ആർ.സി.ഇ.പി കരാറിൽ ഇന്ത്യ പങ്കാളിയാകാനുള്ള നീക്കത്തിൽ നിന്നും കേന്ദ്ര സർക്കാർ പിന്മാറണം: കെ.കെ.ഏബ്രഹാം
പുൽപ്പള്ളി: രാജ്യത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലായ കാർഷിക മേഖലയുടെ സമ്പൂർണ്ണ തകർച്ചയ്ക്ക് കാരണമാകുന്ന മേഖല സമഗ്ര സാമ്പത്തിക പങ്കാളിത്ത (ആർ.സി.ഇ.പി) കരാറിൽ പങ്കാളിയാകാനുള്ള നീക്കത്തിൽ നിന്നും കേന്ദ്ര സർക്കാർ പിന്മാറണമെന്ന് കെ.പി.സി.സി സെക്രട്ടറി കെ.കെ.ഏബ്രഹാം ആവശ്യപ്പെട്ടു.
ആസിയൻ രാജ്യങ്ങളും, ചൈന, ജപ്പാൻ,
ഒസ്ട്രേലിയ, ന്യൂസിലാന്റ്, ദക്ഷിണ കൊറിയ ,ഇന്ത്യ തുടങ്ങിയ രാജ്യങ്ങൾ ചേർന്നുള്ള സ്വതന്ത്ര വ്യാപാരകരാർ നിലവിൽ വരുന്നതോടെ ഇപ്പോൾ തന്നെ പ്രതിസന്ധിയിലായ ഇന്ത്യയുടെ കാർഷിക മേഖല പൂർണ്ണമായും തകർന്നടിയും. ചെറുകിട വ്യാപാര വ്യവസായ, സേവന,എൻജിനിയറിംഗ് മേഖലകളെല്ലാം ഗുരുതരമായ പ്രതിസന്ധി നേരിടും.
കരാർ കേരളത്തെ ഏറ്റവും പ്രതികൂലമായി ബാധിക്കും. കാർഷിക മേഖലയിൽ വിദേശ നിക്ഷേപം നടത്തുന്നതിനും, പരിധിയില്ലാതെ കാർഷിക, ഉല്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിനും അനുമതി നല്കുന്ന കരാർ പ്രാവർത്തികമാകുന്നതോടെ, കർഷകർ ഉല്പാദിപ്പിക്കുന്ന പാൽ, പാൽ ഉല്പന്നങ്ങൾ, കുരുമുളക്, ഏലം, റബ്ബർ, നാളികേരം തുടങ്ങിയവ യാതൊരു പരിധി യുമില്ലാതെ ഇറക്കുമതി ചെയ്യും. അതോടെ ഇപ്പോൾത്തന്നെ കടക്കെണിയിലായ ' കർഷക സമൂഹം ആത്മഹത്യാ കെണിയിലാവുമെന്ന് കെ.കെ.ഏബ്രഹാം ചൂണ്ടിക്കാട്ടി.
കരാറിനെ കുറിച്ചുള്ള വിവരങ്ങളൊന്നും സർക്കാർ പുറത്തുവിട്ടിട്ടില്ല. രാജ്യത്തുള്ള ആരുമായും ചർച്ച ചെയ്തിട്ടില്ല. പാർലമെൻറിനെയും അറിയിച്ചിട്ടില്ല. ഇതെല്ലാം ദുരൂഹത ഉയർത്തുന്നതാണ്.
കരാർ പ്രാബല്യത്തിൽ വരുന്നതോടെ പ്രതിവർഷം 10,500 കോടി ഡോളറിന്റെ ഇറക്കുമതിയുണ്ടാകും. ഇതിൽ പകുതിയും ചൈനയിൽ നിന്നുമാണ് ഇറക്കുമതി ചെയ്യുന്നത്. ചൈനയുമായുള്ള ഇറക്കുമതിക്കമ്മി 6000 കോടിയായിരിക്കുമ്പോഴും പ്രതിവർഷം ഇത് വർദ്ധിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യം നില നില്ക്കുമ്പോൾത്തന്നെ കൂടുതൽ ഇറക്കുമതിക്ക് അവസരമൊരുക്കുന്നതു് ഇന്ത്യയുടെ സമ്പദ്ഘടനയെ തകർക്കും.
രാജ്യത്തിന്റെ കാർഷിക-നിർമാണ – വ്യാവസായിക – ചെറുകിട വ്യാപാര – സേവന-തൊഴിൽ മേഖലകളെയെല്ലാംപ്രതിസന്ധിയിലാക്കി സമ്പദ് വ്യവസ്ഥയെ തകർക്കുന്ന ആർ.സി.ഇ.പി.കരാർ നടപ്പിലാക്കുന്നതിൽ നിന്നും കേന്ദ്ര സർക്കാർ പിന്മാറണമെന്ന് ഏബ്രഹാം ആവശ്യപ്പെട്ടു.





Leave a Reply