ഗോഡൗണുകളിലെ എൻഡോസൾഫാൻ നിർവീര്യമാക്കാൻ ഉത്പാദക കമ്പനിക്ക് തിരിച്ച് കൊടുക്കണം. – ഡോ.ദിനേശ് കർത്ത

കാസർഗോഡ് ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ പ്ലാന്‍റേഷൻ കോർപറേഷൻ ഗോഡൗണുകളിൽ സൂക്ഷിച്ചിരിക്കുന്ന എൻഡോസൾഫാൻ ജനസുരക്ഷക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത് എന്ന് കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.ദിനേശ് കർത്ത പറഞ്ഞു. ഏകദേശം 1438 ലിറ്റർ എൻഡോസൾഫാൻ കീടനാശിനിയാണ് 20 വർഷത്തോളമായി പി.സി.കെ ഗോഡൗണുകളിൽ സംഭരണികളിൽ സൂക്ഷിച്ചിരിക്കുന്നത്. പെരിയയിലെ ഗോഡൗണിൽ 914.55 ലിറ്റർ, ചീമേനിയിൽ 73.75 ലിറ്റർ, രാജപുരത്ത് 450 ലിറ്റർ എന്നിങ്ങനെ വീതമാണ് ഗോഡൗണുകളിൽ എൻഡോസൾഫാൻ ലായനി സൂക്ഷിച്ചിരിക്കുന്നത്. എൻഡോസൾഫാൻ പഴകിയ സംഭരണികളിൽ നിന്ന് ചോർന്നത് ഭീക്ഷണിയായപ്പോൾ 2012 ൽ ഓപ്പറേഷൻ ബ്ലോസം സ്പ്രിങ് എന്ന പദ്ധതിയിലൂടെ അവ പുതിയ സംഭരണികളിലേക്ക് മാറ്റിയിരുന്നു. സംഭരണികളിലെ എൻഡോസൾഫാൻ ഉടൻ നിർവീര്യമാക്കുമെന്ന് അന്ന് അധികൃതർ പ്രഖ്യാപിച്ചിരുന്നുവെങ്കിലും നടപടി ഒന്നുമുണ്ടായില്ല. എൻഡോസൾഫാൻ നിർവീര്യമാക്കുന്ന പ്രക്രിയ കാസർഗോഡ് തന്നെ നടത്തുന്നത് ജില്ലയിലെ ജനങ്ങളിൽ വലിയ ആശങ്ക ഉയർത്തുന്നുണ്ട്. എൻഡോസൾഫാൻ്റെ ദുരിതം ഏറ്റവും കൂടുതൽ അനുഭവിച്ച കാസർഗോഡിനെ വീണ്ടും ഒരു രാസ പരീക്ഷണശാലയാക്കരുത് എന്ന് ഡോ.ദിനേശ് കർത്ത ആവശ്യപ്പെട്ടു. കാസർഗോഡ് ജില്ലയിൽ വെച്ച് എൻഡോസൾഫാൻ നിർവീര്യമാക്കാനുള്ള തീരുമാനം പിൻവലിക്കണമെന്നും, ഗോഡൗണുകളിലെ എൻഡോസൾഫാൻ ഉത്പാദക കമ്പനിക്ക് തിരിച്ചു കൊടുക്കുകയാകും ഉചിതമെന്നും അദ്ദേഹം പറഞ്ഞു.



Leave a Reply