August 13, 2026

മാനന്തവാടി- കുറ്റ്യാടി റോഡിൽ 16 കോടി രൂപ ചിലവിൽ ആധുനിക നിർമാണം: അഞ്ച് കിലോമീറ്റർ നവീകരിക്കും

0
IMG-20190623-WA0176.jpg
By ന്യൂസ് വയനാട് ബ്യൂറോ
 ആധുനിക നിർമാണത്തിന്  കിഫ്‌ബി വഴി അനുവദിച്ചത് 16 കോടി
   
 
     നിരവിൽപ്പുഴ: മാനന്തവാടി- കുറ്റ്യാടി റോഡിൽ ആധുനിക നിർമാണം തുടങ്ങി. കാഞ്ഞിരങ്ങാട് മുതൽ നിരവിൽപ്പുഴ വരെയുള്ള 5.2 കിലോമീറ്റർ ദൂരമാണ് നവീകരിക്കുന്നത്. 16 കോടി രൂപയുടെ നിർമാണ പ്രവർത്തികളാണ് നടക്കുന്നത്. കാൽനട യാത്ര പോലും അസാധ്യമായ രീതിയിലായിരുന്നു മാനന്തവാടി-കുറ്റ്യാടി റോഡ്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മാനന്തവാടി എം.എൽ.എൽ യും മന്ത്രിയുമായിരുന്ന പി.കെ. ജയലക്ഷ്മിയുടെ ശ്രമഫലമായി മാനന്തവാടി മുതൽ തരുവണ വരെയുള്ള റോഡ് ഗതാഗതയോഗ്യമാക്കിയിരുന്നു. തരുവണ മുതൽ കാഞ്ഞിരങ്ങാട് വരെയുള്ള പത്ത് കിലോമീറ്റർ ദൂരത്തിനായി കഴിഞ്ഞ സർക്കാർ തന്നെ പത്ത് കോടിയുടെ ഭരണാനുമതിയും നൽകിയിരുന്നു.  യാത്ര ദുഷ്ക്കരമായതിനാൽ ജനങ്ങളുടെ പ്രതിഷേധം മറ നീക്കി പുറത്ത് വന്നിരുന്നു. ഒ.ആർ. കേളു എം.എൽ.എ യുടെ ഇടപെടലിന്റെ ഭാഗമായാണ് തരുവണ മുതൽ കാഞ്ഞിരങ്ങാട് വരെയുള്ള റോഡ് ടാറിങ് പൂർത്തിയായത്. എന്നാൽ ഓവു ചാലുകൾ, മുന്നറിയിപ്പ് ബോർഡ് എന്നിവ സ്ഥാപിക്കാനും റോഡോരകിലെ  മരങ്ങൾ മുറിച്ചു മാറ്റാനുമുണ്ട്. ബി.എം.ആൻഡ് ബി.സി നിലവാരത്തിലാണ് കാഞ്ഞിരങ്ങാട് മുതൽ നിരവിൽപ്പുഴ വരെയുള്ള ഭാഗം ഗതാഗതയോഗ്യമാക്കുക. 5.2 കിലോമീറ്റർ ദൂരം റോഡ് 14 മീറ്റർ വീതിയിൽ നിർമിക്കാനാണ് തീരുമാനം. ബസ് ബേ, നടപ്പാതകൾ, ഓവുചാലുകൾ എന്നിവ ഉൾപ്പെടെയാണ് റോഡ് പണി പൂർത്തിയാക്കുക. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി കരാറെടുത്ത റോഡിന്റെ പണി കഴിഞ്ഞ ദിവസം തുടങ്ങിയിട്ടുണ്ട്. നിലവിൽ റോഡിന് അഞ്ചര മീറ്റർ വീതിയാണുള്ളത്. റോഡിലെ ടാറിങ് പൂർണ്ണമായും പൊളിച്ച് മാറ്റി താഴ്ന്നു കിടക്കുന്ന ഭാഗങ്ങൾ മണ്ണിട്ടുയർത്തി ആവശ്യമുള്ള ഭാഗങ്ങളിൽ സംരക്ഷണഭിത്തി നിർമിച്ചുമാണ് പ്രവർത്തി നടത്തുക. 15 പുതിയ കലുങ്കുകൾ അഞ്ച് കിലോമീറ്റർ ദൂരത്തിനിടയിൽ നിർമിക്കും. ഇതിൽ അഞ്ചെണ്ണത്തിന്റെ പ്രവർത്തികളാണ് പുരോഗമിക്കുന്നത്. കഴിഞ്ഞ പ്രളയകാലത്ത് മണ്ണിടിച്ചിലുണ്ടായ രണ്ട് സ്ഥലങ്ങളിലും സംരക്ഷണ ഭിത്തി നിർമിക്കുന്നുണ്ട്. മാനന്തവാടിയിലുള്ളവർക്ക് കോഴിക്കോട് എളുപ്പമെത്താൻ സാധിക്കുന്ന റോഡാണ് മാനന്തവാടി- കുറ്റ്യാടി റോഡ്. മാനന്തവാടിയിൽ നിന്നും കെ.എസ്.ആർ.ടി.സി പ്രൈവറ്റ് ബസുകൾ ഇതുവഴി ഓടുന്നുണ്ട്. മാനന്തവാടി, തരുവണ, വെള്ളമുണ്ട, നിരവിൽപ്പുഴ എന്നിവിടങ്ങളിലുള്ളവർ പേരാമ്പ്ര, വടകര തുടങ്ങിയ സ്ഥലങ്ങളുമായി വാണിജ്യ ബന്ധം പുലർത്താനും മാനന്തവാടി- കുറ്റ്യാടി റോഡിനെ ആശ്രയിക്കുന്നുണ്ട്. 
സുഗമമായ യാത്രാ സൗകര്യമൊരുക്കും
ജനങ്ങൾക്ക് സുഗമമായ യാത്രാ സൗകര്യമൊരുക്കുക  സർക്കാരിന്റെ ലക്ഷ്യം. കിഫ്ബി വഴി അനുവദിച്ച 16 കോടിയുടെ പ്രവർത്തികൾ പൂർത്തിയാവുന്നതോടെ യാത്രാ ക്ളേശമുണ്ടാവില്ലന്നാണ് പ്രതീക്ഷ. . അന്തർ ജില്ലാ പാത നവീകരിക്കുന്നത് ജനങ്ങൾക്ക് ഏറെ ഉപകാര പ്രദമാവും
 ഒ.ആർ. കേളു എം.എൽ.എ പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *