വെങ്ങപ്പള്ളിയെ പിടിമുറുക്കി കരിങ്കൽ ഖനന മാഫിയകൾ
വെങ്ങപ്പള്ളി:വെങ്ങപ്പള്ളി പഞ്ചായത്തിൽ നിലവിലുള്ള ക്വാറികൾക്ക് പുറമെ പുതിയ ക്വാറികൾക്ക് ലൈസൻസ് നൽകാനുള്ള നടപടികൾക്കെതിരെ കർഷക കോൺഗ്രസ് വെങ്ങപ്പള്ളി മണ്ഡലം പ്രതിഷേധത്തിലേക്ക് . ജില്ലയിൽ നിലവിൽ നാല് ക്വാറികളാണ് പ്രവർത്തിക്കുന്നത്.ഈ നാല് ക്വാറികളും വെങ്ങപ്പള്ളി പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത് .ജില്ലയിൽ മറ്റ് ഒരു പഞ്ചായത്തിലും അനുവദിക്കാതെ വെങ്ങപ്പള്ളി പഞ്ചായത്തിൻ്റെ ഭൂപരിസ്ഥിതിക്ക് താങ്ങാനാവുന്നതിലുമതികം ക്വാറികൾക്ക് ലൈസൻസ് നൽകുന്നതിൽ ദുരൂഹതയുണ്ട്. . ഈ നാല് ക്വാറികൾക്ക് പുറമെ പുതുയതായി നിരവധി അപേക്ഷകളാണ് പഞ്ചായത്തിൻ്റെ പരിഗണനയിലുള്ളത്.ജില്ലയിൽ നിലവിൽ പ്രവർത്തിക്കുന്ന നാല് ക്വാറികളും പുതിയതായി പഞ്ചായത്ത് ഭരണസമിതി അനുമതി നൽകിയ മറ്റ് ക്വാറികളും ഒരേ വ്യക്തികളുടേത് തന്നെയാണ്.ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പല സ്ഥലങ്ങളിലും പഞ്ചായത്ത് ക്വാറികൾക്ക് പെർമിഷൻ കൊടുത്തിട്ടുണ്ട്. വയനാട് ജില്ലയിൽ ഏറ്റവും കൂടുതൽ ക്വാറികൾ പ്രവർത്തിച്ചിരുന്നത് ബത്തേരി താലൂക്കിലായിരുന്നു. ബത്തേരി താലൂക്കിൽ വയനാട് ജില്ലാ ദുരന്തനിവാരണ അതോറിറ്റി നടപ്പിലാക്കിയ നിരോധനം വെങ്ങപ്പള്ളി പ്രദേശത്തും നടപ്പിലാക്കണം. കാരണം ബത്തേരി താലൂക്കിനെക്കാൾ കൂടുതൽ പാരിസ്ഥിതിക ആഘാതങ്ങൾ കഴിഞ്ഞ രണ്ട് പ്രളയ കാലഘട്ടങ്ങളിലും റിപ്പോർട്ട് ചെയ്തിട്ടുള്ളത് വൈത്തിരി താലൂക്കിലാണ്.കഴിഞ്ഞ സർക്കാരിൻ്റെ കാലഘട്ടത്തിൽ തറക്കല്ലിട്ട് പ്രാരംഭ പ്രവർത്തനം ആരംഭിച്ച വയനാട് മെഡിക്കൽ കോളേജ് പ്രളയത്തിന് ശേഷം ജില്ലയിലുണ്ടായ ഉരുൾപൊട്ടൽ,മണ്ണിടിച്ചിൽ, ഭൂമി വിണ്ടു കീറൽ എന്നിവ കാരണം GSI നടത്തിയ പഠനത്തിൽ അനുയോജ്യമല്ല എന്ന് പറഞ്ഞ് സ്ഥലം മാറ്റുകയായിരുന്നു.ഇതിനോട് ചേർന്നു കിടക്കുന്ന പ്രദേശമായ വെങ്ങപ്പള്ളി പഞ്ചായത്താണ് കരിങ്കൽ ഖനന മാഫിയകൾ കയ്യടക്കി വച്ചിരിക്കുന്നത്. കേരളം മുഴുവൻ നാശം വിതച്ച മഹാപ്രളയങ്ങളും മണ്ണിടിച്ചിലുകളും ഏറ്റവും കൂടുതൽ ബാധിച്ചത് വെങ്ങപ്പള്ളി പഞ്ചായത്തിനെയാണ്. കണ്ണൂർ കേന്ദ്രീകരിച്ചുള്ള കരിങ്കൽ ഖനന മാഫിയകൾക്ക് ഭരണതലത്തിലുള്ള സ്വാധീനമാണ് മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള അനധികൃത ഖനനങ്ങൾക്ക് കൂട്ടാകുന്നത്. ഭൂമിയുടെ അടിയിൽ സ്ഥിതി ചെയ്യുന്ന പാറയുടെ മുകളിലെ മണ്ണ് നീക്കം ചെയ്താണ് ഈ ക്വാറികൾ ഖനനം നടത്തുന്നത്. ചെങ്കുത്തായി സ്ഥിതി ചെയ്യുന്ന വെങ്ങപ്പള്ളിയിലെ ഭൂപ്രകൃതിക്ക് ഈ ഖനനങ്ങൾ മൂലമുണ്ടാകുന്ന പ്രകമ്പനങ്ങൾ ക്ഷതമേൽപ്പിക്കുന്നുണ്ട്. വെങ്ങപ്പള്ളി പഞ്ചായത്തിലെ ജനങ്ങൾ നേരിട്ടുന്ന അതിരൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് പ്രധാന കാരണം ഈ കരിങ്കൽ ഖനനങ്ങളാണ്.കൂടാതെ കഴിഞ്ഞ രണ്ടു വർഷത്തെ പ്രളയത്തിൽ സംഭവിച്ച മണ്ണിടിച്ചിലുകൾക്ക് കാരണം ഈ ഖനനങ്ങൾ മൂലമുണ്ടായ പ്രകമ്പനങ്ങളാണ്.
അധികൃതയുടെ ഒത്താശയോടെ നടത്തുന്ന ഇത്തരം അനധികൃത ക്വാറികൾക്കെതിരെ കർഷക കോൺഗ്രസ് ശക്തമായ പ്രതിക്ഷേധങ്ങളും സമരപരിപാടികളും നടത്തുംമെന്ന് കർഷക കോൺഗ്രസ് വെങ്ങപ്പള്ളി മണ്ഡലം പ്രസിഡൻ്റ് ശ്രീജിത്ത് കെ.ടി. പറഞ്ഞു, ഭരത് കുമാർ, ഹനിൽ രാജ്, ഷമീർ, മോഹനൻ കെ. പി., ആൻ്റണി പി.ഡി. തുടങ്ങിയവർ പ്രസംഗിച്ചു.





Leave a Reply