തീരദേശ ജനതയുടെ സമരപോരാട്ടത്തിന് പിന്തുണയുമായി കെ.സി.വൈ.എം മാനന്തവാടി രൂപത

വിഴിഞ്ഞം : തിരുവനന്തപുരം നഗരത്തിന്റെ ഭാഗമായ വിഴിഞ്ഞം പ്രദേശത്ത് നിലനിൽപ്പിനായും അതിജീവനത്തിനായും പോരാടുന്ന തീരദേശജനതയുടെ സമരപോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കെ.സി.വൈ.എം മാനന്തവാടി രൂപത. അതിജീവനത്തിനായി പോരാടുന്ന തീരദേശ ജനതയുടെ സമരപോരട്ടങ്ങൾക്ക് നീതി ലഭിക്കും വരെ പിന്തുണ അറിയിച്ചുകൊണ്ട് കെ.സി.വൈ.എം സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ നടത്തപ്പെട്ട ഏകദിന ഉപവാസ സമരത്തിൽ മാനന്തവാടി രൂപതയിൽ നിന്ന് പ്രതിനിധികൾ ഉപവാസമനുഷ്ഠിച്ചു. തീരദേശ ജനതയുടെ ആവശ്യങ്ങൾ പരിഗണിച്ച് സംസ്ഥാന സർക്കാർ അടിയന്തര ഇടപെടലുകൾ നടത്തണമെന്ന ആവശ്യം ഉന്നയിച്ചുക്കൊണ്ട് കെ.സി.വൈ.എം സംസ്ഥാന സമിതിയുടെ നിർദ്ദേശപ്രകാരം നടത്തിയ ജനകീയ ഒപ്പ് ശേഖരണത്തിൽ മാനന്തവാടി രൂപതയിലെ വിവിധ യൂണിറ്റുകളിൽ നിന്നായി ഇരുപത്തി അയ്യായിരത്തോളം പേർ പങ്കുചേർന്നു. തീരദേശ ജനതയുടെ നിലനിൽപ്പിനുമേൽ വിലങ്ങുത്തടിയായി തുടരുന്ന അശാസ്ത്രീയമായ നടപടികൾക്ക് ഉടനടി പരിഹാരം കാണാണമെന്ന ആവശ്യവുമായി ശേഖരിച്ച ഒപ്പുകൾ വിഴിഞ്ഞം സമരപന്തലിൽ വെച്ച് മാനന്തവാടി രൂപത നേതൃത്വം സംസ്ഥാന സമിതിക്ക് കൈമാറി. മാനന്തവാടി രൂപതയെ പ്രതിനിധീകരിച്ച് രൂപത പ്രസിഡന്റ് റ്റിബിൻ പാറക്കൽ, ജനറൽ സെക്രട്ടറി ഡെറിൻ കൊട്ടാരത്തിൽ, സെക്രട്ടറി ലിബിൻ മേപ്പുറത്ത്, കോർഡിനേറ്റർ ബ്രാവോ പുത്തൻപറമ്പിൽ, ആനിമേറ്റർ സി.സാലി സിഎംസി, സംസ്ഥാന സിൻഡിക്കേറ്റ് അംഗം ഗ്രാലിയ അന്ന അലക്സ് വെട്ടുകാട്ടിൽ, സംസ്ഥാന സെനറ്റ് അംഗം റ്റെസിൻ തോമസ് വയലിൽ എന്നിവർ സമരപോരാട്ടത്തിന് ഐക്യദാർഢ്യം അറിയിച്ചു.



Leave a Reply