കല്‍പ്പറ്റ മണ്ഡലത്തിലെ ഭൂപ്രശ്‌ന പരിഹാരം; ആഗസ്റ്റ് പത്തിനകം റിപ്പോര്‍ട്ട് തയ്യാറാക്കും
കാലങ്ങളായി തര്‍ക്കത്തില്‍പ്പെട്ടു കിടക്കുന്ന കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ വിവിധ ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിശോധിച്ച് ആഗസ്റ്റ് പത്തിനകം റിപ്പോര്‍ട്ട് തയ്യാറാക്കും. സി.കെ ശശീന്ദ്രന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. വനംവകുപ്പുമായി തര്‍ക്കത്തിലുള്ള കേസുകളും കൈവശ രേഖ, പട്ടയം തുടങ്ങിയ പ്രശ്‌നങ്ങളും യോഗത്തില്‍ ചര്‍ച്ചചെയ്തു. മൂപ്പൈനാട് വില്ലേജിലെ ക്ലബ് മട്ടം, നീലിമല, കടച്ചിക്കുന്ന്, ജയഹിന്ദ് കോളനി, ചുണ്ടേല്‍ വില്ലേജിലെ ഹാരീസണ്‍ മലയാളം പ്ലാന്റേഷന്‍ എസ്റ്റേറ്റ് ഭൂമി, മണ്ടമല, ചെമ്പ്ര എസ്റ്റേറ്റ്, പടിഞ്ഞാറത്തറ വില്ലേജിലെ കാപ്പിക്കളം, കുന്നത്ത് ഇടവക വില്ലേജിലെ അറമല, മുട്ടില്‍ സൗത്ത്-നോര്‍ത്ത് വില്ലേജ്, കല്‍പ്പറ്റ വില്ലേജിലെ ഗൂഡലായികുന്ന്, വെള്ളരിമല, വെള്ളാരംകുന്ന് പെരുംന്തട്ട തുടങ്ങിയ ഇടങ്ങളിലെ ഭൂപ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു.
വനംവകുപ്പുമായി തര്‍ക്കത്തിലുള്ള നീലിമല, കടച്ചിക്കുന്ന്, ജയഹിന്ദ് കോളനി എന്നിവിടങ്ങളില്‍ സംയുക്ത സര്‍വേ പൂര്‍ത്തിയാക്കിയിട്ടുണ്ട്. സാറ്റാലൈറ്റ് സര്‍വ്വേ ഉടന്‍ പൂര്‍ത്തിയാക്കാന്‍ സര്‍വ്വേ വകുപ്പിനോട് ആവശ്യപ്പെട്ടു. ഒന്നര ഏക്കര്‍ സ്ഥലമാണ് ക്ലബ് മട്ടത്തെ ഗോള്‍ഫ് ക്ലബിന്റെ പ്രശ്‌ന ഭൂമി. മൂപ്പൈനാട് മലയാളം പ്ലാന്റേഷന്‍ ഹൈക്കോടതിയില്‍ നിന്നും സമ്പാദിച്ച അനുകൂല വിധി പ്രദേശത്ത് തര്‍ക്കത്തില്‍പ്പെട്ടു കിടക്കുന്ന മറ്റു സര്‍വേ നമ്പറുകള്‍ക്കും ബാധകമാണോയെന്ന് പരിശോധിച്ച് ആഗസ്റ്റ് ഒന്നിനു മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കി. ആഗസ്റ്റ് രണ്ടിന് കാപ്പിക്കളം പ്രശ്‌നഭൂമിയില്‍ സംയുക്ത സര്‍വ്വേ നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കും. തുടര്‍ന്ന് അര്‍ഹരായവര്‍ക്ക് പട്ടയം നല്‍കാനുള്ള നടപടി സ്വീകരിക്കും. വൈത്തിരി അറമല ഭൂപ്രശ്‌നത്തിന് പരിഹാരം കാണാന്‍ റിസര്‍വ്വേ നടത്തും. ആദിവാസികള്‍ക്ക് നല്‍കിയ ഭൂമിയെ കൂടാതെ അധിക സ്ഥലമുണ്ടെങ്കില്‍ നിലവിലെ അര്‍ഹതപ്പെട്ട കൈവശക്കാര്‍ക്ക് നല്‍കും. മണ്ടമല ഭൂപ്രശ്‌നത്തില്‍ നിലവില്‍ ആറ് കേസുകള്‍ കോടതിയുടെ പരിഗണനയിലാണ്. ഇവിടെ ചര്‍ച്ച ചെയ്തു സമവായത്തിനുള്ള സാധ്യത പരിശോധിക്കും. മുട്ടില്‍ സൗത്ത് പൊതുമരാമത്തിന്റെ ഉടമസ്ഥതയിലുള്ള പുറമ്പോക്ക് ഭൂമിക്കും മുട്ടില്‍ നോര്‍ത്ത് ഇറിഗേഷന്‍ വകുപ്പിന്റെ ഉടമസ്ഥയിലുള്ള പുറമ്പോക്ക് ഭൂമിക്കും സ്‌കെച്ച് തയ്യാറാക്കും. നിലവില്‍ ഈ ഭൂമി വര്‍ഷങ്ങളായി കൈവശം വച്ചുതാമസിക്കുന്നവര്‍ക്ക് പട്ടയം നല്‍കുന്നതിനുള്ള നടപടി പരിശോധിച്ച് ആഗസ്റ്റ് അഞ്ചിനകം റിപ്പോര്‍ട്ട് നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്. വെള്ളാരംകുന്ന് പെരുംന്തട്ട കൈവശ ഭൂമിയില്‍ ആഗസ്റ്റ് 10ന് മുമ്പായി സര്‍വ്വേ പൂര്‍ത്തിയാക്കും. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഗുഡലായികുന്ന് ഭൂപ്രശ്‌നത്തിന് സര്‍ക്കാര്‍തലത്തില്‍ തീരുമാനമെടുക്കും.
വനം വകുപ്പുമായുള്ള ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമമുണ്ടാവുമെന്നും അതിനായി ഉദ്യോഗസ്ഥ തലത്തില്‍ യോഗം ചേരുമെന്നും സി.കെ ശശീന്ദ്രന്‍ എഎല്‍എ പറഞ്ഞു. ഭൂപ്രശ്‌നത്തില്‍ ഏതെങ്കിലും ഒരു വകുപ്പ് എടുക്കുന്ന തീരുമാനം പരിശോധിക്കാന്‍ വീണ്ടും ജോയിന്റ് സര്‍വ്വേ നടത്തുമെന്നും ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാറും അറിയിച്ചു. യോഗത്തില്‍ സബ്കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍, തഹദില്‍മാര്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




Leave a Reply