April 25, 2024

മാനന്തവാടി രൂപത വൈദികൻ ഫാ: മാത്യു പൈക്കാട്ട് നിര്യാതനായി

0
Img 20200310 Wa0386.jpg
മാനന്തവാടി രൂപത വൈദികൻ ഫാ: മാത്യു പൈക്കാട്ട് നിര്യാതനായി
കൽപ്പറ്റ:
മാനന്തവാടി രൂപത വൈദികനായ ബഹുമാനപ്പെട്ട മാത്യു പൈക്കാട്ട് അച്ചന്‍ (75 വയസ്സ്) രോഗബാധിതനായി ചികിത്സയിലായിരിക്കേ  മാനന്തവാടി സെന്‍റ് ജോസഫ് ഹോസ്പിറ്റലില്‍  മരിച്ചു.
 
താമരശ്ശേരി രൂപതയിലെ പൂവാറന്തോട് ഇടവകയില്‍ പൈക്കാട്ട് അബ്രാഹം-അന്ന ദമ്പതികളുടെ മകനായി 1945- ഓഗസ്റ്റ് 8 – നാണ്  മാത്യുവച്ചന്‍ ജനിക്കുന്നത്. അഞ്ച് സഹോദരങ്ങളാണ് അച്ചനുള്ളത്. തിരുവമ്പാടിയില്‍ പ്രാഥമികവിദ്യാഭ്യാസത്തിന് ശേഷം വൈദികപരിശീലനത്തിന് പ്രവേശിക്കുകയും 1973 ഡിസംബര്‍ 19-ന് അഭിവന്ദ്യ ജേക്കബ് തൂങ്കുഴി പിതാവില്‍ നിന്ന് കൂടരഞ്ഞി ഇടവകയില്‍ വച്ച് പൗരോഹിത്യം സ്വീകരിക്കുകയും ചെയ്തു.
 
തിരുപ്പട്ടസ്വീകരണത്തിന് ശേഷം മുള്ളന്‍കൊല്ലി ഇടവകയില്‍ അസിസ്റ്റന്‍റ് വികാരിയായും ചിത്രഗിരി, മഞ്ഞൂറ, ആടിക്കൊല്ലി, നിലമ്പൂര്‍, വള്ളിക്കെട്ട്, റൂബിനഗര്‍, തവിഞ്ഞാല്‍ ചുങ്കക്കുന്ന്, തരിയോട്, കൊളവയല്‍, മരക്കടവ് എന്നീ ഇടവകകളില്‍ വികാരിയായും സേവനമനുഷ്ഠിച്ചു. ബഹുമാനപ്പെട്ട മാത്യു അച്ചന്‍ വൈദികശുശ്രൂഷ ചെയ്ത എല്ലാ ഇടവകകളിലും തികച്ചും സ്വീകാര്യനായ വൈദികനായിരുന്നു. തന്നെ ഏല്പിച്ച ഉത്തരവാദിത്വങ്ങളോട് പൂര്‍ണ്ണമായ വിശ്വസ്തത പുലര്‍ത്തിയ അച്ചന്‍ തന്‍റെ ജീവിതത്തിന്‍റെ നല്ല ഭാഗവും ഇടവകകളുടെ ആത്മീയവളര്‍ച്ചക്കായിട്ടാണ് മാറ്റിവെച്ചത്. തന്‍റെ ശുശ്രൂഷാരംഗത്ത് നിന്ന് അല്പസമയം പോലും മാറിനില്‍ക്കാന്‍ ആഗ്രഹിക്കാതിരുന്ന മാത്യുവച്ചന്‍റെ ദേഹവിയോഗത്തില്‍ രൂപതാകുടുംബം ഒന്നാകെ പ്രാര്‍ത്ഥനാനിര്‍ഭരമായ അനുശോചനങ്ങള്‍ രേഖപ്പെടുത്തുന്നു.  
ബഹുമാനപ്പെട്ട മാത്യുവച്ചന്‍റെ മൃതസംസ്കാരശുശ്രൂഷയുടെ രണ്ടാം ഭാഗം ബുധനാഴ്ച  (11 മാര്‍ച്ച് 2020) ഉച്ചകഴിഞ്ഞ് 2.30-ന് മാനന്തവാടി രൂപതാദ്ധ്യക്ഷന്‍ അഭി. ജോസ് പൊരുന്നേടം പിതാവിന്‍റെ കാര്‍മ്മികത്വത്തില്‍ ദ്വാരക പാസ്റ്ററല്‍ സെന്‍ററിന്‍റെ ഓഡിറ്റോറിയത്തില്‍ ആരംഭിക്കും. 
അതേസമയം കൊറോണ വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ മൃതസംസ്കാരശുശ്രൂഷയില്‍ സംബന്ധിക്കുന്നവര്‍ക്ക് പ്രത്യേകനിര്‍ദ്ദേശങ്ങള്‍ മാനന്തവാടി രൂപതാദ്ധ്യക്ഷന്‍ നല്കുന്നുണ്ട്. കേരളസര്‍ക്കാരിന്‍റെ എല്ലാ പ്രതിരോധനടപടിക്രമങ്ങളും പാലിക്കുക, വൈറസ് ബാധയുടെ ലക്ഷണങ്ങളായ പനി, ചുമ തൊണ്ടവേദന എന്നിവയുള്ളവര്‍ ശുശ്രൂഷകളില്‍ പങ്കെടുക്കുന്നത് നിര്‍ബന്ധമായും ഒഴിവാക്കുക, വരുന്നവര്‍ പരസ്പരം ഹസ്തദാനം നല്കുന്നതും മൃതശരീരത്തില്‍ സ്പര്‍ശിക്കുന്നതും ചുംബിക്കുന്നതും ഒഴിവാക്കുക, പരിസരങ്ങളില്‍ തുപ്പാതിരിക്കാനും മൂക്കില്‍ നിന്നുള്ള സ്രവങ്ങള്‍ വീഴാതിരിക്കാനും ശ്രദ്ധിക്കുക എന്നിവയോടൊപ്പം തന്നെ സംസ്കാരത്തോടനുബന്ധിച്ച് കൂടുതല്‍ ആളുകള്‍ ഒരുമിച്ച് കൂടുന്നത് ഒഴിവാക്കാന്‍ കഴിയുന്നത്ര ആളുകള്‍ നേരത്തേ വന്ന് പ്രാര്‍ത്ഥിച്ച് തിരിച്ചുപോകണമെന്നും നിര്‍ദ്ദേശമുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *