ആദിവാസി സഹോദരങ്ങൾക്കായി ഓണക്കോടികൾ വിതരണം ചെയ്ത് നടൻ മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ

വയനാട് : മലയാളത്തിന്റെ മഹാനടൻ പത്മശ്രീ മമ്മൂട്ടി നേതൃത്വം നൽകുന്ന ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ ആദിവാസി സഹോദരങ്ങൾക്കായി ഓണക്കോടികൾ വിതരണം ചെയ്തു. വയനാട് വനം ഡിവിഷനിലെ ചെതലത്ത് റെയ്ഞ്ചും ചേർന്നാണ് വിതരണം ചെയ്തത്. ചെതലത്ത് റേഞ്ചിലെ പുൽപ്പള്ളി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലുള്ള കാരക്കണ്ടി കോളനിയിലെ 15 ഓളം കുടുംബങ്ങളിൽപ്പെട്ട 77 ആദിവാസി സഹോദരങ്ങൾക്കാണ് ഓണക്കോടികൾ നൽകി ഓണത്തെ വരവേറ്റത്. പദ്ധതിയുടെ വിതരണോദ്ഘാടനം കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ മാനേജിംഗ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ, സൗത്ത് വയനാട് ഡി. എഫ്. ഓ ഷജ്ന. പി. കരീം എന്നിവർ ചേർന്ന് നിർവഹിച്ചു. കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ പൂർവികം പദ്ധതിയുടെ ഭാഗമായാണ് ആദിവാസി സഹോദരങ്ങൾക്കായി ഓണക്കോടി വിതരണം ചെയ്യുന്നതെന്ന് ഫൗണ്ടേഷൻ മാനേജിംഗ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ പറഞ്ഞു.ആദിവാസി സഹോദരങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ജീവകാരുണ്യ പദ്ധതിയാണ് പൂർവികം. കേരളത്തിലെ ആദിവാസി സഹോദരങ്ങൾക്ക് വളരെയേറെ പ്രയോജനം ലഭിക്കുന്ന പദ്ധതിയാണ് പൂർവികം എന്നും ഡി. എഫ്. ഓ. പ്രസ്താവിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ മഞ്ജു ഷാജി, ഫോറസ്റ്റ് അധികൃതർ എന്നിവരും സംബന്ധിച്ചു.



Leave a Reply