April 20, 2024

പടിഞ്ഞാറത്തറ – പൂഴിത്തോട് ബദല്‍ റോഡ്: ജില്ലാ കലക്ടര്‍ ഇടപെടണം. -ജനാധിപത്യ കേരളാ കോണ്‍ഗ്രസ്സ്

0
 
1994 ല്‍ നിര്‍മ്മാണം ആരംഭിച്ച് പാതിവഴിയില്‍ നിലച്ചുപോയ, ബദല്‍ പാതകളില്‍ പ്രഥമ പരിഗണന ലഭിച്ച, 70% പണി പൂര്‍ത്തീകരിച്ച പടിഞ്ഞാറത്തറ – പൂഴിത്തോട് ബദല്‍ റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിക്കുവാന്‍ ആവശ്യമായ ഫണ്ട് സംസ്ഥാന ഗവണ്‍മെന്‍റ് ഈ വര്‍ഷത്തെ ബജറ്റില്‍ വകയിരുത്തുവാന്‍ ജില്ലാ കലക്ടര്‍ ഉടന്‍ ഇടപെട്ട് ആവശ്യമായ റിപ്പോര്‍ട്ടും പ്രോപ്പോസലും സമര്‍പ്പിക്കണമെന്ന് ജനാധിപത്യ കേരളാ കോണ്‍ഗ്രസ്സ് ജില്ലാ ഭാരവാഹികള്‍ കലക്ടര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ഡിസംബര്‍ 4 ന് ഇത് സംബന്ധിച്ച് ബഹുമാനപ്പെട്ട മുഖ്യമന്ത്രി, രാഹുല്‍ ഗാന്ധി എം.പി., പൊതുമരാമത്ത് വകുപ്പ് മന്ത്രി തുടങ്ങിയവര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്.
രാത്രികാല യാത്രാനിരോധനത്തിനും ചുരത്തില്‍ ദിനംപ്രതി അനുഭവപ്പെടുന്ന ഗതാഗത കുരുക്കിനും ശാശ്വത പരിഹാരമെന്ന നിലയില്‍ കോഴിക്കോട് – വടകര – കുറ്റ്യാടി – മാനന്തവാടി – ഗോണികുപ്പ – മൈസൂര്‍ നിര്‍ദ്ദിഷ്ട ദേശീയ പാത യാഥാര്‍ത്ഥ്യമാകുവാന്‍ കേന്ദ്ര ഗവണ്‍മെന്‍റിന് ആവശ്യമായ റിപ്പോര്‍ട്ട് നല്‍കുന്നതിന് ജില്ലയിലെ ജനപ്രതിനിധികളുടെയും രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെയും യോഗം വിളിച്ച് കൂട്ടി ആവശ്യമായ നടപടി സ്വീകരിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു. കോഴിക്കോട് – മൈസൂര്‍ ദേശീയ പാതയെ സംബന്ധിച്ച് ഈ റോഡ് കടന്നുപോകുന്ന പ്രദേശങ്ങളിലെ 7 എം.എല്‍.എ.മാരും രണ്ട് മന്ത്രിമാരും ചേര്‍ന്ന് അധികൃതര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്. ഈ റൂട്ടില്‍ രാത്രികാല യാത്രാനിരോധനം നിലവില്‍ ഇല്ലാത്തതിനാല്‍ കെ.എസ്.ആര്‍.ടി.സി. കോഴിക്കോട് നിന്ന് കുട്യാടി – മൈസൂര്‍ ഭാഗത്തേക്ക് പുതിയ ബസ്സ് സര്‍വ്വീസുകള്‍ ആരംഭിക്കുവാന്‍ നടപടിയുണ്ടാകണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
വയനാടിന്‍റെ സമഗ്ര വികസന മുന്നേറ്റത്തിനും മണിക്കൂറുകളോളം ചുരത്തില്‍ അനുഭവപ്പെടുന്ന ഗതാഗത കുരുക്കിനും പരിഹാരമെന്ന നിലയില്‍ ചുരുങ്ങിയ തുക കൊണ്ട് 6 മാസം കൊണ്ട് പൂര്‍ത്തീകരിക്കുവാന്‍ കഴിയുന്ന പടിഞ്ഞാറത്തറ – പൂഴിത്തോട് ബദല്‍ റോഡ് യാഥാര്‍ത്ഥ്യമാക്കേണ്ടത് പ്രളയകാലങ്ങളില്‍ ഒപ്പറ്റപ്പെടുന്ന വയനാടിന്‍റെ നിലനില്‍പ്പിനു തന്നെ അനിവാര്യമാണ്. സംസ്ഥാന ഗവണ്‍മെന്‍റ് ഈ പദ്ധതിക്കാവശ്യമായ തുക ബഡ്ജറ്റില്‍ വകയിരുത്തി അപേക്ഷയും പ്രൊജക്ട് റിപ്പോര്‍ട്ടും കേന്ദ്ര ഗവണ്‍മെന്‍റിന് സമര്‍പ്പിച്ചാല്‍ പ്രളയകാലത്ത് വയനാട് ഒറ്റപ്പെടുന്ന ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ 35% വനങ്ങള്‍ ഉള്ള വയനാടിന് കേന്ദ്രഗവണ്‍മെന്‍റിന്‍റെ പരിഗണന ലഭിക്കുവാനും വനത്തിലൂടെ റോഡ് വെട്ടുന്നതിന് വടക്കേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നല്‍കുന്നതുപോലെ വന നിയമങ്ങളില്‍ ഇളവ് അനുവദിച്ച് നിര്‍മ്മാണത്തിനാവശ്യമായ സാങ്കേതിക അനുമതി ലഭിക്കുവാനും സാധ്യതയുണ്ട്. 
ജില്ലാ പ്രസിഡണ്ട് കെ.എ. ആന്‍റണി, പൗലോസ് കുരിശിങ്കല്‍, വില്‍സണ്‍ നെടുംകൊമ്പില്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് നിവേദനം നല്‍കിയത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news