സി.പി.എം. വയനാട് ജില്ലാ സെക്രട്ടറി ഗഗാറിനെതിരെ പരാതി നൽകിയ യുവാവിന് ക്രൂര മർദ്ദനം.
കൽപ്പറ്റ: വൈത്തിരിയിൽ യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് സി.പി.എം. വയനാട് ജില്ലാ സെക്രട്ടറി പി. ഗഗാറിനെതിരേ പരാതി നൽകിയ യുവാവിന് മർദനം. ഒരു മാസം മുമ്പ് വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വൈത്തിരി പൂക്കോട് സ്വദേശിനിയുടെ ഭർത്താവും സ്വകാര്യ ബസ് ഡ്രൈവറുമായ ഷാജി എന്ന ജോണിനാണ് മർദനമേറ്റത്.
വാടകയ്ക്ക് താമസിച്ചുവരികയായിരുന്ന വീട്ടിൽ കഴിഞ്ഞ ഒക്ടോബർ 21-നാണ് യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പി. ഗഗാറിൻ ഉൾപ്പെടെ അഞ്ചുപേർക്കെതിരേ ജില്ലാ പോലീസ് മേധാവിക്ക് ജോൺ പരാതി നൽകിയിരുന്നു. ഗഗാറിൻ തന്റെ ഭാര്യയെ ഭീഷണിപ്പെടുത്തുകയും ഫോണിൽ വിളിച്ച് ശല്യം ചെയ്യുകയും ചെയ്തെന്നായിരുന്നു പരാതി. മരണം കൊലപാതകമാണെന്ന് സംശയമുണ്ടെന്നും ജോൺ പരാതിയിൽ പറഞ്ഞിരുന്നു.
ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ പുനരന്വേഷണത്തിനും റീപോസ്റ്റുമോർട്ടത്തിനുമായി ശ്രമിക്കുന്നതിനിടയിലാണ് മർദ്ദനമെന്നും മരിക്കുന്നതിന് 20 മിനിറ്റ് മുമ്പ് ഭാര്യയുടെ ശരീരത്തിൽ മുറിവേറ്റതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ടെന്നും എന്നാൽ വൈത്തിരി പോലീസിന്റെ ഭാഗത്തുനിന്നും അന്വേഷണമുണ്ടായില്ലെന്നും ജോൺ പറഞ്ഞു.
ഗഗാറിന്റെ മകനും ബന്ധുവും കൂടെയെത്തിയവരും ചേർന്നാണ് തന്നെ മർദിച്ചെന്ന് ജോൺ ആരോപിച്ചു. ചൊവ്വാഴ്ച രാവിലെ വൈത്തിരി പന്ത്രണ്ടാം പാലത്തുവെച്ചാണ് മർദനമേറ്റതെന്നും ജോൺ പറഞ്ഞു. വൈത്തിരി ഗ്രാമപ്പഞ്ചായത്ത് സി.പി.എം. അംഗം എൽസിയുടെ നേതൃത്വത്തിലെത്തിയ സംഘം താൻ ഓടിച്ചിരുന്ന ബസ് തടഞ്ഞു നിർത്തി ഡ്രൈവിങ്ങ് സീറ്റിൽ നിന്നും ഇറക്കി മർദ്ദിക്കുകയായിരുന്നുവെന്നും ജോൺ കൂട്ടിച്ചേർത്തു.
മർദിക്കുന്നതിനിടയിൽ ഗഗാറിന്റെ മകൻ, അച്ഛനെതിരേ പരാതി നൽകിയ കാര്യം പറഞ്ഞെന്നും പരാതി നൽകിയതിലുള്ള വൈരാഗ്യമാണ് മർദനത്തിന് കാരണമെന്നും ജോൺ ആരോപിച്ചു.. വാഹനം നിർത്തിയതുമായി ബന്ധപ്പെട്ട് മനഃപൂർവം തർക്കമുണ്ടാക്കി മർദനത്തിന് സാഹചര്യമൊരുക്കുകയായിരുന്നുവെന്നും ജോൺ പറയുന്നു.
ജോണിനെ മുൻപരിചയമില്ലെന്ന് വൈത്തിരി പഞ്ചായത്തംഗം എൽസി ജോർജ് പറഞ്ഞു. പൊഴുതന ജങ്ഷനിൽ പാർക്കിങ്ങിന് അനുവാദമില്ലാത്ത സ്ഥലത്ത് ബസ് നിർത്തിയത് ചോദ്യം ചെയ്തിരുന്നു. വാഹനം മാറ്റണമെന്ന് ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കാതെ ജോൺ അസഭ്യം പറഞ്ഞു. പന്ത്രണ്ടാം പാലത്തെത്തിയപ്പോൾ ബസ് നിർത്തിയിറങ്ങിയ ജോൺ തന്നെ മർദിച്ചെന്നും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് വൈത്തിരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെന്നും എൽസി പറഞ്ഞു.
ജോണിന്റെ മുഖത്തും മൂക്കിനും ദേഹത്തുമാണ് പരിക്കേറ്റത്. വൈത്തിരി താലൂക്ക് ആശുപത്രിയിലും പിന്നീട് കൽപ്പറ്റ ജനറൽ ആശുപത്രിയിലും ചികിത്സ തേടി. എൽസി നൽകിയ പരാതിയിൽ പോലീസ് കേസെടുത്തു. മൊഴിയെടുക്കാനായി പോലീസ് ആശുപത്രിയിലെത്തിയെങ്കിലും ജോണിനെ കാണാത്തതിനാൽ കേസെടുത്തില്ല.





Leave a Reply