അഗതിമന്ദിരങ്ങളെ ആശ്രയിക്കുന്നവരുടെ എണ്ണം കുറയുന്നു

മാനന്തവാടി: സര്‍ക്കാരിന്റെ കരുതലിന്റെ ഭാഗമായി വയനാട് ജില്ലയില്‍ അഗതിമന്ദിരങ്ങളെ ആശ്രയിക്കുന്നവരുടെ എണ്ണം കുറയുന്നു. 2011-12 കാലയളവില്‍ സര്‍ക്കാര്‍ , സ്വകാര്യ അഗതി മന്ദിരങ്ങളില്‍ 1970 പേരുണ്ടായിരുന്നിടത്ത് 2020 – 21 ല്‍ അത് 1439 ആയി കുറഞ്ഞു കഴിഞ്ഞ മൂന്നുവര്‍ഷത്തെ കണക്ക് പരിശോധിക്കുമ്പോള്‍ അഗതിമന്ദിരങ്ങളെ ആശ്രയിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു വരുന്നുണ്ട്.
നിയമസഭയില്‍ മാനന്തവാടി എംഎല്‍എ ഒ.ആര്‍. കേളു ഉന്നയിച്ച ചോദ്യത്തിനു മറുപടിയായി മന്ത്രി ഡോ.ആര്‍.ബിന്ദു നല്‍കിയ മറുപടിയിലാണ് അഗതിമന്ദിരങ്ങളെ ആശ്രയിക്കുന്നവരുടെ എണ്ണം കുറഞ്ഞു വരുന്നതായി വ്യക്തമാകുന്നത്.യഥാസമയം ക്ഷേമ പെന്‍ഷന്‍ കൈകളിലെത്തുന്നതും കിറ്റുകള്‍ വീടുകളിലെത്തുന്നതും സാധാരണക്കാര്‍ക്ക് ഏറെ ആശ്വാസമാണ്. ആരും പട്ടിണി കിടക്കരുതെന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് യഥാസമയം ക്ഷേമ പെന്‍ഷനുകള്‍ കൈകളിലെത്തുന്നത്. സര്‍ക്കാരിന്റെ ഈ കരുതലാണ് അഗതിമന്ദിരത്തിലെത്താന്‍ ആളുകളെ പിന്‍തിരിപ്പിക്കുന്നതെന്ന് എംഎല്‍എ ഒ ആര്‍ കേളു
പറഞ്ഞു.ഇതിനു പുറമേ പ്രായമായ രക്ഷിതാക്കളെ സംരക്ഷിക്കാത്തവര്‍ക്കെതിരെ ശക്തമായ നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതും അഗതി മന്ദിരങ്ങളില്‍ ആളെത്തുന്നത് കുറയാന്‍ കാരണമായിട്ടുണ്ട്. ജില്ലയില്‍ സര്‍ക്കാര്‍ മേഖലയില്‍ ഒരു അഗതി മന്ദിരവും ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ അംഗീകാരത്തോടെ സ്വകാര്യ മേഖലയില്‍ 63 അഗതി മന്ദിരങ്ങളുമാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്.



Leave a Reply