March 29, 2024

വംശനാശം നേരിടുന്ന വൃക്ഷ ഇനങ്ങളുടെ സംരക്ഷണം: ‘ഗോഡ് ട്രീസ്’ കാമ്പയിനുമായി സ്വാമിനാഥന്‍ ഫൗണ്ടേഷന്‍

0
കൽപ്പറ്റ: 
-ഭൂമുഖത്തുനിന്നു അപ്രത്യക്ഷമാകുന്ന  വൃക്ഷ ഇനങ്ങളുടെ സംരക്ഷണത്തിനും വംശവര്‍ധനനവിനും 'ഗോഡ് ട്രീസ്'(ഗ്രോയിംഗ് ഔര്‍ ഡൈയിംഗ് ട്രീസ്)കാമ്പയിനുമായി ഡോ.എം.എസ്.സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ പുത്തുര്‍വയല്‍ ഗവേണനിലയം. അപൂര്‍വവും തദ്ദേശീയവുമായതില്‍ പരമാവധി വൃക്ഷ ഇനങ്ങളെ വംശനാശത്തില്‍നിന്നു രക്ഷിക്കുന്നതിനു ഫൗണ്ടേഷന്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആവിഷ്‌കരിച്ചതാണ് 'ഗോഡ് ട്രീസ്' കാമ്പയിനെന്നു സീനിയര്‍ ഡയറക്ടര്‍ ഡോ.എന്‍.അനില്‍കുമാര്‍ പറഞ്ഞു. വംശനാശത്തിന്റെ വക്കോളമെത്തിയ വൃക്ഷ ഇനങ്ങള്‍ കേരളത്തിലെ വൃദ്ധിക്ഷയം നേരിടുന്ന കാവുകളിലടക്കം നട്ടുപരിപാലിക്കുകയും ആവാസവ്യവസ്ഥയെ പരിപോഷിപ്പിക്കുകയുമാണ് ഡോ.എം.എസ്. സ്വാമിനാഥന്റെ 100-ാം ജന്‍വര്‍ഷമായ  2025ഓടെ പൂര്‍ത്തിയാക്കാനുദ്ദേശിക്കുന്ന കാമ്പയിന്‍ ലക്ഷ്യം. 
സാമൂഹിക, സാംസ്‌കാരിക, സാമ്പത്തിക മണ്ഡലങ്ങളും ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ് ഭാരതത്തിലെ വൃക്ഷ ഇനങ്ങളില്‍ പലതും. ഇന്ത്യയില്‍ മാത്രം 1,000ല്‍ പരം ഇനം വൃക്ഷങ്ങളാണ് വംശനാശം നേരിടുന്നത്. പശ്ചിമഘട്ട, ഹിമാലയന്‍ മലനിരകളിലുള്ള ഈ വൃക്ഷ ഇനങ്ങളില്‍ 20-30 ശതമാനം എന്നേക്കുമായി ഇല്ലാതാകുന്നതിനു അധികകാലമെടുക്കില്ലെന്നാണ് പരിസ്ഥിതി രംഗത്തെ വിദഗ്ധരുടെ അനുമാനം. എന്നിരിക്കെ  'ഗോഡ് ട്രീസ്' കാമ്പയിന്‍ ഏറെ പ്രസക്തമാണെന്നു ഡോ.അനില്‍കുമാര്‍ പറഞ്ഞു. 
100ല്‍ പരം ഇനം മരങ്ങള്‍ പുത്തൂര്‍വയല്‍ ഗവേഷണനിലയം വളപ്പില്‍ സംരക്ഷിക്കുന്നുണ്ട്. 
      പശ്ചിമഘട്ടത്തില്‍ മാത്രം കാണുന്ന ഈ വൃക്ഷ ഇനങ്ങളെ അപൂര്‍വം, തദ്ദേശീയം, പവിത്രം, വംശനാശം നേരിടുന്നവ എന്നിങ്ങനെ നാലു ഗണങ്ങളായാണ്  തരംതിരിച്ചിരിക്കുന്നത്. ഓരോ ഗണത്തിലും കുറഞ്ഞതു 25 ഇനം വൃക്ഷങ്ങളാണുള്ളത്. വംശവര്‍ധന മുന്‍നിര്‍ത്തി ഓരോ ഇനം വൃക്ഷത്തിന്റെയും  തൈകള്‍ ഗവേഷണനിലയത്തില്‍ ഉത്പാദിപ്പിക്കുന്നുണ്ട്. ഈ തൈകളാണ് കാമ്പയിന്റെ ഭാഗമായി കാവുകളിലടക്കം നട്ടുപരിപാലിക്കുക. അടുത്തിടെ ആര്‍ബ്‌നെറ്റ് അക്രഡിറ്റേഷന്‍ ലഭിച്ചതാണ് ഗവേഷണനിലയത്തിലെ വൃക്ഷോദ്യാനം. 
തൈകള്‍ നടുന്നതിനു യോജിച്ച 100 കാവുകള്‍ തിരുവനന്തപുരത്തിനും കാസര്‍ഗോഡിനുമിടയില്‍ ക്ഷേത്രങ്ങളോടു ചേര്‍ന്നു ഫൗണ്ടേഷന്‍ കണ്ടെത്തിയിട്ടുണ്ട്. ക്ഷേത്രാധികൃതരുടെ പങ്കാളിത്തത്തോടെയാണ് കാവുകളില്‍ തൈകള്‍ നട്ടുപരിപാലിക്കുക. ഓരോ കാവിലും 100 ഇനം വൃക്ഷങ്ങളുടെ തൈകള്‍ നടാനാണ് ആലോചന.  
 
   വംശനാശം നേരിടുന്ന വൃക്ഷങ്ങളുടെ സംരക്ഷണത്തില്‍ വ്യക്തികളുടെയും സംഘടനകളുടെയും  സഹകരണവും തേടും. രണ്ടു മുതല്‍ ആയിരം വരെ തൈകളുടെ നടീലും സംരക്ഷണവും വ്യക്തികള്‍ക്കും സംഘടനകള്‍ക്കും സ്‌പോണ്‍സര്‍ ചെയ്യാം. സ്‌പോണ്‍സര്‍ നിര്‍ദേശിക്കുന്നിടത്തു സ്ഥലലഭ്യതയനുസരിച്ചു  ഫൗണ്ടേഷന്‍ പ്രതിനിധികള്‍ തൈകള്‍ നട്ടുകൊടുക്കും.തൈകളുടെ വളര്‍ച്ചയുടെ ഘട്ടങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് ഫൗണ്ടേഷന്‍ സ്‌പോണ്‍സര്‍ക്കു ലഭ്യമാക്കും.തൈ ഒന്നിനു സ്‌പോണ്‍സര്‍ ആയിരം രൂപ നല്‍കണം. സ്‌പോണ്‍സര്‍മാര്‍ക്കു പണം അടയ്ക്കുന്നതിനു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കല്‍പറ്റ ശാഖയില്‍ 37713075372 നമ്പരില്‍(ഐഎഫ്എസ് കോഡ്-എസ്ബിഐഎന്‍0070192) അക്കൗണ്ട് തുറന്നതായും ഡോ.അനില്‍കുമാര്‍ പറഞ്ഞു. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *