April 24, 2024

ശിശുമരണനിരക്ക് ഗണ്യമായി കുറഞ്ഞു :മന്ത്രി കെ.കെ.ശൈലജ

0
District Hospital.jpg
മാനന്തവാടി:
    സംസ്ഥാനത്ത് ശിശുമരണ നിരക്ക് ഗണ്യമായി കുറയ്ക്കാന്‍ കഴിഞ്ഞത് ആരോഗ്യ മേഖലയുടെ കരുത്തുറ്റ സംഭാവനയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. ജില്ലാ ആശുപത്രിയില്‍ സ്‌പെഷ്യല്‍ ന്യൂ ബോണ്‍ കെയര്‍ യൂണിറ്റ്, വിശ്രമ മന്ദിരം, കാത്ത്‌ലാബിന്റെ നിര്‍മ്മാണം എന്നിവ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. വയനാട്ടിലെ ശിശുമരണ നിരക്ക് 12ല്‍ നിന്നും ഏഴായി കുറയ്ക്കാന്‍ സാധിച്ചു. ആരോഗ്യരംഗത്തെ മികച്ച പ്രവര്‍ത്തനങ്ങളാണ് ഇത് ചൂണ്ടികാണിക്കുന്നത്. മെഡിക്കല്‍ കോളേജില്‍ ലഭ്യമാവുന്ന അതേ ചികിത്സാ സൗകര്യങ്ങളാണ്  പുതിയതായുള്ള സ്‌പെഷ്യല്‍ ന്യൂ ബോണ്‍ കെയര്‍ യൂണിറ്റില്‍ ഒരുക്കിയിരിക്കുന്നത്. വെന്റിലേറ്റര്‍ ഒഴികെയുള്ള എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ട്. കുട്ടികള്‍ക്കുണ്ടാകുന്ന സെപ്റ്റിഫിമിയ , മഞ്ഞപ്പിത്തം എന്നിവക്കൊക്കെ ഇവിടെ നിന്ന് വിദഗ്ധ ചികില്‍സ നല്‍കാനാവും. പ്രായം തികയാതെ ഉണ്ടാവുന്ന കുട്ടികള്‍ക്കുളള തീവ്രപരിചരണം സിപാപ് മെഷീനിന്റെ സഹായത്തോടെ ലഭ്യമാകും. മാസത്തില്‍ 250 ലേറെ കുട്ടികള്‍ ജില്ലാ ആശുപത്രിയില്‍ ജനിക്കാറുണ്ട്. പ്രത്യേക ചികിത്സാ പരിചരണത്തിനായി മെഡിക്കല്‍ കോളേജിലേക്ക് അയയ്ക്കുകയാണ് പതിവ്. ഇനി മുതല്‍ എല്ലാ സൗകര്യങ്ങളും ജില്ലാ ആസ്പത്രിയില്‍ത്തന്നെ ലഭ്യമാവും. കൂട്ടിരിപ്പുക്കാര്‍ക്കുള്ള വിശ്രമകേന്ദ്രവും ജില്ലാ ആസ്പത്രിക്ക് മുതല്‍കൂട്ടാണ്. രോഗികളുടെ കൂട്ടിരിപ്പുക്കാര്‍ക്ക് രാത്രികാലങ്ങളില്‍ ആസ്പത്രിയില്‍ നില്‍ക്കാന്‍ സാധിക്കില്ല. അതിനുള്ള സൗകര്യങ്ങള്‍ ഇനി മുതല്‍ ലഭിച്ചു തുടങ്ങും. കാത്ത് ലാബ് പൂര്‍ത്തിയാകുന്നതോടെ മെച്ചപ്പെട്ട ചികിത്സ ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു.
   കെ.കെ.രാകേഷ് എം.പി.യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ ചെലവഴിച്ച് വിശ്രമ മന്ദിരവും ആര്‍ദ്രം പദ്ധതിയില്‍  20 ലക്ഷം രൂപ വകയിരുത്തിയുമാണ് സ്‌പെഷ്യല്‍ ന്യൂ ബോണ്‍ കെയര്‍ യൂണിറ്റ് നിര്‍മ്മിച്ചത്. 8 കോടി രൂപ ഉപയോഗിച്ചാണ് കാത്ത്‌ലാബ് നിര്‍മ്മിക്കുന്നത്. ആറ് മാസത്തിനകം നിര്‍മ്മാണം പൂര്‍ത്തീകരിക്കും. ഒ.ആര്‍ കേളു എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ, മാനന്തവാടി മുന്‍സിപ്പല്‍ ചെയര്‍മാന്‍ വി.ആര്‍.പ്രവീജ് ,ഡി.എം.ഒ. ആര്‍. രേണുക, ഡി.പി.എം. ഡോ. ബി.അഭിലാഷ് , ജില്ലാ ആശുപത്രി സൂപ്രണ്ട് കെ.എം നൂന മര്‍ജ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ ബാബു , കണ്‍സള്‍ട്ടന്റ് പീഡിയാട്രിക്‌സ് ഡോ.പി ചന്ദ്രശേഖരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങില്‍ മോട്ടോറൈസ്ഡ് വീല്‍ ചെയര്‍ സമര്‍പ്പണം ആരോഗ്യ മന്ത്രി ഷിബിന ബേഗൂരിനു നല്‍കി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *