April 26, 2024

പാതിവഴിയില്‍ ആദിവാസി വീടുകള്‍: നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കണം

0
Img 20220827 Wa00612.jpg
കൽപ്പറ്റ : പാതിവഴിയില്‍ നിര്‍മ്മാണം നിലച്ച ആദിവാസി വീടുകളുടെ നിര്‍മ്മാണം അടിയന്തരമായി പൂര്‍ത്തീകരിക്കാന്‍ ജില്ലാ വികസ സമിതി യോഗം നിര്‍ദ്ദേശം നല്‍കി. ഓരോ വീടിന്റെയും നിര്‍മ്മാണം നിലച്ചതിനുള്ള കാരണങ്ങള്‍ കണ്ടെത്താന്‍ പഞ്ചായത്ത് തലത്തില്‍ കണക്കെടുപ്പ് വേണം. പട്ടികവര്‍ഗ വകുപ്പിന്റെ കണക്കനുസരിച്ച് ജില്ലയിലെ മൂന്ന് താലൂക്കുകളിലായി 2889 വീടുകളുടെ നിര്‍മ്മാണം ഇനിയും പൂര്‍ത്തിയാക്കാനുണ്ട്. ഇതില്‍ പലതും വിവിധ ഘട്ടങ്ങളില്‍ നിര്‍മ്മാണം നിലച്ചവയാണ്. ഈ സാഹചര്യത്തിലാണ് ദീര്‍ഘകാലമായി നിര്‍മ്മാണം പൂര്‍ത്തിയാകാതെ കിടക്കുന്ന വീടുകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുളള നടപടിയെടുക്കാന്‍ വകുപ്പിനോട് നിര്‍ദ്ദേശിച്ചത്. വീടുകള്‍ നവംബര്‍ 30 നകം പൂര്‍ത്തീകരിക്കാന്‍ ജില്ലാ വികസന സമിതി യോഗം നിര്‍ദ്ദേശിച്ചു. 
മാനന്തവാടി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസിന് കീഴില്‍ 1249 വീടുകളാണ് നിര്‍മ്മാണം പൂര്‍ത്തീകരിക്കാനുളളത്. ഇതില്‍ 1084 വീടുകളുടെ മേല്‍ക്കൂര വരെ പണിതിട്ടുണ്ട്. 58 വീടുകള്‍ക്ക് ആദ്യ ഗഡു തുക കൈമാറിയിട്ടും ഗുണഭോക്താക്കള്‍ നിര്‍മ്മാണം തുടങ്ങിയിട്ടില്ല. കല്‍പ്പറ്റയില്‍ 446 വീടുകളും സുല്‍ത്താന്‍ ബത്തേരിയില്‍ 1194 വീടുകളും പൂര്‍ത്തീകരിക്കാനുണ്ട്. കല്‍പ്പറ്റയില്‍ 298 വീടുകളും ബത്തേരിയില്‍ 253 വീടുകളും മേല്‍ക്കൂര വരെ നിര്‍മ്മാണം പൂര്‍ത്തിയായതാണ്. മറ്റുളളവ വിവിധ ഘട്ടങ്ങളില്‍ പ്രവൃത്തി നിലച്ചിരിക്കുകയാണ്. പരൂര്‍ക്കുന്ന്, പുതുക്കുടിക്കുന്ന്, വെള്ളപ്പന്‍കണ്ടി എന്നിവിടങ്ങളില്‍ നിര്‍മ്മിച്ച വീടുകളില്‍ വൈദ്യുതി, കുടിവെളളം എന്നിവ അടിയന്തരമായി ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് അധികൃതര്‍ക്ക് ജില്ലാ വികസന സമിതി നിര്‍ദ്ദേശം നല്‍കി. ആവയല്‍ കോളനിയിലെ കുടിവെള്ള പ്രശ്നം സെപ്തംബര്‍ 10 നകം പരിഹരിക്കും. സിസി, ആവയല്‍ പ്രദേശത്തെ വീടുകള്‍ ഓണത്തിന് മുമ്പ് ഗുണഭോക്താക്കള്‍ക്ക് കൈമാറും.
ഗോത്ര സാരഥി പദ്ധതിക്കായി ഭീമമായ തുക ചിലവഴിച്ചിട്ടും കുട്ടികള്‍ സ്‌കൂളുകളി ലേക്ക് എത്താന്‍ മടിക്കുന്നത് പരിശോധിക്കപ്പെടണമെന്ന് യോഗത്തില്‍ അഭിപ്രായ മുയര്‍ന്നു. സര്‍ക്കാര്‍ മാര്‍ഗ്ഗരേഖ അനുസരിച്ച് കുട്ടികളെ സ്‌കൂളുകളില്‍ എത്തിക്കുന്നതിന്റെ ദൂരപരിധി 500 മീറ്റര്‍ എന്നുളളത് പുന:പരിശോധിക്കപ്പെടണമെന്ന് ഒ.ആര്‍ കേളു എം.എല്‍.എ പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളുടെ ടി.എസ്.പി ഫണ്ടിന്റെ നല്ലൊരു ശതമാനവും പദ്ധതിക്കായി മാത്രം ചെലവഴിക്കപ്പെടുന്ന സാഹചര്യമാണുളളതെന്നും അദ്ദേഹം പറഞ്ഞു. ജില്ലയില്‍ ജലശക്തി അഭിയാന്‍ പദ്ധതിയുടെ നടത്തിപ്പിന് എല്ലാ വകുപ്പുകളുടെയും സഹകരണ വേണമെന്ന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. എല്ലാ സ്‌കൂളുകളിലും, സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ജലസംരക്ഷണത്തിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും സമിതി നിര്‍ദ്ദേശിച്ചു. 
പ്രളയ പുന:നിര്‍മ്മാണ ഫണ്ടില്‍ ഉള്‍പ്പെടുത്തിയ വിവിധ റോഡുകളുടെ നിര്‍മ്മാണം അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ ജില്ലാ വികസന സമിതി യോഗം അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കല്‍പ്പറ്റ ബ്ലോക്കില്‍ 6 റോഡുകളാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കാനുളളത്. പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനുളള പൊതു നിര്‍ദ്ദേശവും തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്ക് നല്‍കി. എഞ്ചിനിയറിംഗ് വര്‍ക്കുകളുടെ ആധിക്യമൂലമാണ് പലപ്പോഴും തദ്ദേശ സ്ഥാപനങ്ങളില്‍ പദ്ധതി നിര്‍വ്വഹണത്തില്‍ പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് യോഗം വിലയിരുത്തി. ഒറ്റ പദ്ധതിയായി നടപ്പാക്കാന്‍ സാധിക്കുന്നവ പോലും വിവിധ പദ്ധതികളായി മാറ്റുന്ന പ്രവണത ഒഴിവാക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു.   
കല്‍പ്പറ്റയില്‍ സ്ഥിരം സംവിധാനം ഉണ്ടാകുന്നത് വരെ ഡി അഡിക്ഷന്‍ സെന്റര്‍ താത്ക്കാലികമായി മാനന്തവാടിയില്‍ ക്രമീകരിക്കുന്നതിനുളള നടപടികള്‍ പുരോഗമി ക്കുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിമുക്തി പദ്ധതിയുമായി ബന്ധപ്പെട്ടുളള സെന്റര്‍ മാനന്തവാടിയിലേക്ക് മാറ്റുന്നതിനുളള എക്‌സൈസ് കമ്മീഷണറുടെ അനുമതി അടുത്ത ദിവസം ലഭിക്കുമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറും അറിയിച്ചു. പാതിരിപ്പാലത്തിന്റെ ഉപരിതല പാളിയില്‍ കേടുപാടുകള്‍ സംഭവിച്ച വിഷയത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ വികസന സമിതി യോഗം ദേശീയ പാത അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കേടുപാടുകള്‍ പാലത്തിന്റെ ബലത്തിനോ സുരക്ഷയ്‌ക്കോ ഭീഷണിയല്ലെന്നും ഉപരിതല പാളികള്‍ പൊളിച്ച് പണിയാനുളള നടപടി സ്വീകരിച്ച് വരികയാണെന്നും അധികൃതര്‍ യോഗത്തെ അറിയിച്ചു. 
ജില്ലാ കളക്ടര്‍ എ. ഗീത അധ്യക്ഷത വഹിച്ച വികസന സമിതി യോഗത്തില്‍ വിവിധ വകുപ്പുകളുടെ പ്ലാന്‍ ഫണ്ട വിനിയോഗവും വിലയിരുത്തി. ഒ.ആര്‍ കേളു എം.എല്‍.എ, എ.ഡി.എം എന്‍.ഐ ഷാജു, പ്ലാനിംഗ് ഓഫീസര്‍ ആര്‍. മണിലാല്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *