April 18, 2024

ഓണകിറ്റിലെ ശർക്കര വരട്ടി ഇത്തവണയും കുടുംബശ്രീ കൈപ്പുണ്യത്തിൽ

0
Img 20220818 Wa00342.jpg
കൽപ്പറ്റ : ഓണത്തിനോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ സപ്ലൈക്കോയിലൂടെ വിതരണം ചെയ്യുന്ന സൗജന്യ ഭക്ഷ്യകിറ്റില്‍ ഇത്തവണയും കുടുംബശ്രീ പ്രവര്‍ത്തകര്‍ നിര്‍മ്മിച്ച ശര്‍ക്കര വരട്ടിയുടെ മധുരവും ഉണ്ടാകും. ഓണകിറ്റുകളിലേക്കുള്ള ശർക്കര വരട്ടി വിതരണത്തിന് തയ്യാറായി. ശർക്കര വരട്ടി, ചിപ്സ് എന്നിവ തയ്യാറാക്കി വിതരണം ചെയ്യുന്നത് ഇത്തവണയും ജില്ലയിലെ വിവിധ കുടുംബശ്രീ സംരംഭകരാണ്. ജില്ലയിലെ മൂന്നു സപ്ലൈകോ ഡിപ്പോകളിലൂടെ 100 ഗ്രാം വീതമുള്ള 2 ലക്ഷത്തോളം ശർക്കര വരട്ടി പാക്കറ്റുകളാണ് എത്തിക്കുന്നത്. സംസ്ഥാന സർക്കാരിൻ്റെ നിർദേശ പ്രകാരമാണ് ശർക്കര വരട്ടി ഓണക്കിറ്റിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചത്. ഇത്തവണയും കുടുംബശ്രീയെയാണ് ശർക്കര വരട്ടിയുടെ നിർമ്മാണ ചുമതല ഏൽപ്പിച്ചത്. കുടുംബശ്രീ ജില്ലാ മിഷൻ ജില്ലയിലെ കുടുംബശ്രീ യൂണിറ്റുകളോട് ശർക്കര വരട്ടിയുടെ അസംസ്കൃത വസ്തുക്കൾ കണ്ടെത്തി ശർക്കര വരട്ടികൾ തയ്യാറാക്കാൻ നിർദ്ദേശം നൽകി. പാക്കറ്റ് ഒന്നിന് 27 രൂപ വീതം കുടുംബശ്രീ യൂണിറ്റിന് ലഭിക്കും. മാനന്തവാടി ഡിപ്പോയിലേക്ക് 61,500, കൽപ്പറ്റ ഡിപ്പോയിലേക്ക് 65,000, ബത്തേരി ഡിപ്പോയിലേക്ക് 73,500 ശർക്കര വരട്ടി കിറ്റുകളുമാണ് വിതരണം ചെയ്യുന്നത്. മാനന്തവാടി, ബത്തേരി, കൽപ്പറ്റ സപ്ലൈകോ ഡിപ്പോകളിലെ പാക്കിംഗ് സെൻ്ററുകളിലേക്കാണ് ശർക്കര വരട്ടി വിതരണത്തിനായി എത്തിക്കുന്നത്. ജില്ലയിലെ കുടുംബശ്രീ യൂണിറ്റുകളുടെ നിയന്ത്രണത്തിലുള്ള ചെറുകിട സംരംഭകരാണ് ശര്‍ക്കരവരട്ടിയുടെ നിര്‍മാണവും പാക്കിംഗും നടത്തുന്നത്. ചെറുകിട സംരംഭകരുടെ താല്പര്യവും ഉല്പാദന ക്ഷമതയും അനുസരിച്ച് ഭക്ഷ്യ സുരക്ഷാ മാര്‍ഗനിര്‍ദ്ദേശം പാലിക്കുന്ന 10 യൂണീറ്റുകള്‍ക്കാണ് സമയബന്ധിതമായി ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. എ.കെ ചിപ്സ്, ടേസ്റ്റി ഡോട്ട്സ് ബേക്കറി യൂണിറ്റ്, സംഗമം ബേക്കറി, ജൈവ ഡെയിലി ബാണാസുര, റിച്ച് ഫുഡ്, ബി.ബി.എസ് ഗ്രൂപ്പ്, നൻമ ഫുഡ് പ്രാേഡക്ട്സ്, സ്വീറ്റ് ബേക്കറി, ഹണി, എബനേസർ ബേക്കറി ആൻഡ് കൂൾബാർ എന്നീ യൂണിറ്റുകൾക്കാണ് വിതരണ ചുമതല. പഞ്ചായത്ത് തലത്തില്‍ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാരുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് ഉത്പാദനം നടത്തുന്നത്. മൈക്രോ എന്റര്‍പ്രൈസസ് കണ്‍സള്‍ട്ടന്റുമാര്‍, കുടുംബശ്രീ മിഷന്‍ പോഗ്രാം മാനേജര്‍മാര്‍, സപ്ലൈകോ ക്വാളിറ്റി ഓഫീസര്‍മാര്‍ എന്നിവരും യൂണിറ്റുകള്‍ സന്ദര്‍ശിച്ച് നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്. പദ്ധതി കുടുംബശ്രീ യൂണിറ്റുകള്‍ക്കും വരുമാന മാര്‍ഗമാവുകയാണ്. സദ്യയിലെ ശര്‍ക്കരവരട്ടിയുടെ രുചി വൈഭവത്തോടെ ഈ ഓണക്കാലം ഐശ്വര്യത്തിന്റെയും അഭിവൃന്ദിയുടെയും പുതിയ തുടക്കമാവുകയാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *