പനമരം – ബീനാച്ചി റോഡ് നിർമാണം; ഉപായം കൊണ്ട് ഓട്ടയടയ്ക്കരുത് – പനമരം പൗരസമിതി

പനമരം: പതിനായിരക്കണക്കിന് കുടുംബങ്ങൾക്കും യാത്രികർക്കും ഏക ആശ്രയവും ഉപയോഗ പ്രദവുമായ പനമരം ബീനാച്ചി റോഡ് നിർമാണം മൂന്ന് വർഷങ്ങൾ തികയുമ്പോഴും ഇഴഞ്ഞുനീങ്ങുകയാണ്. ജില്ലയിലെ പ്രധാന പാതയും ഒട്ടേറെ ടൗണുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതുമായ ഈ റോഡിലൂടെ വർഷങ്ങളായി യാത്രാ ദുരിതം പേറുന്ന ഇവിടുത്തെ നാട്ടുകാരുടെയും യാത്രക്കാരുടെയും കണ്ണിൽ പൊടിയിടുന്ന രീതിയിലാണ് അധികാര വർഗങ്ങളുടെ സമീപനം. റോഡ് നിർമാണത്തിലൂടെ ബന്ധപ്പെട്ടവർ ഉപായം കൊണ്ട് ഓട്ടയടയ്ക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് പനമരം പൗരസമിതി പത്രസമ്മേളനത്തിലൂടെ കുറ്റപ്പെടുത്തി.
കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 50.55 കോടി രൂപയോളം വകയിരുത്തി 2019 ൽ നിർമാണം തുടങ്ങിയെങ്കിലും 30% പ്രവർത്തികൾ പോലും തീർക്കാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല. കോടികൾ ചിലവു വരുന്ന പ്രവൃത്തികൾക്കായി ടെണ്ടർ നൽകുമ്പോൾ മാനദണ്ഡങ്ങൾ ഉറപ്പുവരുത്താൻ സർക്കാർ തയ്യാറാവണം. കരാറുകാരന്റെ കഴിവും പ്രവൃത്തിപരിചയവും ഇത്തരം വലിയ പ്രവൃത്തികളിൽ പാലിക്കപ്പെടുന്നുണ്ടോ എന്നും ഉറപ്പാക്കണം. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സത്യസന്ധമായി ജോലി നിർവ്വഹിക്കുന്നുണ്ടോ എന്നതും പരിശോധിക്കപ്പെടണം.
പനമരം – ബീനാച്ചി റോഡ് നിർമാണത്തിൽ അഴിമതിയും അശാസ്ത്രീയതയുമുള്ളതായി റോഡ് സംരക്ഷണ സമിതിയും നാട്ടുകാരും നേരത്തെ ആരോപിച്ചതാണ്. കരാർ വ്യവസ്ഥ പ്രകാരമുള്ള നിർമാണം നടത്താത്തതിൽ വലിയ പ്രതിഷേധങ്ങൾ ഉണ്ടായിട്ടുള്ളതുമാണ്. കാലവർഷവും വേനലും മാറിമാറി വന്നിട്ടും നിർമാണം പൂർത്തീകരിക്കാതെ നാട്ടുകാരെ ദ്രോഹിക്കുന്ന നിർമാണ പ്രവൃത്തികളാണ് ഉണ്ടായത്. നാട്ടുകാർ ബഹളമുണ്ടാക്കുമ്പോൾ മാത്രം പ്രവൃത്തികൾ തുടങ്ങുകയും പിന്നീട് നിർത്തി പോവുകയും ചെയ്യുന്നത് പതിവായിരിക്കുകയാണ്. പനമരം ഭാഗത്ത് ഇതുവരെ യാതൊരു പ്രവൃത്തികളും ആരംഭിച്ചിട്ടുമില്ല. പനമരം ചെറുപുഴ പാലം ഏതു നിമിഷവും നിലംപൊത്തൽ ഭീഷണിയിലുമാണ്.
കൊയിലേരി – മാനന്തവാടി റോഡിന്റെ അവസ്ഥയും ഇത്തരത്തിലാണ്. ജില്ലയിൽ മാത്രം പല റോഡ് നിർമാണവും ഇപ്രകാരമാണ്. സർക്കാറിന്റെ കോടികൾ ആണ്ടു തോറും കട്ടുമുടിക്കപ്പെടുന്ന സ്ഥിതിയാണ്. പദ്ധതിയുടെ മേൽനോട്ടം വഹിക്കേണ്ട ഉദ്യോഗസ്ഥർ കാഴ്ചക്കാരായി മാറുമ്പോൾ നാട്ടുകാർ പണി പോലും കളഞ്ഞ് കാവലിരിക്കേണ്ട ഗതികേടിലാണ്. ഇത്തരത്തിലുള്ള റോഡു പണികൾ പൊതുജനങ്ങളുടെ ആരോഗ്യത്തെയും, സമ്പത്തിനെയും വലിയ രീതിയിൽ ബാധിക്കുന്നുണ്ട്. പൊടിയും മറ്റും അടിച്ച് കുട്ടികൾക്കടക്കം ഗുരുതര രോഗങ്ങൾക്ക് കൂടി ആക്കം കൂട്ടുന്നു. കിഫ്ബി, കെ.ആർ.എഫ്.ബി, പി.ഡബ്ല്യൂ.ഡി എന്നൊക്കെ പറഞ്ഞ് കേരളത്തിലെ ജനങ്ങളെ ഒന്നടങ്കം ദുരിതത്തിലാക്കുന്ന റോഡു പണി ദുരന്തങ്ങൾ അവസാനിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. രാഷ്ട്രീയ പാർട്ടികളും, ജനപ്രതിനിധികളും, നേതാക്കളും സർക്കാറിന്റെ പൊതുവർക്കുകളിൽ കരാറുകാർക്ക് ഒത്താശ ചെയ്തു കൊടുക്കുന്നതാണ് മറ്റൊരു ദുരന്തം. അതുകൊണ്ട് ഇനിയെങ്കിലും അധികൃതർ ഉണർന്ന് പ്രവർത്തിച്ച് നിർമാണം ഉടൻ പൂർത്തീകരിക്കണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു.
പത്രസമ്മേളനത്തിൽ ചെയർമാൻ അഡ്വ. ജോർജ് വാതുപറമ്പിൽ, കൺവീനർ റസാക്ക് സി പച്ചിലക്കാട്, ട്രഷറർ വി.ബി രാജൻ, വൈസ്. ചെയർമാൻ പി എൻ അനിൽകുമാർ, ജോ.സെക്രട്ടറി, കാദർകുട്ടി കാര്യാട്ട്, പി.ആർ.ഒ മൂസ കൂളിവയൽ എന്നിവർ സംസാരിച്ചു.



Leave a Reply