ധനസഹായം അനുവദിക്കുന്നത്. ഇത്തരത്തിലുളള 3872 വീടുകളില്‍ 3847 എണ്ണത്തിന് നഷ്ടപരിഹാര തുകയായി 10000 രൂപ വീതവും 16 മുതല്‍ 29 ശതമാനം വരെ തകര്‍ന്ന 1402 വീടുകളില്‍ 1381 എണ്ണത്തിന് 60,000 രൂപ വീതവും നല്‍കി. 30 മുതല്‍ 59 ശതമാനം വരെ നഷ്ടമുണ്ടായവയ്ക്ക് 1,25,000 രൂപയും 60 മുതല്‍ 74 ശതമാനം വരെ നഷ്ടമുളളതിന് 2,50,000 രൂപയുമാണ് നഷ്ടപരിഹാരമായി നിശ്ചയിച്ചിരിക്കുന്നത്. 75 ശതമാനത്തില്‍ കൂടുതല്‍ തകര്‍ന്ന വീടുകളെ പൂര്‍ണ്ണമായും തകര്‍ന്നവയുടെ ലിസ്റ്റിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 30 മുതല്‍ 59 ശതമാനം വരെ തകര്‍ന്ന 694 എണ്ണത്തില്‍ 677 പേര്‍ക്കും 60 മുതല്‍ 74 ശതമാനം വരെ തകര്‍ന്നവയില്‍ 242 എണ്ണത്തില്‍ 233 എണ്ണത്തിനുമുളള നഷ്ടപരിഹാരവും നല്‍കിയിട്ടുണ്ട്.

വീട് വെയ്ക്കാന്‍ അനുയോജ്യമായ ഭൂമി കണ്ടെത്തിയ 66 പേര്‍ക്കുളള തുക വിതരണം ചെയ്തു. ഇതില്‍ 8 പേര്‍ വീട് നിര്‍മ്മിക്കാനുളള ആദ്യ ഗഡുവും കൈപ്പറ്റി. എട്ട് പേര്‍ക്ക് കൂടി ഭൂമി വാങ്ങുന്നതിനുളള നടപടിക്രമങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. അവശേഷിക്കുന്നവര്‍ക്കും അനുയോജ്യമായ ഭൂമി കണ്ടെത്തുന്ന മുറയ്ക്ക് ധനസഹായം വിതരണം ചെയ്യും. വീടുകളുടെ നിര്‍മ്മാണ പുരോഗതി വിലയിരുത്താനും ഗുണഭോക്താക്കള്‍ക്ക് സമയബന്ധിതമായി സഹായം ലഭിക്കുന്നത് ഉറപ്പ് വരുത്താനും ലൈഫ്മിഷന്റെ നേതൃത്വത്തില്‍ പ്രത്യേക ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്.

2019 മാര്‍ച്ച് 31 വരെ 2465 അപ്പീല്‍ അപേക്ഷകളാണ് ലഭിച്ചിരുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പ് എഞ്ചിനീയര്‍മാരുടെ നേതൃത്വത്തിലുളള അപ്പീല്‍ പാനല്‍ പരിശോധിച്ചതില്‍ അര്‍ഹരായ മുഴുവന്‍ പേര്‍ക്കും ധനസഹായം നല്‍കി. ഏപ്രില്‍ മുതല്‍ ജൂണ്‍ 30 വരെ ലഭിച്ച 1067 അപ്പീല്‍ അപേക്ഷകളില്‍ അര്‍ഹരായവരെ കണ്ടെത്തി ധനസഹായം നല്‍കുന്നതിനുളള നടപടികളും പുരോഗമിക്കുന്നുണ്ട്. പ്രളയ സമയത്ത് അടിയന്തര ധനസഹായമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പതിനായിരം രൂപ 8079 പേര്‍ക്കും ജില്ലയില്‍ നല്‍കിട്ടുണ്ട്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *