April 24, 2024

ജീവനം പദ്ധതി: ഫണ്ട് ശേഖരണം ജൂണ്‍ 30 വരെ

0
കൽപ്പറ്റ: 
 
    നിരാശ്രയരായ വൃക്കരോഗികളെ സഹായിക്കാന്‍ ജില്ലാ പഞ്ചായത്ത് ഇതര തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പാക്കുന്ന ജീവനം പദ്ധതിയുടെ ഫണ്ട് ശേഖരണം ജൂണ്‍ 30 വരെ നടക്കും. 27ന് പഞ്ചായത്ത് അടിസ്ഥാനത്തില്‍ ജനപ്രതിനിധികള്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍, കുടുംബശ്രീ അംഗങ്ങള്‍, സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സമഗ്ര ഫണ്ട് ശേഖരണം നടത്തും. ജില്ലാതലത്തിലും പഞ്ചായത്ത് അടിസ്ഥാനത്തിലും ഫണ്ട് ശേഖരണോദ്ഘാടനം നടക്കും. ഭൂരിപക്ഷം തദ്ദേശസ്ഥാപനങ്ങളിലും പഞ്ചായത്ത് തല ജീവനം കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. ശേഷിക്കുന്ന പഞ്ചായത്തുകളിലെ കമ്മിറ്റി രൂപീകരണം ഉടന്‍ പൂര്‍ത്തീകരിക്കും. തുടര്‍ന്ന് കമ്മിറ്റികള്‍ യോഗം ചേര്‍ന്ന് ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനായി പാലിയേറ്റീവ് വര്‍ക്കിങ് കണ്‍വീനര്‍ മുഖേന സര്‍വേ ഫോറം വിതരണം ചെയ്യും. പൂരിപ്പിച്ച ഫോറത്തിന്റെ അടിസ്ഥാനത്തിലാവും ആനൂകൂല്യങ്ങള്‍ വിതരണം ചെയ്യുക. 
ജില്ലയില്‍ എണ്ണൂറിലധികം വൃക്കരോഗികള്‍ വിവിധ ആശുപത്രികളിലായി ഡയാലിസിസ് നടത്തുന്നുണ്ട്. നിര്‍ധന രോഗികള്‍ക്ക് ചികില്‍സാ ചെലവ് അപ്രാപ്യമാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപ ചെലവ് വരുന്ന ജീവനം പദ്ധതിക്ക് തുടക്കമിട്ടത്. ഡയാലിസിസ് ആവശ്യമായ ജില്ലയില്‍ സ്ഥിരതാമസക്കാരായ രോഗികള്‍ക്ക് അര്‍ഹമായ സാമ്പത്തിക സഹായം ലഭ്യമാക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ആദ്യഗഡുവായി ജില്ലാ പഞ്ചായത്ത് 30 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. 70 ലക്ഷം രൂപ പൊതുജനങ്ങളില്‍ നിന്നു ശേഖരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി കനറാ ബാങ്ക് കല്‍പ്പറ്റ ശാഖയില്‍ അക്കൗണ്ട് ആരംഭിച്ചു. നമ്പര്‍: 0137101063938, ഐഎഫ്എസ്‌സി കോഡ്-സിഎന്‍ആര്‍ബി0000137, എംഐസിആര്‍ കോഡ്-673015202. പദ്ധതി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് പ്രസിഡന്റ് എ പ്രഭാകരന്‍, സ്ഥിരംസമിതി അംഗം എ ദേവകി, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, തദ്ദേശസ്ഥാപന അധ്യക്ഷര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *