November 9, 2026

ആദിവാസിസാക്ഷരതാ പദ്ധതി; രണ്ടാംഘട്ട അവലോകന യോഗം ചേര്‍ന്നു

0
ആദിവാസിസാക്ഷരതാ പദ്ധതി; രണ്ടാംഘട്ട അവലോകന യോഗം ചേര്‍ന്നു
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ

പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സംസ്ഥാന സാക്ഷരതാമിഷന്റെയും നേതൃത്വത്തില്‍ നടത്തുന്ന ആദിവാസി സാക്ഷരതാ പദ്ധതിയുടെ രണ്ടാംഘട്ട അവലോകന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ ഉദ്ഘാടനം ചെയ്തു. ആദിവാസി സാക്ഷരതാ പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ 200 കോളനികളാണ് പദ്ധതിക്കായി തിരഞ്ഞെടുത്തത്. ഈ കോളനികളില്‍ സര്‍വ്വേ നടത്തി പഠിതാക്കളെ കണ്ടെത്തി ക്ലാസുകള്‍ തുടങ്ങിയിട്ടുണ്ട്. പാഠപുസ്തകം, നോട്ട് ബുക്ക്, പേന തുടങ്ങിയ പഠനോപകരണങ്ങളും പഠന കേന്ദ്രത്തിലേക്ക് നെയിംബോര്‍ഡ്, റോള്‍ ബോര്‍ഡ്, ചോക്ക് തുടങ്ങിയവയും ലഭ്യമാക്കിയിട്ടുണ്ട്. ആദിവാസി വിഭാഗങ്ങളുടെ സാക്ഷരത ശതമാനം ഉയര്‍ത്തുന്നതിനുളള പദ്ധതിയാണ് ആദിവാസി സാക്ഷരതാ പദ്ധതി. ജില്ലയിലെ 2975 ആദിവാസി കോളനികളില്‍ നിന്നുളള 300 ആദിവാസി സാക്ഷരതാ കോളനികളില്‍ നേരത്തെ പദ്ധതി നടപ്പിലാക്കിയിരുന്നു. പുതുതായി കണ്ടെത്തിയ 200 കോളനികളില്‍ 2209 പുരുഷന്മാരും 3133 സ്ത്രീകളും നിരക്ഷരരാണ്. അവയില്‍ 2993 പേര്‍  15നും 50 നും ഇടയില്‍ പ്രായമുളളവരും 2349 പേര്‍ 50ന് മുകളിലുള്ളവരുമാണ്. നാലാംതരം പൂര്‍ത്തിയാക്കാത്തവര്‍ 1719 പേരും ഏഴാംതരം പൂര്‍ത്തിയാക്കാത്തവര്‍ 2132 പേരും പത്താം തരം പൂര്‍ത്തിയാക്കാത്തവര്‍ 2305പേരുമാണ്. 1230 പേര്‍ പ്ലസ്ടു പൂര്‍ത്തിയാക്കാത്തവരാണ്. 531 പേര്‍ മാത്രമാണ് ഉന്നത വിദ്യാഭ്യാസം നേടിയവര്‍. 435 തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് താല്‍പ്പര്യമുളളവരാണെന്നുമാണ് സാക്ഷതാ മിഷന്റെ കണ്ടെത്തല്‍. 

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍ എ.ദേവകി അധ്യക്ഷത വഹിച്ചു. വിവിധ പഞ്ചായത്ത് കോ-ഓഡിനേറ്റര്‍മാരായ കെ.മൊയ്തൂട്ടി, പി.കുഞ്ഞികൃഷ്ണന്‍, ടി.പി സദാനന്ദന്‍, യു.ഉസ്മാന്‍, ഇ.ടി സദാശിവന്‍, എം.ഒ. ഗീവര്‍ഗ്ഗീസ്, എന്‍.വി. ജോര്‍ജ്ജ്,  സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ നിര്‍മ്മല റേയ്ച്ചല്‍ ജോയി, അസിസ്റ്റന്റ് കോ-ഓഡിനേറ്റര്‍ സ്വയ നാസര്‍ തദ്ദേശസ്വയംഭരണ സ്ഥാപന കോ-ഓര്‍ഡിനേറ്റര്‍മാര്‍, പ്രേരക്മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *