IMG-20220818-WA00352.jpg

അതിമാരക കളനാശിനികളും കീടനാശിനികളും വയനാട്ടിൽ ഒരു നിയന്ത്രണവും ഇല്ലാതെ ഉപയോഗിക്കുന്നു


AdAdAd
റിപ്പോർട്ട്‌ : സി.ഡി. സുനീഷ്……
കൽപ്പറ്റ : കൃഷിയെ പുഷ്ടിപ്പെടുത്താനും കീടങ്ങളെ പ്രതിരോധിക്കാനും വിളവ് കൂട്ടാനും എന്ന പേരിൽ അനിയന്ത്രിതമായി വയനാട്ടിൽ ഉപയോഗിക്കുന്ന കീടനാശിനികളും കളനാശിനികളും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളും പാരിസ്ഥിതിക പ്രശ്നങ്ങളും ആണ് ഉണ്ടാക്കുന്നത്.
കാൻസർ, മാരക വൃക്ക രോഗം ,ത്വക് രോഗങ്ങൾ, തലവേദന ,ശ്വാസമുട്ട് തുടങ്ങി രോഗങ്ങൾക്കിത് കാരണമാകുന്നു. കുട്ടികളിൽ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്കും ഇവ കാരണമാകും. 
നെല്ലിലും വാഴയിലുമാണ് ഇവ അധികവും പ്രയോഗിക്കുന്നത്. 
ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട യാതൊരു സുരക്ഷാ കവചങ്ങളോ ചട്ടങ്ങളോ പാലിക്കാതെയാണ് ഇവ
കൃഷിയിടങ്ങളിൽ ഉപയോഗിക്കുന്നത്. ഇവ പ്രയോഗിക്കുന്ന സ്ഥലങ്ങളിലൂടെ ഒഴുകുന്ന ജലസ്രോതസ്സുകളെ എല്ലാം മലിനമാക്കിയാണ് ഈ രാസ പ്രയോഗങ്ങൾ. ഈ ജല സ്രോതസ്സുകളെ ആശ്രയിക്കുന്നവരിലും പരോക്ഷമായി ഗുരതര ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നു. 
മീനടക്കം ഉള്ള ജല ജീവികളിലും ഇതിൻ്റെ ദോഷങ്ങൾ ഉണ്ടാകുന്നു. ജനവാസകേന്ദ്രങ്ങളിൽ ഇവയുടെ ഉപയോഗം ജനങ്ങളിൽ വായുവിലൂടെ നേരിട്ടുള്ള സമ്പർക്കത്തിനും ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്. 
ക്ലോർപൈറിഫോസ് എന്ന കീടനാശിനിയും പാരക്വാറ്റ് ,ഗ്ലൈഫോസേറ്റ് എന്നീ കളനാശിനികളും വയനാട്ടിൽ വ്യാപകമായി ഒരു നിയന്ത്രണവും ഇല്ലാതെയാണ് പ്രയോഗിക്കുന്നത്. കേന്ദ്ര കൃഷിവകുപ്പ് നിഷ്‌കരിച്ചിട്ടുള്ള അനുവദനീയമായ ഉപയോഗങ്ങൾക്കതീതമായി ഒട്ടനവധി വിളകളിൽ ഇവ അനധികൃതമായി ഉപയോഗിക്കുന്നുണ്ട്. 
​പച്ചക്കറികൾ, നെല്ല്, വാഴ എന്നീ വിളകളിലാണ് ക്ലോർപൈറിഫോസ് അടങ്ങിയ കീടനാശിനികൾ ഉപയോഗിക്കുന്നത്. വാഴ, റബര്, തെങ്ങ്, കമുക്, കാപ്പി, കുരുമുളക് തോട്ടങ്ങളിലും ഇഞ്ചി പച്ചക്കറി കൃഷിയിടങ്ങളിലുമെല്ലാം കളനിയന്ത്രണത്തിനായി പാരക്വാറ്റ്‌ , ഗ്ലൈഫോസേറ്റ് എന്നിവ അടങ്ങിയ കളനാശിനി ഉപയോഗിക്കപ്പെടുന്നുണ്ട്. മാത്രമല്ല, പുരയിടക്കൃഷിയിടങ്ങളിലും വീടുകൾ, സ്ഥാപനങ്ങൾ എന്നിവയുടെ മുറ്റത്തും പരിസരത്തുമെല്ലാം ഇവ ഉപയോഗിക്കുന്നുണ്ട്.  
​ഒരു പ്രധാനപ്പെട്ട വിഷയം വയനാട്ടിലെ ആദിവാസി ​ജനവിഭാഗങ്ങളെയാണ് ജില്ലയിൽ പ്രധാനമായും കീടനാശിനി (കുമിൾനാശിനി/കളനാശി എല്ലാം) തളിക്കാൻ ഉപയോഗിക്കുന്നത്. ഇത്തരം പ്രവൃത്തി ചെയ്യുന്നവർക്ക് ആവശ്യമായ പരിശീലനമോ സംരക്ഷ വിധിയോ നൽകാതെ, യാതൊരുവിധ സുരക്ഷാനദണ്ഡങ്ങളും പാലിക്കാതെയാണി ഇവരെ കീടനാശികളും കളനാശിനികളും തളിക്കുന്നതിനായി കൃഷിയുടമകൾ നിയോഗിക്കുന്നത്. കീടനാശിനി നിയമം 1968 അനുശാസിക്കുന്ന സുരക്ഷാ ഉപകാരണങ്ങൾ ഉപയോഗിക്കാത്തതിനാൽ തൊഴിലാളികൾക്കും നേരിട്ടും പരോക്ഷമായും കീടനാശിനി/കളനാശിനികളുമായി ശ്വസനം വഴിയും ത്വക്കിലൂടെയും സമ്പർക്കം ഉണ്ടാകുന്നുണ്ട്. ഇത് ഗുരുതര രോഗങ്ങൾക്ക് കാരണമാകും. മാത്രമല്ല കളനാശിനികളുടെ ഉപയോഗം ആദിവാസി വിഭാഗങ്ങൾ ഉപയോഗിച്ചിരുന്ന ഇലക്കറികളുടെ ലഭ്യത ഇല്ലാതാക്കിയിട്ടുണ്ട്, ഇത് അവരുടെ തനതായ ഭക്ഷ്യ സംസ്കൃതിയെയും പോഷകസുരക്ഷയെയും ബാധിച്ചിട്ടുണ്ട്. 
​ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കും പരിസ്ഥിതി പ്രശ്നങ്ങൾക്കും ഇവയുടെ ഉപയോഗം കാരണമാകുന്നതായി ആഗോളതലത്തിൽ പഠനങ്ങൾ ലഭ്യമാണ്. നമ്മുടെ നാട്ടിൽ ഇത്തരം പഠനങ്ങൾ നടക്കാത്തതിനാൽ അവയുണ്ടാക്കുന്ന പ്രശ്നങ്ങൾ അറിയപ്പെടാതെ പോകുകയാണ്. ​ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലഭ്യമാകുന്ന വിവരങ്ങൾ പ്രകാരം ഗുരുതരമായ ആരോഗ്യ-പരിസ്ഥിതി പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് വിലയിരുത്തപ്പെട്ടിട്ടുള്ള മാരക കീടനാശിനികളും കളനാശിനികളും അടിയന്തിരമായി നിരോധിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തായ്യാറാകേണ്ടതുണ്ട്. മാരകമായാ കീടനാശിനികൾ ഉപയോഗിച്ചുകൊണ്ടുള്ള കൃഷിരീതിയിൽ നിന്ന് മാറി വ്യക്തികൾക്കും സമൂഹത്തിനും നമ്മുടെ ചുറ്റുപാടുകൾക്കും ദോഷം വരുത്താത്ത രീതിയിലുള്ള
സുസ്ഥിരമായ ജൈവകൃഷി നയം ഉള്ള 
സംസ്ഥാനത്താണ് ഇതെല്ലാം നടക്കുന്നത് എന്ന് ഏറെ ആശങ്ക ഉണ്ടാക്കുന്നു.
ആരോഗ്യ പരിസ്ഥിതി പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്ന ഈ വിഷ കീട_ കളനാശിനികൾക്കെതിരെ പൊതു സമൂഹവും സർക്കാരും കൂടുതൽ ജാഗ്രത പുലർത്തുന്ന മെന്ന് പെസ്റ്റിസൈഡ് ആക്ഷൻ നെറ്റ് വർക്ക് ഇന്ത്യാ പ്രവർത്തനും,
ഗവേഷകനുമായ എ. ഡി. ദിലീപ് കുമാർ ന്യൂസ് വയനാടിനോട് പറഞ്ഞു.
മാരക ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന രാസകീടനാശിനികൾ ഇന്ത്യയിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. 
പെസ്റ്റിസൈഡ് ആക്ഷൻ നെറ്റ്‌വർക്ക് ഇന്ത്യ എന്ന പൊതുതാത്പര്യ ഗവേഷക സംഘടനയുടെ സ്റ്റേറ്റ് ഓഫ് ക്ലോർപൈറിഫോസ്, ഫിപ്രോനിൽ, അട്രാസിൻ ആൻഡ് പാരക്വാറ്റ് ഡൈക്ലോറൈഡ് ഇൻ ഇന്ത്യ എന്ന റിപ്പോർട്ടിലാണ് അനധികൃതമായും വ്യാപകമായും കീടനാശിനികൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുള്ളത്..  
കേരളത്തിൽ ക്ലോർപൈറിഫോസ്, ഫിപ്രോനിൽ, പാരക്വാറ്റ് ഡൈക്ലോറൈഡ് എന്നിവ ഉപയോഗിക്കപ്പെടുന്നുണ്ട്. കേന്ദ്ര കൃഷിവകുപ്പ് നിഷ്‌കർഷിച്ചിട്ടുള്ള അനുവദനീയമായ ഉപയോഗങ്ങൾക്കു വിരുദ്ധമായി ഒട്ടനവധി വിളകളിൽ ക്ലോർപൈറിഫോസ്, ഫിപ്രോനിൽ കീടനാശിനികൾ കേരള കർഷികസർവകലാശാല നിർദ്ദേശിക്കുന്നുണ്ട്. കേരള സർക്കാരിന്റെ സേഫ് ടു ഈറ്റ് പദ്ധതി പ്രകാരം വെള്ളായനി കാർഷിക കോളേജിലെ കീടനാശിനി അവശിഷ്ട പരിശോധന ലാബിൽ നടത്തിയ ഏറ്റവും പുതിയ പഠനത്തിൽ കേരളത്തിൽനിന്ന് ശേഖരിച്ച 35 ശതമാനം സാമ്പിളുകളിൽ 31 വിവിധ കീടനാശിനികളുടെ വിഷാംശം അനുവദനീയമായ പരിധിയിലും കൂടുതലാണെന്നു കണ്ടെത്തിയിട്ടുണ്ട്. 19 ഇനം ഭക്ഷ്യ ഉത്പന്നങ്ങളിൽ അനുവദനീയമായ പരിധിക്കുമുകളിൽ ക്ലോർപൈറിഫോസ് വിഷാംശം കണ്ടെത്തിയിട്ടുണ്ട്, ഇവയെല്ലാം തന്നെ കാർഷികസർവകലാശാല നിർദ്ദേശിചിട്ടില്ലാത്ത വിളകളിൽ നിന്നുള്ളവയാണ് എന്നത് നമ്മുടെ ഭക്ഷ്യ ഉത്പന്നങ്ങളിൽ വ്യാപകമായി വിഷാംശം അടങ്ങിയിട്ടുണ്ട് എന്നതിന്റെ സൂചയാണ്‌. 
ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമെല്ലാം വായുവിലൂടെയുമെല്ലാം ഇവ മനുഷ്യ ശരീരത്തിൽ എത്തുകയും ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുകയും ചെയ്യും. അതുകൊണ്ടുതന്നെ നാല്പതോളം രാജ്യങ്ങൾ ഇവയുടെ ഉപയോഗം നിരോധിച്ചിട്ടുണ്ട്
 കീടനാശിനി രഹിത കൃഷികൾ ചെയ്യുന്നതിന് കർഷക സമൂഹത്തെ സഹായിക്കാൻ കൃഷിവകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളും ക്രിയാത്മകവും ആത്മാർഥവുമായ ഇടപെടലുകൾ അനിവാര്യമാണ്. വയനാട്ടിലെ പ്രധാന വിളകളായ കാപ്പി കുരുമുളക് ഏലം എന്നിവയ്‌ക്കെല്ലാം ദേശീയ അന്തർദേശീയ തലത്തിലുള്ള വിപണ സാധ്യതതകൾ കീട/കള നാശിനികളുടെ ഉപയോഗം മൂലം ബാധിക്കപ്പെടാം. കാർഷിക ഉല്പന്നങ്ങൾക്ക് വിപണി ഇല്ലാതാകുന്നത് പ്രാദേശിക സമ്പദ്‌വ്യവസ്ഥയെയും തൊഴിൽ സുരക്ഷയെയും ദോഷകരമായി ബാധിക്കുമെന്നും ഗുരുതര പ്രതിസന്ധികൾക്ക് കരണമാകുമെന്നുമുള്ള എന്ന തിരിച്ചറിവ് സർക്കാരിനും കൃഷിവകുപ്പധികൃതർക്കും കർഷകർക്കും ഉണ്ടാകണം.
ജൈവകൃഷി നയമെന്ന പ്രഖ്യാപനത്തിനപ്പുറം 
ജൈവകൃഷി നയങ്ങൾ എങ്ങിനെ സർഗ്ഗാത്മകമായി പ്രയോഗിക്കാമെന്നാണ് ,
ജനങ്ങളുടെ ആരോഗ്യത്തിലും, പരിസ്ഥിതി സന്തുലനത്തിലും തത്പരരായ സർക്കാർ 
ചെയ്യേണ്ടത്.
Ad Ad

Leave a Reply

Leave a Reply

Your email address will not be published.