ശ്രീജേഷിന്റെ മരണം കൊലപാതകമെന്ന് സംശയം: വാഹനത്തിലുണ്ടായിരുന്നവരെപ്പറ്റി അന്വേഷിക്കും
കൽപ്പറ്റ: കൽപ്പറ്റ എച്ച്. ഡി.എഫ്.സി. ജീവനക്കാരനും മേപ്പാടി നെല്ലിമുണ്ട സ്വദേശിയുമായ ശ്രീജേഷ് വ്യാഴാഴ്ച രാത്രി വാഹനമിടിച്ച് മരിച്ചത് മന:പൂർവ്വമുള്ള കൊലപാതകമാണന്ന് സംശയം. ശ്രീജേഷിന്റെ സുഹൃത്തുക്കളും ബന്ധുക്കളും സംശയമുന്നയിച്ചതിനെ തുടർന്ന് പോലീസ് വിശദമായ അന്വേഷണം തുടങ്ങി. വാഹനമിടിച്ച് ശ്രീജേഷ് മരിച്ചതിനെതുടർന്ന് ക്വാളിസ് ജീപ്പ് ഓടിച്ച മേപ്പാടി സ്വദേശി ചിറക്കൽ ഷിബുവിനെ പോലീസ് അറസ്റ്റ് ചെയ്യുകയും കോടതി ഇയാളെ റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. ഐ.പി.സി. 304 വകുപ്പ് പ്രകാരമാണ് പോലീസ് കേസ് എടുത്തത്.
ഏറെ സുഹൃത്ത് വലയമുള്ള ശ്രീജേഷ് വാഹനമിടിച്ച് മരിച്ച വിവരമറിഞ്ഞതുമുതൽ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ സംശയമുന്നയിച്ചിരുന്നു. രാത്രി 10.40 നാണ് സംഭവം നടന്നത്. തൊട്ട് മുമ്പ് വരെ ശ്രീജേഷിനൊപ്പം മദ്യപിക്കാൻ മൂന്ന് പേരുണ്ടായിരുന്നു. . സംഭവം നടക്കുമ്പോൾ അറസ്റ്റിലായ ഷിബു അല്ലാതെ മറ്റ് രണ്ട് പേരും വാഹനത്തിൽ കൂടെയുണ്ടായിരുന്നു. ഇവരും ശ്രീജേഷുമായി വാക്കുതർക്കമുണ്ടായിരുന്നതായി പറയപ്പെടുന്നു. പിന്നീട് താമസ സ്ഥലത്തേക്ക് നടന്നു പോയ ശ്രീജേഷിനെ വാഹനം ഇടിച്ച് തെറിപ്പിക്കുകയും ശ്രീജേഷ് നിലത്ത് വീണപ്പോൾ നിർത്താതെ പോകുകയുമായിരുന്നു. നാട്ടുകാരാണ് ശ്രീജേഷിനെ ആശുപത്രിയിലെത്തിച്ചത്. കൂടെയുണ്ടായിരുന്നവർ ശ്രീജേഷിനെ ആശുപത്രിയിലെത്തിക്കാൻ ശ്രമിക്കുന്നതിന് പകരം പ്രതിയായ ഷിബുവിനെ രക്ഷപ്പെടുത്താനാണ് ശ്രമിച്ചതെന്ന് ആരോപണമുണ്ട്. ഇക്കാര്യങ്ങൾ പോലീസ് അന്വേഷിക്കുന്നുണ്ട്. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ അന്വേഷണം നടക്കാതെ മറ്റുള്ളവരുടെ ബന്ധത്തെക്കുറിച്ച് പറയാനാകില്ലന്നും നാട്ടുകാർ മർദ്ദിക്കുമെന്ന് ഭയന്നാണ് കൂട്ടുകാർ ഷിബുവിനെ പോലീസ് സ്റ്റേഷനിൽ എത്തിച്ചതെന്നും കൽപ്പറ്റ സി.ഐ.പറഞ്ഞു.
വാഹനമിടിച്ച ഉടൻ ആശുപത്രിയിലെത്തിച്ചങ്കിലും രക്ഷിക്കാനായില്ല. അതിനർത്ഥം ശക്തമായ ഇടിയിലാണ് മരണം സംഭവിച്ചതെന്നാണ് . ഇവർ തമ്മിൽ മുൻ വൈരാഗ്യമെന്തെങ്കിലും ഉണ്ടായിരുന്നോയെന്നും പെട്ടെന്നുള്ള പ്രകോപനമാണോ കൃത്യത്തിന് കാരണമെന്നും ഇനി പോലീസ് അന്വേഷിച്ച് വ്യക്തത വരുത്തണം.
ഇതിനിടെ ഷിബു ആയിരുന്നില്ല ആ സമയം വാഹനം ഓടിച്ചിരുന്നതെന്നും വാഹനത്തിൽ ഉണ്ടായിരുന്നവരെല്ലാം മദ്യപിച്ചിരുന്നതിനാൽ അഭിഭാഷകന്റെ സഹായത്തോടെ മദ്യപിക്കാത്ത ഒരാളെ പോലീസിൽ ഹാജരാക്കുകയായിരുന്നുവെന്നും പ്രദേശത്തെ ജനങ്ങൾ പറയുന്നു. കാര്യങ്ങളുടെ വ്യക്തതക്കായി സംഭവം നടന്ന മുനിസിപ്പാലിറ്റി ഓഫീസിന് സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിക്കേണ്ടി വരും.




Leave a Reply