April 25, 2024

കല്‍പ്പറ്റ വാരാമ്പറ്റ റോഡ് പ്രവൃത്തി പുനരാരംഭിച്ചില്ല; യാത്രക്കാര്‍ ദുരിതത്തില്‍

0
Img 20200106 Wa0045.jpg
പടിഞ്ഞാറത്തറ: കാലതാമസം, ഗുണനിലവാരമില്ലായ്മ തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നിര്‍ത്തി വെച്ച കല്‍പ്പറ്റ പടിഞ്ഞാറത്തറ റോഡ് പ്രവൃത്തി പുനരാരംഭിക്കാതെ അനിശ്ചിതമായി നീളുന്നതിനാല്‍ ദുരിതത്തിലായിരിക്കുകയാണ് യാത്രക്കാര്‍. മേല്‍കാരണങ്ങള്‍ കൊണ്ട് ഈ പ്രവൃത്തിക്ക് ഫണ്ട് നല്‍കുന്ന കിഫ്ബി ഇറക്കിയ ഉത്തരവ് ഡിസമ്പര്‍ 11ന് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചതോടെയാണ് പണി നിര്‍ത്തി വെച്ചത്. പണികളിലെ അപാകതകള്‍ പരിഹരിച്ച് പണി എത്രയും പെട്ടെന്ന് പുനരാരംഭിക്കണമെന്ന് കല്‍പ്പറ്റ വാരാമ്പറ്റ റോഡ് ജനകീയ ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം എ ജോസഫ്, കണ്‍വീനര്‍ എം മുഹമ്മദ് ബഷീര്‍, വര്‍ക്കിങ് കണ്‍വീനര്‍ ഷമീം പാറക്കണ്ടി എന്നിവര്‍ ആവശ്യപ്പെട്ടു.
സ്‌റ്റോപ്പ് മെമ്മോ ഇറങ്ങിയ സമയത്ത് അത് അടിയന്തരമായി നീക്കി റോഡ് നിര്‍മ്മാണം പുനരാരംഭിക്കാന്‍ ആവശ്യമായ നടപടിയുണ്ടാകണമെന്ന ആവശ്യവുമായി റോഡ് ആക്ഷന്‍ കമ്മിറ്റികളും ജനപ്രതിനിധികളും ബന്ധപ്പെട്ടപ്പോള്‍, ആവശ്യമായ പരിശോധനകള്‍ നടത്തി എത്രയും പെട്ടെന്ന് പ്രവൃത്തി പുനരാരംഭിക്കാന്‍ നടപടിയുണ്ടാവുമെന്ന് അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഡിസമ്പര്‍ 28ന് കിഫ്ബിയുടെ സാങ്കേതിക വിഭാഗം പരിശോധന നടത്തുകയും പരിഹരിക്കേണ്ട വിഷയങ്ങള്‍ സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിന്‌ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ തുടര്‍ നടപടികള്‍ വേഗത്തിലായിട്ടില്ല. റോഡ് മുഴുവനായി പൊളിച്ചിട്ടതിനാല്‍ പൊടി ശല്യവും രൂക്ഷമാണ്. ഇക്കാരണത്താല്‍ ജനങ്ങള്‍ വലിയ പ്രതിഷേധത്തിലാണ്. 
ഒരുപാട് കാലത്തെ സമരങ്ങളുടെയും പ്രതിഷേധങ്ങളുടെയും ഫലമായാണ് നേരത്തെ പ്രവൃത്തി ആരംഭിച്ചത്. 
ജില്ലയിലെ തന്നെ ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ ആശ്രയിക്കുന്ന ഈ സംസ്ഥാന പാതയുടെ ശോചനീയാവസ്ഥ കാരണം ആയിരക്കണക്കിന് യാത്രക്കാരാണ് കഷ്ടതയനുഭവിക്കുന്നത്. കേടുപാടുകള്‍ പറ്റുന്നതും ടയറുകള്‍ പൊട്ടുന്നതടക്കമുള്ള പ്രശ്‌നങ്ങള്‍ കൊണ്ട് ബസുകളുടെ ട്രിപ്പുകള്‍ മുടങ്ങുന്നതും പതിവാണ്. രോഗികളെ യഥാസമയം ആശുപത്രിയിലെത്തിക്കുന്നതിന് പോലും കഴിയാത്ത അവസ്ഥയിലാണ്. നിര്‍മ്മാണ കരാര്‍ പ്രകാരം രണ്ട് മാസത്തിനുള്ളില്‍ പണി പൂര്‍ത്തീകരിക്കേണ്ടതുണ്ട്. എന്നാല്‍ മുപ്പത് ശതമാനത്തില്‍ താഴെ പ്രവൃത്തികള്‍ മാത്രമേ നടന്നിട്ടുള്ളൂ. ഭാരവാഹികളായ പി കെ അബ്ദുറഹിമാന്‍, ജോണി നന്നാട്ട്, കെ ഹാരിസ്, വി ജി ഷിബു, ബഷീര്‍ പുള്ളാട്ട്, ഉസ്മാന്‍ പഞ്ചാര, നജീബ് പിണങ്ങോട് തുടങ്ങിയവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *