മാനന്തവാടിയിലെ വികസന കാര്യങ്ങൾ നേടിയെടുക്കുന്നതിൽ എം.എൽ.എ.പൂർണ്ണ പരാജയം – കോൺഗ്രസ്സ്
മാനന്തവാടി: മാനന്തവാടിയിൽ പ്രവർത്തിച്ചു വന്നിരുന്ന പല ജില്ലാതല ഓഫീസുകളും ജില്ലയുടെ മറ്റ് ഭാഗങ്ങളിലേക്ക് പറിച്ചു നടുമ്പോൾ മണ്ഡലം എം.എൽ.എ മൗനം പാലിക്കുകയാണെന്നും മണ്ഡലത്തിലേക്കനുവദിച്ച പല വികസന പദ്ധതികളും ഉപേക്ഷിക്കുകയോ മറ്റിടങ്ങളിലേക്ക് മാറ്റപ്പെടുകയോ ചെയ്യുകയാണെന്നും മാനന്തവാടി മണ്ഡലം കോൺഗ്രസ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
എം.എൽ.എയുടെ നിഷ്ക്രിയത്തത്തിനെതിരെ നവംബർ 2 ന് ജനകീയ കൺവെൻഷൻ സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. ആരോഗ്യ വകുപ്പിന് കീഴിലുള്ള പല ഓഫീസുകളും കൽപ്പറ്റയിലേക്ക് മാറ്റി. ഏറ്റവും ഒടുവിലായി മാറ്റിയത് എൻ.എച്ച്എം കാര്യാലയമാണ്. ഡി.എം.ഒ.ഓഫീസുൾപ്പെടെ മാറ്റാനുള്ള നീക്കങ്ങൾ നടന്നുവരികയാണ്.
ബോയ്സ് ടൗണിൽ ഈ വർഷം മുതൽ ആരംഭിക്കുകയും പ്രധാനമന്ത്രി വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്യുകയും ചെയ്ത റൂസാ കോളേജ് പ്രവർത്തനം സംബന്ധിച്ച് യാതൊരു തുടർനടപടികളുമുണ്ടായിട്ടില്ല. വയനാട് മെഡിക്കൽ കോളേജിനായി പുതിയ ഭൂമി അന്വേഷിക്കുമ്പോൾ നിലവിൽ ആരോഗ്യ വകുപ്പിന് കൈവശ മുള്ള തവിഞ്ഞാലിലെ ശ്രീ ചിത്തിര ഭൂമിയെക്കുറിച്ച് ഒരക്ഷരം മിണ്ടാൻ എം.എൽ.എ തയ്യാറാവുന്നില്ല.
മക്കിമലയിൽ മുൻ സർക്കാർ കാലത്ത് തറക്കല്ലിട്ട എൻ.സി.സി. അക്കാദമി കോഴിക്കോട്ടേക്ക് മാറ്റാൻ നീക്കം നടക്കുകയാണ്. എന്നാൽ ഇത്തരം വിഷയങ്ങളിൽ ഇടപെട്ട് മണ്ഡലത്തിന്റെ വികസനതാൽപ്പര്യം മുൻനിർത്തി പ്രവർത്തിക്കാനും പ്രതികരിക്കാനും എം.എൽ.എ. തയ്യാറാവുന്നില്ലെന്നും ഭാരവാഹികൾ കുറ്റപ്പെടുത്തി. വാർത്താ സമ്മേളനത്തിൽ ഡെന്നീസൻ കണിയാരം, പി പി എ ബഷീർ, പി.കെ ഹംസ എന്നിവർ പങ്കെടുത്തു.





Leave a Reply