April 23, 2024

വയനാട്ടിൽ കടുവയെ പിടിച്ചാൽ ഇനി പൂത്തൂരിലേക്ക് കൊണ്ടു പോകാം.

0
Img 20190630 161404.jpg
പുത്തൂരില്‍ കടുവ പുനരധിവാസ കേന്ദ്രം: പ്രാരംഭ നടപടികള്‍ക്കു  അനുമതിയായി

കല്‍പ്പറ്റ: പൂത്തൂരില്‍ കടുവ പുനരധിവാസ കേന്ദ്രം തുടങ്ങുന്നതിനു രൂപരേഖ തയാറാക്കുന്നതിനും പ്രാരംഭനടപടികള്‍ക്കും  സര്‍ക്കാര്‍ അനുമതി നല്‍കി. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ശിപാര്‍ശ പരിഗണിച്ചാണ് സര്‍ക്കാര്‍ ഉത്തരവ്.  
പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിനായി നീക്കിവച്ച 136.86 ഹെക്ടറില്‍ 10 ഹെക്ടര്‍ കടുവ പുനരധിവാസ കേന്ദ്രത്തിനായി ഉപയോഗപ്പെടുത്താനാണ് വനം-വന്യജീവി വകുപ്പിന്റെ പദ്ധതി.  നവീനവും സാങ്കേതികത്തികവുള്ളതുമായ പുനരധിവാസ കേന്ദ്രമാണ് പുത്തൂരില്‍ വിഭാവനം ചെയ്യുന്നത്.  വനത്തില്‍നിന്നോ വനാതിര്‍ത്തികളില്‍നിന്നോ പിടികുടുന്ന  കടുവകളെ തിരുവനന്തപുരം മൃഗശാലയിലോ നെയ്യാര്‍ ലയണ്‍ സഫാരി പാര്‍ക്കിലോ പാര്‍പ്പിക്കേണ്ട സാഹചര്യം പുനരധിവാസ കേന്ദ്രം യാഥാര്‍ഥ്യമാകുന്നതോടെ ഒഴിവാകും. 
വളര്‍ത്തുമൃഗങ്ങളെ ഇരതേടുകയും മനുഷ്യര്‍ക്കു ഭീഷണിയാകുകയും ചെയ്യുന്ന കടുവകളെയാണ് സാധാരണഗതിയില്‍ പിടികൂടുന്നത്.  പ്രായാധിക്യമോ പരിക്കോ മൂലം വനത്തില്‍ ഇരതേടാന്‍ കഴിയാത്ത കടുവകളാണ് വിശപ്പകറ്റാനായി കാടിറങ്ങുന്നത്. ഇവയെ പിടികൂടിയാല്‍ത്തന്നെ കാട്ടിലേക്കു തിരിച്ചുവിടാനാനാകില്ല. കടുവകളുടെ ചികിത്സയ്ക്കും പരിചരണത്തിനും നിലവില്‍ സംസ്ഥാനത്തു പ്രത്യേകം സംവിധാനമില്ല. താത്കാലിക ക്രമീകരണം എന്ന നിലയിലാണ് തിരുവനന്തപുരത്തും നെയ്യാറിലും എത്തിക്കുന്നത്. കര്‍ണാടകയിലെ ബന്ദിപ്പുര, നാഗര്‍ഹോള, തമിഴ്‌നാട്ടിലെ മുതുമല കടുവാസങ്കേതങ്ങളോടു ചേര്‍ന്നു കിടക്കുന്ന വയനാട്ടിലെ വനാതിര്‍ത്തി ഗ്രാമങ്ങളില്‍ കടുവാശല്യം വര്‍ധിക്കുകയുമാണ്. കഴിഞ്ഞ വര്‍ഷം  വനം-വന്യജീവി വകുപ്പ് നടത്തിയ കാമറ നിരീക്ഷണത്തില്‍  വയനാട് വന്യജീവി സങ്കേതത്തില്‍ ഒരു വയസിനു മുകളില്‍ പ്രായമുള്ള 75 കടുവകളെ കണ്ടിരുന്നു.  നോര്‍ത്ത് വയനാട് വനം ഡിവിഷനില്‍ അഞ്ചും സൗത്ത് വയനാട് വനം ഡിവിഷനില്‍ നാലും കടുവകളെ വേറെയും കാണുകയുണ്ടായി. സംസ്ഥാനത്താകെ 176 കടുവകളെയാണ് കണ്ടത്. ഇക്കാര്യവും കണക്കിലെടുത്താണ് പുനരധിവാസ കേന്ദ്രം ആരംഭിക്കുന്നതു സംബന്ധിച്ചു ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ശിപാര്‍ശ സമര്‍പ്പിച്ചത്. 
പുത്തൂരില്‍ കണ്ടെത്തിയ കണ്ടെത്തിയ സ്ഥലം പുനരധിവാസ കേന്ദ്രമാക്കിയാല്‍ സുവോളജിക്കല്‍ പാര്‍ക്കിന്റെ ഭാഗമായ മൃഗചികിത്സാ സൗകര്യങ്ങള്‍ ഉപയോഗിക്കാനാകും. വനഭൂമി തരംമാറ്റേണ്ടിവരില്ല. പുനരധിവാസ കേന്ദ്രം ആരംഭിക്കുന്നതിനു മൂന്നു കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. 10 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്ന  വാര്‍ഷികച്ചെലവ്. പുനരധിവാസ കേന്ദ്രത്തിനായി കേന്ദ്ര ഫണ്ട് ലഭ്യമാക്കുന്നതിനു ശ്രമം നടത്തിവരികയാണെന്നും ഒന്നര വര്‍ഷത്തിനകം പ്രാവര്‍ത്തികമാക്കാനുദ്ദേശിക്കുന്ന പദ്ധതിക്കു തത്വത്തില്‍ അംഗീകാരം നല്‍കണമെന്നും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സര്‍ക്കാരിനോടു അഭ്യര്‍ഥിച്ചിരുന്നു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *