May 9, 2024

പട്ടികവര്‍ഗ തൊഴിലാളികള്‍ക്ക് ആവേശം പകര്‍ന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കല്‍പ്പറ്റ അമൃദ് സന്ദർശിച്ചു

0
Img 20211006 Wa0040.jpg
കൽപ്പറ്റ: തൊഴി്ല്‍രഹിതരായ പട്ടികവര്‍ഗക്കാരുടെ നൈപുണിക വികസനവും തൊഴില്‍ പരിശീലനവും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന കല്‍പ്പറ്റയിലെ അംബേദ്കര്‍ മെമ്മോറിയല്‍ റൂറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട ഫോര്‍ ഡവലപ്‌മെന്റ് (അമൃദ്) ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സന്ദര്‍ശിച്ചു. നാലു ദിവസത്തെ വയനാട് സന്ദര്‍ശനത്തിനെത്തിയ ഗവര്‍ണര്‍ ബുധനാഴ്ച രാവിലെ 10.15 നാണ് ജില്ലയിലെ ആദ്യ സന്ദര്‍ശന കേന്ദ്രമായ അമൃദിലെത്തിയത്. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍പെഴ്‌സണായ ജില്ലാ കലക്ടര്‍ എ. ഗീതയുടെ നേതൃത്വത്തില്‍ ഗവര്‍ണറെ സ്വീകരിച്ചു.

അമൃദിലെ ഓരോ തൊഴില്‍ യൂണിറ്റിലും നേരിട്ടെത്തി തൊഴിലാളികളില്‍ നിന്ന് ഗവര്‍ണര്‍ വിവരങ്ങള്‍ ചോദിച്ചറിയുകയും കുശലാന്വേഷണം നടത്തുകയും ചെയ്തു. പ്ലാസ്റ്റിക് വെല്‍ഡിങ് യൂണിറ്റ്, ഓഫ്‌സെറ്റ് പ്രിന്റിങ് പ്രസ്സ്, ബുക്ക് ബൈന്‍ഡിങ് യൂണിറ്റ്,  നോട്ടുബുക്ക് നിര്‍മ്മാണം, ഡ്രസ്സ് സ്റ്റിച്ചിങ് യൂണിറ്റ്, കരകൗശല വസ്തു നിര്‍മ്മാണ യൂണിറ്റ് എന്നിവിടങ്ങളിലെല്ലാം കയറിയിറങ്ങി പ്രവര്‍ത്തനരീതികള്‍ ചോദിച്ചറിയുകയും കരവിരുതുകള്‍ കൗതുകത്തോടെ നോക്കിക്കാണുകയും ചെയ്തു. നിലവില്‍ 43 പട്ടികവര്‍ഗക്കാരും രണ്ട് പട്ടികജാതിക്കാരും തൊഴിലെടുക്കുന്ന അമൃദിന്റെ പ്രവര്‍ത്തനങ്ങളില്‍ ഗവര്‍ണര്‍ സംതൃപ്തി രേഖപ്പെടുത്തുകയും എല്ലാ പരിഗണനയും അര്‍ഹിക്കുന്ന ഈ ജനവിഭാഗത്തെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിന് സര്‍വ്വ പിന്തുണയും പ്രോത്സാഹനവും നല്‍കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു. ഓരോ വര്‍ഷവും നൂറുകണക്കിന് പട്ടികവര്‍ഗക്കാര്‍ക്ക് സ്ഥാപനം തൊഴില്‍ പരിശീലനം നല്‍കുന്നുവെന്നത് സന്തോഷകരമാണെന്ന് അദ്ദേഹം പറഞ്ഞു.

അമൃദിലെ പട്ടികവര്‍ഗക്കാരായ തൊഴിലാളികളെ നേരിട്ട് അഭിനന്ദിക്കുകയും ആശീര്‍വദിക്കുകയും ചെയ്ത ഗവര്‍ണര്‍ അവരോടൊപ്പം ഗ്രൂപ്പ് ഫോട്ടോക്കും സെല്‍ഫിക്കും പോസ് ചെയ്താണ് മടങ്ങിയത്. കരകൗശല നിര്‍മ്മാണ യൂണിറ്റില്‍ നിന്ന് രണ്ട് ഗണപതി വിഗ്രങ്ങളും ഒരു ശിവലിംഗവും ഒരു ഗരുഡനും ഗവര്‍ണര്‍ വിലകൊടുത്തുവാങ്ങി. തൊഴിലാളികള്‍ക്ക് ആവേശവും കരുത്തും പകര്‍ന്ന് അര മണിക്കൂര്‍ സമയം അദ്ദേഹം അമൃദില്‍ ചെലവഴിച്ചു.

ജില്ലാ പൊലീസ് മേധാവി ഡോ. അരവിന്ദ് സുകുമാര്‍, ഗവര്‍ണറുടെ എ.ഡി.സി അരുള്‍ ആര്‍.ബി കൃഷ്ണ, എ.ഡി.എം ഷാജു എന്‍.ഐ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. മുഹമ്മദ്, ഐ.ടിഡി.പി പ്രോജക്ട് ഡയറക്ടര്‍ ചെറിയാന്‍, ടി.ഡി.ഒ.മാരായ സി. ഇസ്മായില്‍, ജി. പ്രമോദ്, അമൃദ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ശിവശങ്കരന്‍ സി. തുടങ്ങിയവര്‍ അനുഗമിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *