ക്ഷേത്രമുറ്റത്ത് അധ്യാപികമാരും വിദ്യാര്‍ഥിനികളും അവതരിപ്പിച്ച നൃത്തം വൈറലാകുന്നു


Ad
പുല്‍പ്പള്ളി: കോവിഡ് കാലത്തെ വിരസത മാറ്റാനും, മാനസിക സമ്മര്‍ദ്ദങ്ങളെ മറികടക്കാനും നൃത്തപരിശീലനത്തില്‍ സജീവമായ അധ്യാപികമാരും, വിദ്യാര്‍ത്ഥിനികളും ക്ഷേത്രമുറ്റത്ത് അവതരിപ്പിച്ച നൃത്തം സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നു. ചിലങ്ക നാട്യകലാകേന്ദ്രത്തിന്റെ ഉടമയായ കലാമണ്ഡലം റെസി ഷാജിദാസിന്റെ ശിക്ഷണത്തിലാണ് അധ്യാപികമാരായ സൗമ്യ ജയരാജ്, ആശ, ജോര്‍ല എന്നിവരും ഡിഗ്രി വിദ്യാര്‍ത്ഥിനികളായ റിഷിപ്രഭ, നിയ, ബിടെകിന് പഠിക്കുന്ന അശ്വതി എന്നിവര്‍ പുല്‍പ്പള്ളി സീതാ ലവ കുശക്ഷേത്രാങ്കണത്തില്‍ ചുവടുകള്‍ വെച്ചത്. നവരാത്രി മഹോത്സവ കാലമായതിനാല്‍ സരസ്വതി സ്തുതിക്കാണ് ആറ് പേരും ചേര്‍ന്ന് മനോഹരമായ ചുവടുകള്‍ വെച്ചത്. പനമരം ഗവ. ടി ടി ഐയിലെ അധ്യാപികമായ സൗമ്യജയരാജും, കാപ്പിസെറ്റ് ഗവ. സ്‌കൂളിലെ അധ്യാപികയായ ആശയും ആറ് വര്‍ഷമായി റെസി ഷാജിദാസിന്റെ ശിക്ഷണത്തില്‍ നൃത്തം അഭ്യസിച്ചുവരികയാണ്. ആദ്യമെല്ലാം മാസത്തിലൊരിക്കലും, ആഴ്ചകള്‍ തോറുമായിരുന്നു നൃത്തപരിശീലനമെങ്കില്‍ കൊവിഡ് വ്യാപനത്തോടെ വിദ്യാലയങ്ങള്‍ അടച്ചിട്ടതോടെ എല്ലാദിവസവും പരിശീലനം നടത്തിവരുകയായിരുന്നുവെന്ന് സൗമ്യജയരാജ് പറഞ്ഞു. നിര്‍വാരം സ്‌കൂളിലെ പ്രീപ്രൈമറി അധ്യാപികയായ ജോര്‍ല അടുത്തകാലത്താണ് നൃത്തം പഠിക്കാന്‍ ആരംഭിച്ചത്. കോഴിക്കോട് ഫറൂഖ് കോളജില്‍ ബിരുദവിദ്യാര്‍ത്ഥിയായ റിഷിപ്രഭയും പഴശിരാജാ കോളജിലെ ഡിഗ്രി വിദ്യാര്‍ത്ഥിനിയായ നിയയും ചെറുപ്പം മുതല്‍ തന്നെ നൃത്തം പഠിക്കുന്നവരാണ്. ബിടെകിന് പഠിക്കുന്ന അശ്വതിയും സ്‌കൂള്‍കാലം മുതല്‍ തന്നെ നൃത്തത്തില്‍ സജീവമായിരുന്നു. കുട്ടികളെ പഠിക്കുന്ന തിരക്കുകള്‍ക്കിടയിലും നൃത്തം അഭ്യസിക്കുന്നത് മനസിനും ശരീരത്തിനും ഉണര്‍വ് നല്‍കുന്നതാണെന്ന് ഈ അധ്യാപികമാര്‍ പറയുന്നു. കൊവിഡിനെ തുടര്‍ന്ന് വേദികള്‍ നിശ്ചലമായതോടെ മനസ് നിറയെ നൃത്തമായിരുന്നുവെങ്കിലും ചുവടുകള്‍ വെക്കാനാവാത്തതിന്റെ വിഷമം ഇപ്പോഴാണ് മാറിയതെന്ന് വിദ്യാര്‍ഥിനികളും പറയുന്നു. വിദ്യാലയങ്ങള്‍ വീണ്ടും സജീവമായാലും നൃത്ത പരിശീലനം തുടരാന്‍ തന്നെയാണ് എല്ലാവരുടെയും തീരുമാനം. ഒരുമാസമെടുത്താണ് ഇപ്പോള്‍ അവതരിപ്പിച്ച നൃത്തം പഠിച്ചെടുത്തത്. ഭരതനാട്യവും, മോഹിനിയാട്ടവും അഭ്യസിക്കുന്നവരാണ് ഇവരെല്ലാം.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *