പാൽ വില വർദ്ധിപ്പിക്കണമെന്ന് പ്രൈമറി മിൽക്ക് സൊസൈറ്റീസ് അസോസിയേഷൻ
കൽപ്പറ്റ: ക്ഷീര മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് 27-ന് ക്ഷീര കർഷകർ മിൽമ പ്ലാന്റിലേക്ക് മാർച്ച് നടത്തുമെന്ന് പ്രൈമറി മിൽക്ക് സൊസൈറ്റീസ് അസോസിയേഷൻ ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
പ്രളയക്കെടുതിയിൽ തകർന്നടിഞ്ഞ ക്ഷീര മേഖല ശക്തമായ തിരിച്ചുവരവിന്റെ
പാതയിലാണ്. പാലുൽപ്പാദനം സർവ്വകാല റെക്കോർഡിലേക്ക് എത്തുകയാണ്. എന്നാൽ
ക്ഷീര കർഷകർ യഥാർത്ഥത്തിൽ വലിയ വെല്ലുവിളികളെ നേരിട്ടുകൊണ്ടിരിക്കുന്നു.
കാലിത്തീറ്റകൾക്കുണ്ടായ വൻ വില വർദ്ധനയും പാൽ വില കാലോചിതമായി
പരിഷ്കരിക്കാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നു. ക്ഷീര കർഷകന് മിൽമയിൽ നിന്നും
ലഭിക്കുന്ന വില അപര്യാപ്തമാണ്. പാൽ വില വർദ്ധിപ്പിക്കുക, അല്ലാത്തപക്ഷം ക്ഷീര
വികസന വകുപ്പ് , മിൽമ, ത്രിതല പഞ്ചായത്തുകൾ സംയുക്തമായി 12 മാസവും
പ്രാത്സാഹന വില അനുവദിക്കുക എന്ന ക്ഷീര കർഷകരുടെ ആവശ്യം വയനാട് ജില്ല
പ്രൈമറി മിൽക്ക് സൊസൈറ്റീസ് അസോസിയേഷൻ മുന്നോട്ട് വക്കുകയാണ്.
കൂടാതെ മിൽമ നിർത്തലാക്കിയ ഇൻഷുറൻസ് പദ്ധതികൾ തുടർന്നും
നടപ്പിലാക്കുകയും ക്ഷീര സംഘങ്ങൾക്ക് നൽകി വരുന്ന ചില്ലിംഗ് ചാർജ്,
ട്രാൻസ്പോർട്ടേഷൻ ചാർജ് എന്നിവ അടിയന്തിരമായി വർദ്ധിപ്പിക്കേണ്ടതുമാണ്. ക്ഷീര
കർഷകരുടെയും ക്ഷീര സംഘങ്ങളുടെയും ന്യായമായ ആവശ്യങ്ങൾ
അംഗീകരിക്കണമെന്നാവശ്യപ്പെട്ട് പ്രൈമറി മിൽക്ക് സൊസൈറ്റീസ്
അസോസിയേഷൻ ജൂലായ് 27 ന് ശനിയാഴ്ച മിൽമയുടെ കൽപ്പറ്റ ഡയറി പ്ലാന്റിനു
മുൻപിലും, ചിങ്ങം ഒന്ന് കർഷക ദിനത്തിൽ കലക്ട്രേറ്റുപടിക്കലും ക്ഷീര കർഷകരെ
പങ്കെടുപ്പിച്ചുകൊണ്ടുളള ധർണ്ണാ സമരം സംഘടിപ്പിക്കുമെന്നും ഇവർ പറഞ്ഞു.. പത്ര സമ്മേളനത്തിൽ
അസോസിയേഷൻ പ്രസിഡന്റ് എച്ച് .ബി പ്രദീപ് , ജനറൽ സെക്രട്ടറി ലാലു മാപ്പനാത്ത്,
ബെന്നി ബി.പി, ബേബി തോമസ്, വി.വി. രാമകൃഷ്ണൻ, എ.പി. കുര്യാക്കോസ്, പി.റ്റി
ഉലഹന്നാൻ, പി. ജെ ആഗസ്തി, മഞ്ജുഷ.എം.എസ് എന്നിവർ പങ്കെടുത്തു.





Leave a Reply