April 24, 2024

പ്രഥമശുശ്രൂഷ: 221 മാസ്റ്റര്‍ ട്രെയിനര്‍മാരുടെ പരിശീലനം പൂര്‍ത്തിയായി

0
Practical Session.jpg


കല്‍പ്പറ്റ: ആരോഗ്യകേരളം വയനാട് ആര്‍ദ്രവിദ്യാലയം പദ്ധതിയുടെ ഭാഗമായി കളക്ടറേറ്റിലെ എ.പി.ജെ. ഹാളില്‍ നടന്നുവന്ന ബി.സി.എല്‍.എസ് (ബേസിക് കാര്‍ഡിയോപള്‍മനറി ലൈഫ് സപ്പോര്‍ട്ട്) പരിശീലനം പൂര്‍ത്തിയായി. പനമരം നഴ്‌സിങ് സ്‌കൂള്‍, ആരോഗ്യവകുപ്പ്, ആരോഗ്യകേരളം, റെഡ്‌ക്രോസ് സൊസൈറ്റി, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എന്നിവയില്‍ നിന്നുള്ള 221 മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്കാണ് പരിശീലനം നല്‍കിയത്. അടിയന്തര ഘട്ടങ്ങളില്‍ പകച്ചുനില്‍ക്കാതെ സമയോചിതമായി ഇടപെടാന്‍ ഇവരെ പ്രാപ്തരാക്കും വിധമായിരുന്നു വിവിധ സെഷനുകള്‍. പ്രായോഗിക പരിശീലനത്തിനു ശേഷം എഴുത്തുപരീക്ഷയുമുണ്ടായിരുന്നു. ഇവര്‍ക്ക് ഇന്ത്യന്‍ റെസുസിറ്റേഷന്‍ കൗണ്‍സിലിന്റെ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും. ജില്ലയിലെ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലെ 80,000 കുട്ടികള്‍ക്ക് മാസ്റ്റര്‍ ട്രെയിനര്‍മാര്‍ പ്രഥമശുശ്രൂഷാ പരിശീലനം നല്‍കും. ഇന്ത്യന്‍ സൊസൈറ്റി ഓഫ് അനസ്‌തേഷ്യോളജിസ്റ്റ്‌സ് (ഐ.എസ്.എ), ഇന്ത്യന്‍ റെസുസിറ്റേഷന്‍ കൗണ്‍സില്‍ (ഐ.ആര്‍.സി) എന്നിവയുടെ സഹകരണത്തോടെ ജില്ലാ ഭരണകൂടം, ആരോഗ്യവകുപ്പ്, ആരോഗ്യകേരളം വയനാട് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു പരിശീലനം. ഐ.ആര്‍.സിയില്‍ നിന്നുള്ള ഡോ. ബാബു വര്‍ഗീസ്, ഡോ. ഇ.കെ.എം. അബ്ദുള്‍ നാസര്‍, ഡോ. ബിനില്‍ ഐസക് മാത്യു, ഡോ. പി ശശിധരന്‍, ഡോ. മഞ്ജിത് ജോര്‍ജ്, ഡോ. വിനോദ് എസ് നായര്‍, ഡോ. വിജീഷ് വേണുഗോപാല്‍, ഡോ. ഡൊമിനിക് മാത്യു, ഡോ. രഞ്ജു നൈനാന്‍, ഡോ. തസ്ലീം ആരിഫ്, ഡോ. പോള്‍ ഒ റാഫേല്‍, ഡോ. സല്‍മാന്‍, ഡോ. കൃഷ്ണന്‍ ജിതേന്ദ്രനാഥ്, ഡോ. ചന്ദ്രന്‍ എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. 
സമാപന സമ്മേളനത്തില്‍ ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ബി അഭിലാഷ് അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ സൊസൈറ്റി ഓഫ് അനസ്‌തേഷ്യോളജിസ്റ്റ്‌സ് കേരള ഘടകം പ്രസിഡന്റ് ഡോ. നാസര്‍, സെക്രട്ടറി ഡോ. ബിനില്‍ മാത്യു, ജില്ലാ പ്രസിഡന്റ് ഡോ. ബാബു വര്‍ഗ്ഗീസ്, സെക്രട്ടറി ഡോ. ജിതേന്ദ്രനാഥ്, ഡിസ്ട്രിക്ട് പി.ആര്‍.ഒ കെ ഷമീര്‍, ഡി.എ.സി സജേഷ് ഏലിയാസ്, ഡി.എ.ഒ സന്ദീപ്, ബയോമെഡിക്കല്‍ എന്‍ജിനീയര്‍ സ്വപ്‌ന അനു ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു. പരിശീലകര്‍ക്കുള്ള ആരോഗ്യകേരളം വയനാടിന്റെ ഉപഹാരം ഡി.പി.എം. ഡോ. ബി അഭിലാഷ്, ആരോഗ്യകേരളം സീനിയര്‍ പബ്ലിക് റിലേഷന്‍സ് ഓഫിസര്‍ എ ഗിരീഷ് എന്നിവര്‍ കൈമാറി. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news