April 19, 2024

പുരപ്പുറ സൗരോര്‍ജ പദ്ധതി: സംസ്ഥാനത്തു രജിസ്‌ട്രേഷന്‍ 20,000 കവിഞ്ഞു: ലക്ഷ്യം പ്രതിവര്‍ഷം 500 മെഗാവാട്ട് വൈദ്യുതി ഉത്പാദനം.

0

കല്‍പറ്റ-പുനരുപയോഗ ഊര്‍ജ സ്രോതസുകളില്‍നിന്നുള്ള വൈദ്യുതി ഉത്പാദനം വര്‍ധിപ്പിക്കുന്നതിനായി ഇലക്ട്രിസിറ്റി ബോര്‍ഡ് ആവിഷ്‌കരിച്ച പുരപ്പുറ സൗരാര്‍ജ പദ്ധതിയില്‍ സംസ്ഥാനതലത്തില്‍ രജിസ്‌ട്രേഷന്‍ 20,000 കവിഞ്ഞു. ബോര്‍ഡിന്റെ   വെബ് സൈറ്റില്‍ സൗര വിഭാഗത്തില്‍ ജനുവരി 30 വരെ രജിസ്‌ട്രേഷന്‍ തുടരും. 
വരുന്ന മൂന്നു വര്‍ഷത്തിനിടെ ആയിരം മെഗാവാട്ട് വൈദ്യുതി സൗരപദ്ധതികളില്‍നിന്നു ഉത്പാദിപ്പിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി ആവിഷ്‌കരിച്ചതാണ് പുരപ്പുറ(സോളാര്‍ റൂഫ് ടോപ്്) പദ്ധതി. പ്രതിവര്‍ഷം ഗാര്‍ഹിക-കാര്‍ഷിക ഉപഭോക്താക്കളുടെ കെട്ടിടങ്ങളില്‍നിന്നു  150-ഉം സര്‍ക്കാര്‍ കെട്ടിടങ്ങളില്‍നിന്നു 100-ഉം  ഗാര്‍ഹികേതര-സര്‍ക്കാര്‍ ഇതര സ്ഥാപന കെട്ടിടങ്ങളില്‍നിന്നു 250-ഉം മെഗാവാട്ട്  സൗരോര്‍ജ വൈദ്യുതി ഉത്പാദനമാണ് പദ്ധതി ലക്ഷ്യം. സാധ്യതാപഠനവും വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് തയാറാക്കലും 2019 ഏപ്രിലിലോടെ പൂര്‍ത്തിയാക്കി സൗരനിലയങ്ങളുടെ സ്ഥാപനം 2019 ജൂണില്‍ ആരംഭിക്കാനാണ് കെ.എസ്.ഇ.ബി നീക്കം.
കെട്ടിടങ്ങള്‍ക്കു മുകളില്‍ സൗരനിലയങ്ങള്‍ സ്ഥാപിക്കുന്നതിനു രണ്ടു രീതികളാണ് ബോര്‍ഡ് ആസൂത്രണം ചെയ്തിരിക്കുന്നത്. കെട്ടിടത്തിനു  മേല്‍ക്കൂരയില്‍  ഉപഭോക്താവിന്റെ സ്വന്തം ചെലവില്‍ സൗരനിലയം സ്ഥാപിക്കുന്നതാണ് ഒരു രീതി. ബോര്‍ഡിന്റെ ചെലവില്‍ നിലയം സ്ഥാപിക്കുന്നതാണ് രണ്ടാമത്തേത്. 
കെട്ടിടങ്ങള്‍ക്കു മുകളില്‍ കെ.എസ്.ഇ.ബിയുടെ ചെലവില്‍ നിലയം സ്ഥാപിച്ച് ഉത്പാദിപ്പിക്കുന്ന വൈദ്യുതിയില്‍ 10 ശതമാനം ഉപഭോക്താവിനുള്ളതാണ്. ഇതില്‍ ഉപഭോക്താവിന്റെ ഉപയോഗം കഴിച്ച് ബാക്കിയുള്ളതിനു ബോര്‍ഡ് വില നല്‍കും. ബോര്‍ഡ് പുറമേ നിന്നു വാങ്ങുന്ന വൈദ്യുതിക്കു നല്‍കുന്ന അതേവിലയാണ് ഉപഭോക്താവിനും ലഭ്യമാക്കുക. ഉപഭോക്താവ് സ്വന്തം നിലയില്‍ സ്ഥാപിക്കുന്ന നിലയത്തില്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയില്‍ ഉപയോഗം കഴിച്ചുള്ളത് ബോര്‍ഡ് വിലയ്ക്കുവാങ്ങും. ഉത്പാദിപ്പിക്കുന്ന വൈദ്യുതി പൂര്‍ണമായും ഉപയോഗിക്കാനും ഉപഭോക്താവിനു അവകാശം ഉണ്ടായിരിക്കും. സൗരനിലയങ്ങളുടെ പരിപാലനവും അറ്റകുറ്റപ്പണിയും ബോര്‍ഡിന്റെ ഉത്തരവാദിത്തമായിരിക്കും. 
നൂറ് ചതുരശ്ര അടി വിസ്തീര്‍ണമുള്ള സൗരനിലയത്തില്‍ ഒരു കിലോവാട്ട് വൈദ്യുതി ഉത്പാദനമാണ കണക്കാക്കുന്നത്. ആയിരം മുതല്‍ രണ്ടായിരം വരെ ചതുരശ്ര വിസ്തൃതിയുള്ളതാണ് കേരളത്തിലെ സാധാരണ വീടുകളുടെ മേല്‍ക്കൂര. രണ്ടായിരം ചതുരശ്ര അടി വിസ്തൃതിയുള്ള സൗരനിലയത്തില്‍ ശരാശരി ഏഴ് വലിയ പാനലുകള്‍ ഉണ്ടാകും. ഇതില്‍നിന്നു പ്രതിവര്‍ഷം 80 കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാകും. 
ഓരോ നിലയത്തിലും ഉത്പാദിപ്പിക്കുന്ന ആള്‍ട്ടര്‍നേറ്റിംഗ് കറന്റ് ഡയറക്ട് കറന്റാറായാണ് കെ.എസ്.ഇ.ബിയുടെ  പവര്‍ ഗ്രിഡിലെത്തുക.  രണ്ടു മാസം ഇടവിട്ട് റീഡിംഗ് നടത്തും. ഉത്പാദിപ്പിക്കുന്നതും ഉപഭോക്താവ് ഉപയോഗിക്കുന്നതും കെ.എസ്.ഇ.ബിക്കു നല്‍കുന്നതുമായ വൈദ്യുതി ഓരോ നിലയത്തിലും സ്ഥാപിക്കുന്ന ഇംപോര്‍ട്ട് എക്‌സ്‌പോര്‍ട്ട് മീറ്ററിലൂടെയാണ്  കണക്കാക്കുക. ഉത്പാദിപ്പിക്കുന്നതില്‍ ഉപയോഗിക്കുന്നതു ഒഴികെയുള്ള വൈദ്യുതിയുടെ വില ഓരോ വര്‍ഷവും ഉപഭോക്താവിന്റെ അക്കൗണ്ടില്‍ ലഭ്യമാക്കും. സൗരനിലയം സ്ഥാപിക്കുന്ന ഉപഭോക്താവ് കെട്ടിടത്തിലെ വയറിംഗ് മാറ്റേണ്ടതില്ല. മറ്റു സോളാര്‍ പാനലുകളിലേതുപോലെ ബാറ്ററിയും ഇന്‍വെര്‍ട്ടറും അടക്കം സംവിധാനങ്ങളും  പ്രത്യേകം സ്ഥാപിക്കേണ്ടതില്ല.  
നൂറു ചതുരശ്ര അടിയില്‍ സോളാര്‍നിലയം സ്ഥാപിക്കുന്ന പ്രവൃത്തി കെ.എസ്.ഇ.ബി നേരിട്ടു ചെയ്യുമ്പോള്‍  ഏകദേശം 45,000 രൂപയാണ് ചെലവ്. രണ്ടായിരം ചതുരശ്ര അടിയിലാകുമ്പോള്‍ ഇത് ഒമ്പതു ലക്ഷം രൂപയാകും. സ്വകാര്യ ഏജന്‍സികള്‍ മുഖേന നിലയം സ്ഥാപിച്ചാല്‍ ചെലവ് ഇതിലും കൂടും. സോളാര്‍ വൈദ്യുതി ഉത്പാദനത്തിനു ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കു മാത്രം ഒരു കിലോവാട്ടിനു 17,000 രൂപ കേന്ദ്ര സബ്‌സിഡി ലഭിക്കും. തിരുവനന്തപുരത്തെ റെന്യൂവബിള്‍ എനര്‍ജി ആന്‍ഡ് എനര്‍ജി സേവിംഗ്‌സിനാണ് പദ്ധതി ഏകോപനച്ചുമതല. 
വയനാട്ടില്‍ പ്രതിവര്‍ഷം 30 മെഗാവാട്ട് ഉത്പാദമാാണ് പുറപ്പുറ പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നതെന്നു ജില്ലാ കോ ഓര്‍ഡിനേറ്ററും കല്‍പറ്റ സര്‍ക്കിള്‍ പ്രൊജക്ട് മാനേജ്‌മെന്റ് യൂണിറ്റിലെ എക്‌സിക്യുട്ടീവ് എന്‍ജിനീയറുമായ വി.കെ. സുനില്‍കുമാര്‍, അസിസ്റ്റന്റ് കോ ഓര്‍ഡിനേറ്ററും സബ് എന്‍ജിനീയരുമായ എം.ജെ. ചന്ദ്രദാസ് എന്നിവര്‍ പറഞ്ഞു. ഗാര്‍ഹിക-കാര്‍ഷിക ഉപഭോക്താക്കളുടെ കെട്ടിടങ്ങളില്‍നിന്നു മാത്രം 10 മെഗാവാട്ട് വൈദ്യുതി ഉത്പാദനമാണ് പ്രതീക്ഷിക്കുന്നത്. ശരാശരി വലിപ്പമുള്ള 500 വീടുകളുടെ മേല്‍ക്കുരയില്‍ സൗരനിലയം സ്ഥാപിച്ചാല്‍ ഇതു സാധ്യമാകും.  ജില്ലയില്‍ സര്‍ക്കാര്‍ കെട്ടിടങ്ങള്‍, ഗാര്‍ഹികേതര-സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളുടെ കെട്ടിടങ്ങള്‍ എന്നിവയില്‍നിന്നു 10 വീതം മെഗാവാട്ട് വൈദ്യുതി ഉത്പാദനമാണ് ലക്ഷ്യം. 0471 2555544, 1912 എന്നീ നമ്പറുകളില്‍ വിളിച്ചും പുറപ്പുറ പദ്ധതി രജിസ്‌ട്രേഷന്‍ നടത്താമെന്നു  സുനില്‍കുമാറും ചന്ദ്രദാസും പറഞ്ഞു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *