April 25, 2024

വിവാദമായി കടുവയുടെ വൈറൽ വീഡിയോ: അന്വേഷണവുമായി വനംവകുപ്പ്.

0
Img 20190630 161404.jpg
കടുവയുടെ  വീഡിയോയുടെ ഉറവിടം വനം വകുപ്പ് അന്വേഷിക്കുന്നു.
സി.വി.ഷിബു. 
കൽപ്പറ്റ : 
വയനാട് ജില്ലയിലെ  ബത്തേരി പുൽപ്പള്ളി റൂട്ടിൽ പാമ്പ്രയിൽ നിന്നുള്ള വീഡിയോ എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വന്ന കടുവയുടെ വീഡിയോയുടെ ഉറവിടം വനം വകുപ്പ് അന്വേഷിക്കുന്നു. സൗത്ത് വയനാട് വനം ഡിവിഷന് കീഴിലെ  ഇരുളം ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ  അനന്തന്റെ നേതൃത്വത്തിലാണ് അന്വേഷണം.   ചെതലയം റേഞ്ചിലെ കേളു എന്ന വാച്ചർ മൊബൈലിൽ പകർത്തിയതാണ് ദൃശ്യമെന്നാണ് പ്രചരിക്കുന്നത്. എന്നാൽ കേളുവിന് അങ്ങനെയൊരു ദൃശ്യം കിട്ടിയിട്ടില്ലന്നും  വീഡിയോ വ്യാപകമായി പ്രചരിച്ചതിന് ശേഷം കടുവയുടെ ലൊക്കോഷൻ കണ്ടെത്താൻ വനം വകുപ്പ് നിയോഗിച്ച സംഘത്തോടൊപ്പം പിന്നീട് കേളുവെന്ന വാച്ചറും ഉണ്ടായിരുന്നതായി ചെതലയം റേഞ്ച് ഓഫീസർ പറഞ്ഞു. വീഡിയോ സംബന്ധിച്ച്  ദുരൂഹതകൾ ഉണ്ടന്നും കൂടുതൽ അന്വേഷണം  വേണമെന്നും  ആവശ്യം  ഉയർന്നിട്ടുണ്ട്. ഇതിനിടെ ബന്ദിപ്പൂരിൽ നിന്നാണ് ദൃശ്യമെന്ന് കന്നട ചാനലും റിപ്പോർട്ട് ചെയ്തു.വയനാട്ടിൽ കടുവ ശല്യം രൂക്ഷമായതും  വന്യ മൃഗങ്ങളുടെ ജീവന്റെ സുരക്ഷയെ കരുതി രാത്രി കാല ഗതാഗത നിരോധനം നിലനിൽക്കുന്നതുമാണ് വീഡിയോയുടെ ദുരൂഹത വർദ്ധിപ്പിക്കുന്നത്. നേരത്തെ ക്യാമറ ഓൺ ആയിരുന്നതും  കൃത്യമായി ദൃശ്യം ലഭിച്ചതും വ്യക്തമാക്കുന്നത് ,നേരത്തെ ബൈക്ക് യാത്രികർ കടുവയുടെ സാന്നിധ്യം മനസ്സിലാക്കിയിരുന്നുവെന്നാണ്. അങ്ങനെയാണെങ്കിൽ വീണ്ടും ബൈക്ക് യാത്രക്കാർ അതുവഴി പോയിട്ടും അപകടമുണ്ടാവാതിരുന്നത്  ഭാഗ്യം   കൊണ്ടാണ്.  
എന്തായാലും  സത്യമറിയാൻ ഇക്കാര്യത്തിൽ വ്യക്തമായ അന്വേഷണം വേണ്ടിവരും. 
 ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നവർക്ക് നേരെ കടുവ പാഞ്ഞടുത്തുവെന്നാണ്  മാധ്യമങ്ങൾ ആദ്യം റിപ്പോർട്ട് ചെയ്തത്.  . സുൽത്താൻ ബത്തേരി- പുൽപ്പള്ളി റോഡിൽ പാമ്പ്ര എസ്റ്റേറ്റിന് സമീപത്താണ് ആശ്ചര്യവും ഒപ്പം ഭീതിയും ഉളവാക്കുന്ന സംഭവം ഉണ്ടായതെന്നും ശനിയാഴ്ച  പകൽ സമയത്താണ് സംഭവമെന്നു മായിരുന്നു ആദ്യം റിഷോർട്ട്. . പാമ്പ്ര എസ്റ്റേറ്റിന് സമീപത്ത് കൂടി കടന്നു പോകുന്ന സംസ്ഥാനപാതയിലൂടെ യാത്ര ചെയ്ത ബൈക്ക് യാത്രികർക്ക് നേരെയാണ് കടുവ പാഞ്ഞടുത്തത്. പിന്നിലുള്ളയാൾ കാടിന്റെ ദൃശ്യഭംഗി
 പകർത്തുന്നതിനിടെയാണ് കാമറക്ക് മുന്നിലേക്ക് കടുവയുടെ അപ്രതീക്ഷിത വരവ്. കടുവയുടെ സ്റ്റാർട്ടിംഗ് സെക്കന്റുകൾ പിഴച്ചതാണ് യാത്രക്കാർക്ക് രക്ഷകയായത്. പിന്നീട് ഇവർ തന്നെ സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിച്ചപ്പോഴാണ് സംഭവം പുറം ലോകമറിയുന്നത്. ഇതോടെ ഇതുവഴി ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ സൂക്ഷിക്കണമെന്ന നിർദേശവും ഉയർന്ന് വന്നിരുന്നു. എന്നാൽ ഞായറാഴ്ച ഈ വാർത്തകൾ വിവാദമാകുകയും  ദൃശ്യം വയനാട്ടിൽ നിന്നുള്ളതല്ലന്നും  പ്രചരണം വന്നു. അതിന് മുമ്പ് തന്നെ സംഭവത്തിൽ വനം വകുപ്പ് അന്വേഷണം തുടങ്ങിയിരുന്നു.
കടുവ ബൈക്കിന് പിന്നാലെ ഓടുന്ന വീഡിയോ സംബന്ധിച്ച് അന്വേഷണവും നടപടിയും വേണമെന്ന് പരിസ്ഥിതി പ്രവർത്തകർ 
ഇതു സംബന്ധിച്ച് അരുൾ ബാദുഷ എഴുതിയ കുറിപ്പ് ചുവടെ:
പ്രിയ സുഹൃത്തുക്കളെ…
കാട് വന്യജീവികളുടെ ആവാസവ്യവസ്ഥയാണ്, അത് അവക്ക് മാത്രമുള്ളതാണെന്ന് നാം അറിയണം.
ഒരു കടുവ വയനാട്ടിലെ ബത്തേരി-ചെതലയം റോഡിൽ രണ്ട് ബൈക്കുയാത്രികർക്കു നേരെ പാഞ്ഞടുക്കുന്ന വീഡിയോ ദൃശ്യം കാണുകയുണ്ടായി.  ദൗർഭാഗ്യകരമെന്നു പറയട്ടെ
കാട്ടിലേക്കുള്ള കടന്നുകയറ്റവും റോഡ് പോലുള്ള വികല വികസന സങ്കൽപ്പങ്ങളും, ടൂറിസം നയങ്ങളും, അധിനിവേശ സസ്യങ്ങളുടെ കടന്നുകയറ്റവും, യാതൊരു വിധ മുൻധാരണയുമില്ലാതെ വയനാടൻ കാടുകളിൽ വച്ചുപിടിപ്പിച്ച മോണോ കൾച്ചർ പ്ലാന്റേഷനുകളും, കാലാവസ്ഥാ വ്യതിയാനവും, ആവാസ വ്യവസ്ഥക്ക് മനുഷ്യനേൽപ്പിക്കുന്ന ആഘാതവും മൂലം അതിജീവനം ഇന്ന് വന്യജീവികൾക്ക്
ദുസ്സഹമായിരിക്കുന്നു.
പ്രശസ്ത ബയോളജിസ്റ്റും കടുവ നിരീക്ഷകനുമായ Dr:ഉല്ലാസ് കാരന്ത് പറയുന്നത് ഏകദേശം 24 തവണ ഇരയെ പിടിക്കാനുള്ള ശ്രമങ്ങൾ നടത്തുമ്പോഴാണ്  കടുവക്ക് ഒരു ഇരയെ കിട്ടുന്നത് എന്നാണ്. ഒരു പക്ഷേ അങ്ങനെ ഇരിക്കുന്ന, റോഡ് മുറിച്ച് കടക്കാൻ കഴിയാതെ വിഷമിച്ചിരിക്കുന്ന, ദാഹജലത്തിനായ് ഏതെങ്കിലും കുളത്തിലേക്കോ അരുവിയിലേക്കോ പോകാനിരിക്കുന്ന, തന്റെ ഇണയെ കാത്തിരിക്കുന്ന, ചിലപ്പോൾ കുഞ്ഞിനെ കാണാതായ, ജീവന്റെ നിലനിൽപ്പിന്നാധാരമായ തന്റെ ആവാസം നഷ്ടപ്പെട്ട വേദനയിലിരിക്കുന്ന ഒരു കടുവയായിരിക്കാം അത്. അങ്ങനെയുള്ള ഒരുകടുവയുടെ മുന്നിലൂടെ,മൂന്നും നാലും തവണ സെൽഫിക്കും, ഫോട്ടോസിനും, വീഡിയോക്കും വേണ്ടി  തലങ്ങും വിലങ്ങും പരക്കം പാഞ്ഞവരാണ് ഈ വീഡിയോ എടുത്തതെന്ന് വ്യകക്തം.
പ്രകോപിക്കപ്പെട്ട കടുവ യാത്രികരെ ഉപദ്രവിക്കാഞ്ഞത് ഭാഗ്യം എന്തെങ്കിലും സംഭവിച്ചിരുന്നുവെങ്കിൽ അതു  വനംവകുപ്പിന്റെയും പാവം കടുവയുടെയും കുറ്റമായ് കണ്ട്  പ്രക്ഷോഭങ്ങളും സമരങ്ങളും തകർത്തേനെ.
പത്രമാദ്ധ്യമങ്ങളിൽ പറയുന്ന പോലെ നിരീക്ഷണത്തിനിടയിൽ കടുവ ആകമിക്കാൻ ശ്രമിച്ചതാണെങ്കിൽ ചില മാനദണ്ഡങ്ങൾ അത് നടത്തുന്നവർ പാലിക്കേണ്ടതായിരുന്നു.
അത് വനം വകുപ്പിലെ ആളുകളായാലും, സാധാരണക്കാരായാലും.
മൊബൈൽ ക്യാമറയിൽ വീഡിയോ എടുക്കുന്നതല്ല നീരീക്ഷണം എന്നോർമിപ്പിച്ചു കൊള്ളട്ടെ….
ഏതായാലും ആ കടുവയുടെ ഉദ്ദേശ്യം റോഡു മുറിച്ചുകടക്കുക എന്നത് മാത്രമായിരുന്നുവെന്നും  അക്രമണത്തിന് അത് മുതിർന്നിട്ടില്ല എന്നും വീഡിയോയിൽ നിന്നും വ്യക്തമാണ്. അല്ലായിരുന്നുവെങ്കിൽ സംഭവിക്കുക മറ്റൊന്നായിരുന്നേനെ….
വീഡിയോ എടുത്തത് വനം വകുപ്പ് വാച്ചർമാരോ, ഉദ്യോഗസ്ഥരോ ആണെങ്കിൽ അവർക്കെതിരെ ശക്തമായ നടപടി ഉണ്ടാവേണ്ടതാണ്.
വന്യമൃഗങ്ങളെ പലതരത്തിലും ശല്യപ്പെടുത്തുന്ന നമ്മളിൽ ചിലർക്കുള്ള ഒരു താക്കീതാണ് ഇത് എന്നോർമിപ്പിക്കട്ടെയെന്നും പരിസ്ഥിതി പ്രവർത്തകനായ അരുൾ ബാദുഷ ഫെയ്സ് ബുക്കിൽ എഴുതി.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *