April 20, 2024

സ്വപ്ന സാക്ഷാത്ക്കാരം; ബിന്ദുവിനുള്ള വീട് ഒരുങ്ങി

0
Img 20220811 Wa00542.jpg
കൽപ്പറ്റ : പന്ത്രണ്ട് വര്‍ഷമായി മാനന്തവാടിയില്‍ ഓട്ടോ ഓടിക്കുകയാണ് കുഴിനിലം സ്വദേശിയായ ബിന്ദു മോള്‍. ഷീറ്റുകൊണ്ട് മറച്ച വീട്ടില്‍ കഴിയുന്ന ബിന്ദുവിന്റെ ഏക വരുമാന മാര്‍ഗമായിരുന്നു ഓട്ടോറിക്ഷ. വയനാട് റോഡ് സേഫ്റ്റി വളണ്ടിയര്‍ കൂടിയാണ് ബിന്ദു. ഭര്‍ത്താവ് മരിച്ചു പോയ ബിന്ദുവിന്റെയും വീടിന്റെയും അവസ്ഥ മനസിലാക്കിയ റോഡ് സേഫ്റ്റി വളണ്ടിയര്‍മാരും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും സഹായ ഹസ്തവുമായി രംഗത്തിറങ്ങി. സമാധാനമായി അന്തിയുറങ്ങാന്‍ ഒരു വീട് എന്ന ബിന്ദുവിന്റെ സ്വപ്നം യാഥാര്‍ത്യമാക്കാന്‍ അവര്‍ തീരുമാനിച്ചു. വീടു നിര്‍മ്മാണത്തിലേക്കുള്ള ധനശേഖരണത്തിനായി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും റോഡ് സേഫ്റ്റി വാളണ്ടിയര്‍മാരും ശ്രമമാരംഭിച്ചു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് ഒന്നാം തീയതി വീടിന്റെ പണി ആരംഭിച്ചു. പണി ആരംഭിച്ചതോടെ സമൂഹത്തിന്റെ നാനാ കോണുകളില്‍ നിന്നുമുള്ള ധന സഹായങ്ങള്‍ ബിന്ദുവിനെ തേടി എത്താന്‍ തുടങ്ങി. അങ്ങനെ 6 ലക്ഷം രൂപ മുടക്കി ഒരു വര്‍ഷം കൊണ്ട് ബിന്ദുവിന്റെ സ്വപ്ന സൗധം യാഥാര്‍ഥ്യമായി.
കളക്ടറേറ്റില്‍ നടന്ന വാഹനീയം പരാതി പരിഹാര അദാലത്തില്‍ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ കൈയില്‍ നിന്നും പുതിയ വീടിന്റെ താക്കോല്‍ ബിന്ദു ഏറ്റുവാങ്ങി. വീട് നിര്‍മ്മാണത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചവര്‍ ബിന്ദുവിന്റെ വീടിന്റെ ഗൃഹപ്രവേശനം നാടിന്റെ ഉത്സവമാക്കി മാറ്റാന്‍ ഒരുങ്ങുകയാണ്. ഭര്‍ത്താവ് മരിച്ചപ്പോള്‍ ജീവിതത്തില്‍ കൂട്ടിനുണ്ടായിരുന്ന അമ്മ കൂടി 3 മാസം മുന്‍പ് വിട്ടു പോയതിന്റെ സങ്കടത്തില്‍ കൂടിയായിരുന്നു ബിന്ദു. എന്നാല്‍ ജീവിതത്തില്‍ നേരിടേണ്ടി വന്ന പ്രതിസന്ധികളെ തരണം ചെയ്ത് പുതിയ വീട്ടിലേക്ക് പുതിയ സ്വപ്നങ്ങളുമായ് ചേക്കേറാന്‍ ഒരുങ്ങുകയാണ് അവരിന്ന്. ഒപ്പം നിര്‍ണ്ണായക ഘട്ടത്തില്‍ തന്റെ സ്വപ്ന സാക്ഷാത്കാരത്തിന് പൂര്‍ണ്ണതയേകാന്‍ സുമനസ്സ് കാണിച്ച മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരോടും റോഡ് സേഫ്റ്റി വളണ്ടിയര്‍മാരോടും സഹപ്രവര്‍ത്തകരോടും വ്യാപാരികളോടും നാട്ടുകാരോടുമുള്ള നന്ദി വാക്കുകളിലൂടെ അറിയിക്കാനും മറന്നില്ല ബിന്ദു മോള്‍ എന്ന ഓട്ടോറിക്ഷ ഡ്രൈവര്‍.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *