March 28, 2024

കുട്ട – ഗോണിക്കുപ്പ ബദൽ പാതക്ക് വേണ്ടി സർക്കാർ പരസ്യ നിലപാട് എടുക്കുകയാണെന്ന് നീലഗിരി വയനാട് എൻ.എച്ച് ആൻഡ് റെയിൽവേ ആക്ഷൻ കമ്മറ്റി

0
Img 20200115 Wa0085.jpg
ബത്തേരി:
രാത്രിയാത്രാ നിരോധന കേസിൽ സുപ്രീം കോടതിയിൽ കുട്ട – ഗോണിക്കുപ്പ ബദൽ പാതക്ക് വേണ്ടി സർക്കാർ പരസ്യ നിലപാട് എടുക്കുകയാണെന്ന് നീലഗിരി വയനാട് എൻ.എച്ച് ആൻഡ് റെയിൽവേ ആക്ഷൻ കമ്മറ്റി. നഞ്ചൻകോഡ് സുൽത്താൻ ബത്തേരി നിലമ്പൂർ റെയിൽപാത അട്ടിമറിച്ച് തലശ്ശേരി മൈസൂർ റയിൽപാത കൊണ്ടുവരാൻ നടത്തുന്ന ശ്രമങ്ങൾക്ക് സമാനമാണ് ഇതെന്നും ആക്ഷൻ കമ്മറ്റി.മുഖ്യമന്ത്രി ഡോക്ടർ ഇ.ശ്രീധരനുമായി ചർച്ച നടത്തിയാൽ തീരുന്ന പ്രശ്നങ്ങൾ മാത്രമെ നഞ്ചൻ ഗോഡ് – വയനാട് – നിലമ്പൂർ റെയിൽ പാതക്കുള്ളു. എന്നാൽ ഒരു ഗുഡ സംഘം മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഇതേ സംഘമാണ് മന്ത്രിമാരെയും ,ജനപ്രതിനിധികളെയും നോക്കുകുത്തികളാക്കി നിർത്തി മഖ്യമന്ത്രിയുടെ ഓഫീസിൽ സ്വാധീനം ചെലുത്തി ബദൽ പാതക്ക് അനുകൂലമായ സത്യവാങ്മൂലങ്ങൾ സുപ്രീം കോടതിയിൽ ഫയൽ ചെയ്യിപ്പിക്കുന്നത്. ഒരു റിട്ടയേർഡ് വനം വകുപ്പ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള ഗൂഡ സംഘമാണ് ഇതിന് പിന്നിൽ. രാഷ്ടീയ സ്വാധീനമുപയോഗിച്ച് സർക്കാരിന്റെ ഒരു നിർണ്ണായക ഉപദേശക സ്ഥാനത്ത് കയറി കൂടിയ ഇയാൾ ഉദ്യോഗസ്ഥരെയും മറ്റും ഭീഷണിപ്പെടുത്തിയാണ് നഞ്ചൻ ഗോഡ് ,നിലമ്പൂർ റയിൽ പാതയുടെ തുടർ പ്രവർത്തനങ്ങൾ തടയുന്നതും ,ബദൽ പാതക്ക് അനുകൂലമായ സത്യവാങ്മൂലങ്ങൾ തയ്യാറാക്കിക്കുന്നതും. രാത്രിയാത്രാ നിരോധനക്കേസിൽ സുപ്രീം കോടതിയിൽ ഫയൽ ചെയ്യേണ്ട സത്യവാങ്മൂലം സംബന്ധിച്ച് രണ്ട് മന്ത്രിമാർ ജനപ്രതിനിധികളുമായി ചർച്ച നടത്തിയ ഡിസംബർ 12ന് രണ്ട് ദിവസം മുൻപ് ബദൽ പാതക്ക് അനുകൂലമായ വിധത്തിൽ സുപ്രീം കോടതിയിൽ സത്യവാങ് മൂലം ഫയൽ ചെയ്ത് ചർച്ച പ്രഹസനമാക്കിയതിന്  പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. പുതിയ സത്യവാങ്മൂലത്തിനായി സംസ്ഥാന സർക്കാർ തയ്യാറാക്കിയ കരടിൽ ബദൽ പാതക്ക് അനുകൂലമായ പരസ്യനിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. പനമരം പയ്യമ്പള്ളി കുട്ട ഗോണിക്കുപ്പവഴി പുതിയ ഒരു ബദൽ പാത കൂടി ഇപ്പോൾ സംസ്ഥാന സർക്കാർ നിർദ്ദേശിച്ചിരിക്കുകയാണ്. ഈ ലോബിക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള സ്വാധീനമാണ് ഇത് വ്യക്തമാക്കുന്നതെന്നും ആക്ഷൻ കമ്മറ്റി ഭാരവാഹികൾ കുറ്റപ്പെടുത്തി. നഞ്ചൻകോഡ് ,വയനാട് ,നിലമ്പൂർ റയിൽ പാത അഞ്ച് വർഷം കൊണ്ട് പൂർത്തിയാക്കാമെന്ന് ഡോ.ഇ.ശ്രീധരൻ ഉറപ്പ് നൽകിയതാണ്. ഇപ്പോൾ 5 വർഷം കഴിഞ്ഞിരിക്കുന്നു. പാതയുടെ ഒന്നാം ഘട്ടം പൂർത്തിയാവേണ്ട സമയം ആയിരിക്കുന്നു. ഡി.എം.ആർ.സിക്ക് പ്രാരംഭ പ്രവർത്തനത്തിന് 2 കോടി രൂപ അവരുടെ അക്കൗണ്ടിൽ നിക്ഷേപിച്ചു കൊണ്ട് കേരള സർക്കാർ ഇറക്കിയ ഉത്തരവ് ഉന്നത തലത്തിലെ നിർദ്ദേശം കൊണ്ട് തടഞ്ഞുവെച്ചാണ് പദ്ധതി അട്ടിമറിച്ചത്. യാതൊരു സർക്കാർ ഉത്തരവും ഇല്ലാതെയാണ് അവിഹിതമായി ഈ തുക തടഞ്ഞുവെച്ചത്. മറ്റ് പ്രദേശങ്ങളുടെ വികസനത്തിനു വേണ്ടി അവിഹിത സ്വാധീനത്തിന് വഴങ്ങി വയനാടിന ബലി കൊടുക്കുന്ന സമീപനമാണ് ഇതെന്നും ഈ സാഹചര്യത്തിൽ വയനാടിന്റെ സ്വപ്ന പദ്ധതികൾ അട്ടിമറിക്കുന്നതിനെതിരെ ശക്തമായ ജനകീയ പ്രതിഷേധം ഉയർന്നു വരേണ്ടതാണെന്നും അതിന് തുടക്കം കുറിക്കുന്നതിനായി നീലഗിരി വയനാട് എൻ.എച്ച് ആൻഡ് റെയിൽവേ ആക്ഷൻ കമ്മറ്റി പതിനേഴാം തിയ്യതി വെള്ളിയാഴ്ച്ച വൈകിട്ട് മൂന്ന് മണി മുതൽ ബത്തേരി സ്വതന്ത്ര മൈതാനിയിൽ പ്രതിഷേധ ധർണ നടത്തുമെന്നും ഭാരവാഹികളായ അഡ്വ.ടി.എം റഷീദ് ,വിനയകുമാർ അഴിപ്പുറത്ത് ,അഡ്വ.പി.വേണു ഗോപാൽ ,നാസർ കാസിം തുടങ്ങിയവർ പറഞ്ഞു.
      (  ജയരാജ് ബത്തേരി )
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *