April 23, 2024

ജനുവരി എട്ടിലെ ദേശീയപണിമുടക്ക് വിജയിപ്പിക്കണം: സംയുക്ത ട്രേഡ് യൂണിയന്‍

0

കല്‍പ്പറ്റ: രാജ്യത്ത് തൊഴിലെടുത്ത് ജീവിക്കുന്ന മുഴുവന്‍ തൊഴിലാളികളം ഒറ്റക്കെട്ടായി ജനുവരി എട്ടിന് സംയുക്ത ട്രേഡ് യൂണിയന്‍ നടത്തുന്ന ദേശീയപണിമുടക്ക് വിജയിപ്പിക്കണമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അഭ്യര്‍ത്ഥിച്ചു. പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കര്‍ഷകര്‍ ഗ്രാമീണ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. തൊഴിലില്ലായ്മ രൂക്ഷമാകുന്ന നയത്തിനെതിരെ യുവജനങ്ങളും പിന്തുണ പ്രഖ്യാപിച്ച് കഴിഞ്ഞു. ജില്ലയിലെ 23 ഗ്രാമപഞ്ചായത്ത് കേന്ദ്രങ്ങളിലും മൂന്ന് നഗരസഭാ കേന്ദ്രങ്ങളിലും എട്ടിന് കാലത്ത് മുതല്‍ വൈകിട്ട് വരെ സമരപ്പന്തല്‍ കെട്ടി തൊഴിലാളികള്‍ പ്രതിഷേധിക്കും. ജനുവരി അഞ്ച്, ആറ്, ഏഴ് തിയ്യതികളില്‍ പഞ്ചായത്ത് കേന്ദ്രങ്ങളില്‍ പന്തം കൊളുത്തി പ്രകടനം നടക്കും. ജനുവരി അഞ്ചിന് എല്ലാ പഞ്ചായത്തുകളിലെയും തൊഴിലാളികള്‍ സംയുക്തമായി പ്രചരണജാഥ സംഘടിപ്പിക്കും. ജനുവരി എട്ടിന് സ്വകാര്യവാഹനങ്ങള്‍ യാത്ര ഒഴിവാക്കാനും, വ്യാപാര സ്ഥാപനങ്ങള്‍ കടകള്‍ അടച്ചിട്ട് സഹകരിക്കാനും അഭ്യര്‍ത്ഥിക്കുകയാണ്. പണിമുടക്ക് വന്‍വിജയമാക്കാന്‍ മുഴുവന്‍ തൊഴിലാളികളും രംഗത്തിറങ്ങണമെന്നും നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു. രണ്ടാം നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ രാജ്യത്തിന്റെ സമ്പത്താകെ സ്വകാര്യമേഖലയില്‍ തീറെഴുതി കൊടുത്തിരിക്കുകയാണ്. ഇന്ത്യന്‍ റെയില്‍വെ പൂര്‍ണമായും സ്വകാര്യമേഖലക്ക് കൈമാറാനുള്ള നീക്കം തുടങ്ങി. റെയില്‍വെ മന്ത്രാലയത്തിന്റെ നൂറ്ദിന പദ്ധതിയുടെ ഭാഗമായി റെയില്‍വെയുടെ ഉല്പാദന യൂണിറ്റ് കോര്‍പറേറ്റുകള്‍ക്ക് കൈമാറാന്‍ തീരുമാനിച്ചു. രാജ്യത്തുടനീളമുള്ള 41 ആയുധ നിര്‍മ്മാണ ഫാക്ടറികള്‍ സ്വകാര്യമേഖലയില്‍ 100 ശതമാനം എഫ് ഡി ഐ അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 10 പൊതുമേഖലാബാങ്കുകള്‍ ലയിപ്പിച്ച് നാല് ബാങ്കുകളാക്കി മാറ്റാന്‍ തീരുമാനിച്ചു. പെട്രോളിയം ഉല്പന്നങ്ങള്‍ സ്വകാര്യമേഖലക്ക് നല്‍കിയതോടെ പെട്രോളിയം ഉല്പന്നങ്ങളുടെ വില ദിവസം തോറും വര്‍ധിക്കുകയാണ്. മോട്ടോര്‍ വ്യവസായം ആകെ തന്നെ കുത്തകവത്ക്കരിക്കാനുള്ള നിയമനിര്‍മ്മാണങ്ങള്‍ നടത്തി ലക്ഷക്കണക്കിന് തൊഴിലാളികള്‍ വഴിയാധാരമാകുകയാണ്. ചെറുകിട കച്ചവടക്കാരും, ചെറുകിട വ്യവസായ മേഖലയും ഇന്ന് തകര്‍ന്നിരിക്കുകയാണ്. അതിരൂക്ഷമായ വിലക്കയറ്റം രാജ്യത്തെയാകെ കാര്‍ന്നുതിന്നുന്നു. കാര്‍ഷിക ഉല്പന്നങ്ങളുടെ വിലയിടിവ് മൂലം കര്‍ഷകരും ദുരിതത്തിലാണ്. ബി ജെ പി അധികാരത്തില്‍ വന്നാല്‍ സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുമെന്ന വാഗ്ദാനവും നിറവേറ്റിയില്ല. തൊഴില്‍മേഖലയില്‍ പുതിയ ഭേദഗതി ബില്‍ പാസായതോടെ തൊഴിലാളിക്കും സംഘടിത നീക്കത്തിന് തുരങ്കം വെക്കുന്ന അവസ്ഥ വന്നു.സ്ഥിരം തൊഴില്‍ സംവിധാനം തകര്‍ത്ത് കരാര്‍ വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കാനുള്ള നീക്കം തുടങ്ങിക്കഴിഞ്ഞു. ഇതൊടൊപ്പം രാജ്യത്തിലെ തൊഴിലാളികള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുന്നതില്‍ പൗരത്വ ഭേദഗതി നിയമം പാര്‍ലമെന്റില്‍ അവതരിപ്പിച്ച് യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കുന്നതിന് വേണ്ടി വര്‍ഗീയപരമായ ചേരിതിരിവ് സൃഷ്ടിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടത്തുന്നതെന്നും നേതാക്കള്‍ പറഞ്ഞു. ആഗോളവത്ക്കരണനയം നടപ്പിലായതിന് ശേഷമുള്ള 19-ാമത് ദേശീയ പണിമുടക്കാണ് ഇന്ത്യയിലെ ട്രേഡ് യൂണിയനുകള്‍ നടത്തുന്നത്. ഒന്നാം ബി ജെ പി സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ ഒരു ദ്വിദിന പണിമുടക്ക് ഉള്‍പ്പെടെ മൂന്ന് ദേശീയ പണിമുടക്ക് നടന്നു. കേന്ദ്ര ട്രേഡ് യൂണിയനുകള്‍ സര്‍ക്കാറിന്റെ മുമ്പില്‍ അവതരിപ്പിച്ച് വിലക്കയറ്റമുള്‍പ്പെടെയുള്ള 12 മുദ്രാവാക്യങ്ങള്‍ രാജ്യത്തെ ജനങ്ങളെയും തൊഴിലാളികളെയും ബാധിക്കുന്ന പ്രശ്‌നങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് നടത്തിയിട്ടുള്ളതെന്നും നേതാക്കള്‍ വ്യക്തമാക്കി. പത്രസമ്മേളനത്തില്‍ സംയുക്ത ട്രേഡ് യൂണിയവന്‍ ജില്ലാ ചെയര്‍മാന്‍ പി പി ആലി, കണ്‍വീനര്‍ കെ സുഗതന്‍, സി എസ് സ്റ്റാന്‍ലി, ജി എ ഖാദര്‍, സി മൊയ്തീന്‍കുട്ടി എന്നിവര്‍ പങ്കെടുത്തു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *