April 20, 2024

വയനാട് പാക്കേജില്‍ നിന്നും 1000 കോടി രൂപ തുരങ്കപാതക്കായി മാറ്റിയതിന് പിന്നിൽ ഗൂഢ നീക്കം; പശ്ചിമഘട്ട സംരക്ഷണ സമിതി

0
Img 20211006 Wa0035.jpg
കല്‍പ്പറ്റ: വയനാടിന്റെ സമഗ്ര പുരോഗതിക്കായി വകയിരുത്തിയ വയനാട് പാക്കേജില്‍ നിന്നും 1000 കോടി രൂപ തുരങ്കപാതക്കായി മാറ്റിയതിന്റെ പിന്നില്‍ ഗൂഢമായ നീക്കമുണ്ടെന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി. വയനാടിന് യാതൊരുവിധ നേട്ടങ്ങളുമില്ലാത്ത തുരങ്കപാതയുടെ പേരില്‍, വയനാടിന്റെ അവകാശം തട്ടിയെടുക്കുന്ന ശക്തികള്‍ക്കെതിരെ ജില്ലയിലെ രാഷ്ട്രീയ മണ്ഡലം ഉണരണമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തുരങ്കപാതയുമായി ബന്ധപ്പെട്ട കരട് നിര്‍ദ്ദേശം 15ന് സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നാണ് വിവരം. ഇത് സംബന്ധിച്ച് രണ്ടാഴ്ച മുമ്പ് ജില്ലാ ഭരണകൂടം വിളിച്ചു ചേര്‍ത്ത യോഗത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെ വിളിക്കുകയും പാരിസ്ഥിതിക സംഘടനകളെ തഴയുകയും ചെയ്തതിലെ മാനദണ്ഡമെന്താണെന്ന് മനസ്സിലാവുന്നില്ലെന്നും ജില്ലയില്‍ നിന്നും വോട്ട് തേടുന്ന രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്ക് ജില്ലയോട് ഒരു പ്രതിബദ്ധതയുമില്ലെന്നും അവര്‍ പറഞ്ഞു.
കോഴിക്കോട്, കണ്ണൂര്‍ വ്യവസായ ലോബികളും, രാഷ്ട്രീയ കൂട്ടുകെട്ടും തയ്യാറാക്കിയ അവരുടെ സ്വപ്ന പദ്ധതിയാണിത്. കെ റെയില്‍ വിഹിതം തുടങ്ങി അവര്‍ ആവിഷ്‌കരിക്കുന്ന പദ്ധതികള്‍ക്കാവശ്യമായ പ്രകൃതി വിഭവ ശേഖരമാണ് തുരങ്കപാത പദ്ധതിയിലൂടെ അവര്‍ ലക്ഷ്യമിടുന്നത്. ആസ്പിരേഷന്‍ ഡിസ്ട്രിക്ട് എന്ന പരിഗണന ജില്ലക്ക് ഉണ്ടെന്ന മറവില്‍ ഈ പദ്ധതിക്കാവശ്യമായ അനുമതികള്‍ എളുപ്പത്തില്‍ നേടാനാകുമെന്നാണ് ഈ ലോബികള്‍ കണക്കുകൂട്ടുന്നത്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാണ് വിനോദസഞ്ചാരികളെ വയനാട്ടിലേക്ക് ആകര്‍ഷിക്കുന്നത്. അതിന് ഉപരിതല ഗതാഗതം മാത്രമാണ് ഏക മാര്‍ഗം. ഏറ്റവും തിരക്കേറിയ താമരശ്ശേരി ചുരത്തിലെ ആറ്, ഏഴ്, എട്ട്, മൂന്ന് ഹെയര്‍പിന്‍ ഭാഗങ്ങളില്‍ റോഡിന്റെ ആവശ്യത്തിനായി വനംവകുപ്പ് ഭൂമി വിട്ടു നല്‍കിയതാണ്. ഒന്നാം ഹെയര്‍പിന്‍ പ്രദേശത്തെ സ്വകാര്യ ഭൂഉടമസ്ഥരും ഭൂമി വിട്ടു നല്‍കാന്‍ തയ്യാറാണ്. ഈ വസ്തുതകളെല്ലാം മറച്ചുവെച്ച് കൃത്രിമ ഗതാഗത തടസ്സം സൃഷ്ടിച്ച് തുരങ്കപാതക്കനുകൂലമായി പിന്തുണ നേടുകയാണ് ഭരണകൂടം. ചുരം റോഡുകളും ജില്ലയിലെ ഗ്രാമീണ മേഖലയിലെ റോഡുകളും ശാസ്ത്രീയമായി നിര്‍മിക്കാന്‍ കഴിഞ്ഞാല്‍ തന്നെ എല്ലാ യാത്രാ പ്രശ്‌നങ്ങളും തീരും. തുരങ്കപാത സൃഷ്ടിക്കുന്ന പാരിസ്ഥിതിക ഭവിഷ്യത്തുകള്‍ മുന്‍നിര്‍ത്തി വിഷയം ജനശ്രദ്ധയിലെത്തിക്കാന്‍ സംസ്ഥാന വ്യാപകമായി ബോധവത്ക്കരണ പരിപാടികള്‍ നടത്താനും ഇതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചു. വാര്‍ത്താസമ്മേളനത്തില്‍ വര്‍ഗീസ് വട്ടേക്കാട്ടില്‍, എ എന്‍ സലീംകുമാര്‍, കെ വി പ്രകാശ്, പി സി സുരേഷ് എന്നിവര്‍ പങ്കെടുത്തു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news