നൂതന മൃഗസംരക്ഷണ പരിപാടികള്‍ക്കു ശാസ്ത്രസമൂഹം ഊര്‍ജം പകരണം: മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി
കൽപ്പറ്റ:: കാലാവസ്ഥാമാറ്റം ഭീഷണിയാകുന്ന കാലത്ത് ഭക്ഷ്യഭദ്രതയും പൊതുജനാരോഗ്യവും കര്‍ഷകക്ഷേമവും ഉറപ്പാക്കുന്ന മൃഗസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കു ഊര്‍ജം പകരാന്‍ ശാസ്ത്ര സമൂഹം മുന്നോട്ടുവരണമെന്നു തുറമുഖ-പുരാവസ്തു മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ കേരള ഘടകം കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാല പൂക്കോട് കാമ്പസില്‍ സംഘടിപ്പിച്ച പതിനൊന്നാമത് കേരള വെറ്ററിനറി സയന്‍സ് കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ പ്രളയകാലത്തു വളര്‍ത്തുമൃഗങ്ങളെ രക്ഷിക്കാനും പുനരധിവസിപ്പിക്കാനും യത്‌നിച്ച ഷാരുണ്‍ മേപ്പാടി, എന്‍. ഷിബു പനമരം, പി.കെ. ആരിഫ് പനമരം, ശോഭ പനമരം, എം. ശങ്കരന്‍ ചൂരല്‍മല എന്നിവരെ മന്ത്രി ആദരിച്ചു. ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ കേരള ഘടകം പ്രസിഡന്റ് ഡോ.ബി. ബാഹുലേയന്‍ അധ്യക്ഷത വഹിച്ചു. തമിഴ്‌നാട് വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.സി. ബാലചന്ദ്രന്‍ മുഖ്യാതിഥിയായിരുന്നു. ആന്റി ബയോട്ടിക്കുകളുടെ വിവേകപൂര്‍ണമായ ഉപയോഗമാണ് ആധുനിക വൈദ്യശാസ്ത്രം ആവശ്യപ്പെടുന്നതെന്നു അദ്ദേഹം പറഞ്ഞു.
അസോസിയേഷന്‍ പ്രസിദ്ധീകരണമായ ജീവ കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.എം.ആര്‍. ശശീന്ദ്രനാഥ് പ്രകാശനം ചെയ്തു. മാറുന്ന കാലാവസ്ഥയ്ക്കു യോജിച്ച കൃഷി-മൃഗസംരക്ഷണ രീതികള്‍ അവലംബിക്കാന്‍ കര്‍ഷകര്‍ക്കു പരിശീലനം നല്‍കേണ്ടതുണ്ടെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. ഡോ.രാജേഷ്‌കുമാര്‍, ഡോ.എന്‍. അശോക്, ഡോ.അജിത് ജേക്കബ് ജോര്‍ജ്, ഡോ.സിസി ഫിലിപ്പ്, ഡോ.ആര്‍. രാജീവ്, ഡോ.മുഹമ്മദ് അസ്‌ലം, ഡോ.അനില്‍ സക്കറിയ, ഡോ.ബിനു കെ. മാണി എന്നിവര്‍ പ്രസംഗിച്ചു.
കാലാവസ്ഥ വ്യതിയാനവും രോഗാണുക്കളുടെ ആര്‍ജിത പ്രതിരോധശേഷിയും ഭക്ഷ്യസുരക്ഷയിലും മൃഗാരോഗ്യമേഖലയിലും ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടാന്‍ വെറ്ററിനറി സേവനം എന്നതാണ് സയന്‍സ് കോണ്‍ഗ്രസിന്റെ മുഖ്യപ്രമേയം. വളര്‍ത്തുമൃഗങ്ങളുടെയും വന്യജീവികളുടെയും ആരോഗ്യപരിപാലനം, ഉത്പാദന രീതികള്‍ തുടങ്ങി നാലു സെഷനുകളായാണ് സമ്മേളനം. ഗവേഷണത്വര വര്‍ധിപ്പിക്കുന്നതിനു ബിരുദവിദ്യാര്‍ഥികള്‍ക്കായി പ്രത്യേക സെഷനും സയന്‍സ് കോണ്‍ഗ്രസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മൃഗസംരക്ഷണ മേഖലയിലെ നൂതന സാങ്കേതികവിദ്യകള്‍, രോഗനിര്‍ണയത്തിനും ചികിത്സയ്ക്കുമുള്ള പുതിയ മാര്‍ഗങ്ങള്‍, ആധുനിക ഫാമിംഗ് രീതികള്‍ തുടങ്ങിയവ സമൂഹത്തിനു പരിചയപ്പെടുത്തുക സയന്‍സ് കോണ്‍ഗ്രസിന്റെ ലക്ഷ്യമാണ്. രാജ്യത്തിന്റ് വിവിധ ഭാഗങ്ങളില്‍നിന്നുള്ള ശാസ്ത്രജ്ഞരും ഗവേഷകരും അധ്യാപകരും വിദ്യാര്‍ഥികളും അടക്കം നാനൂറിലധികം ആളുകള്‍ പങ്കെടുക്കുന്ന സമ്മേളനം ഞായറാഴ്ച വൈകുന്നേരം സമാപിക്കും.




Leave a Reply