April 20, 2024

കോവിഡിനിടെ രാഷ്ട്രീയ ചേരിതിരിക്കലിനും പകപോക്കലിനും ശ്രമം: പി.കെ. ജയലക്ഷ്മി

0
മാനന്തവാടി: ലോകത്തെയാകെ വ്യാപിച്ച വലിയൊരു മഹാമാരി തവിഞ്ഞാൽ പഞ്ചായത്തിലെ    വാളാട് പ്രദേശത്തെയും സാരമായി ബാധിച്ചപ്പോൾ ആ ദുരന്തത്തിൽ ഒപ്പം നിൽക്കേണ്ടവർ  രാഷ്ട്രീയ ചേരിതിരിവിനും  പകപോക്കലിനും ശ്രമിക്കുകയാണന്ന് മുൻ മന്ത്രിയും  എ.ഐ. സി.സി. അംഗവുമായ പി.കെ. ജയലക്ഷ്മി ആരോപിച്ചു.  സാമൂഹികവും , സാമുദായികവും പ്രാദേശികമായ ഒറ്റപ്പെടുത്തലും ആക്ഷേപവുമാണ് ഒരു പ്രദേശത്തെ ജനങ്ങൾക്ക് നേരെ നടക്കുന്നത്. ജില്ലാ ഭരണകൂടത്തിനൊപ്പം  തവിഞ്ഞാൽ പഞ്ചായത്ത്, ആരോഗ്യവകുപ്പ്, പോലീസ് എന്നിവ ഇപ്പോൾ കാര്യക്ഷമമായി  പ്രവർത്തിക്കുന്നുണ്ട്. അതിനോട് ജനങ്ങൾ ഒന്നടങ്കം നല്ല രീതിയിൽ സഹകരിക്കുന്നുണ്ട്.  2100 ലധികം പേർ  ആന്റിജൻ പരിശോധിക്ക് വിധേയമായതും 200 ലധികം പോസിറ്റീവായതും 500 ലധികം പേർ വീടുകളിൽ റൂം ക്വാറന്റൈനിൽ കഴിയുന്നതും ഇതിന്റെ തെളിവാണ്.  എന്നാൽ മരണാനന്തര ചടങ്ങ് നടന്ന സമയത്തും വിവാഹ സമയത്തും ഈ കാര്യക്ഷമത ഉണ്ടായില്ല. തുടക്കത്തിൽ 
 അധികൃതർക്കുണ്ടായ വീഴ്ച മറച്ചുവെക്കുന്നതിന് ഇപ്പോൾ ജനത്തെ ഒന്നടങ്കം ആക്ഷേപിക്കുകയും  കേസിൽ കുടുക്കുകയുമാണ് ചെയ്യുന്നത് . ഈ പ്രദേശെത്തെ 550 ലധികം പേരാണ് പോലീസ് കേസിൽ കുടുങ്ങിയത്. 
ഒരു സമുദായത്തെയും അവരുടെ ഭക്ഷ്യ സംസ്കാരത്തെയും ആക്ഷേപിച്ചും  ഒരു  പാർട്ടിയുടെ ആളുകളെ ഒഴിവാക്കിയും ജനങ്ങൾക്കെതിരെ  കേസ് എടുത്തും  രോഗത്തിനൊപ്പം ആളുകെളെ  മാനസികമായും തകർക്കുന്ന തരത്തിലാണ് ഒരു വിഭാഗത്തിന്റെ പ്രവർത്തനം.  ഇത്തരമൊരു രോഗവ്യാപനം ആരും അറിഞ്ഞു കൊണ്ട് വരുത്തി വെച്ചതല്ല.  രോഗം വന്നാൽ ജനങ്ങൾക്ക് മെച്ചപ്പെട്ട ചികിത്സയും പരിചരണവും ഉറപ്പുവരുത്തേണ്ടത്  ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണ്. അത് ലഭിക്കാതാവുമ്പോഴൊ അധികൃതരുടെ ഭാഗത്ത് വീഴ്ചയുണ്ടാകുമ്പോഴൊ  ചൂണ്ടിക്കാണിക്കുന്നത് സ്വാഭാവികമാണ്. എന്നാൽ ഇതിനെ അട്ടിമറിയെന്നും  നിസ്സഹകരണമെന്നും  ദുരന്ത കാലത്തെ തമ്മിൽ തല്ല് എന്നൊക്കെ പറഞ്ഞ് അരാഷ്ട്രീയവാദികളും  സാമുഹ്യ മാധ്യമങ്ങളിലെ പ്രചാരകരും രംഗത്ത് വരുമ്പോൾ   ചിലർ അതിന് കുടപിടിക്കുകയാണ്. വേദന അനുഭവിക്കുന്ന ഒരു ജനതക്കൊപ്പം  പ്രതിസന്ധി ഘട്ടത്തിൽ താങ്ങും തണലുമാകേണ്ടവർ അവഗണനയുടെയും ആക്ഷേപത്തിന്റെയും വക്താക്കളായി മാറുന്നത് ശരിയല്ലന്നും സമൂഹ മാധ്യമങ്ങൾ വഴി ഈ പ്രദേശത്തെ അവഹേളിക്കുന്നത് അവസാനിപ്പിക്കണമെന്നും ഈ ദുരന്തം ആരെയും എപ്പോൾ വേണമെങ്കിലും ബാധിക്കാം എന്ന സത്യം എല്ലാവരും തിരിച്ചറിയണമെന്നും ജയലക്ഷ്മി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *