April 24, 2024

ഗോത്രവിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പഠനയാത്രയൊരുക്കി തരിയോട് ജി .എല്‍ .പി സ്‌കൂള്‍

0
Picsart 12 09 03.28.12
കാവുംമന്ദം: ജീവിതത്തിലൊരിക്കലും   ജില്ലവിട്ടു പോയിട്ടില്ലാത്ത ഗോത്രവര്‍ഗ കുരുന്നുകള്‍, പഠനയാത്രാവാഹനം ചുരമിറങ്ങിയപ്പോള്‍ മുതല്‍ ആര്‍ത്തുവിളിച്ചു. കൗതുകം നിറഞ്ഞ കണ്ണുകളാല്‍ ചുരവും, മലയിറങ്ങി കടലും കപ്പലും തീവണ്ടിയും കണ്ടു. കൂരയിലെ നിത്യദാരിദ്രം കാരണം ജീവിതത്തില്‍ ഒരിക്കലും കാണാന്‍ കഴിയില്ലെന്ന് കരുതിയിരുന്ന കാഴ്ചകള്‍ കണ്ട് രാത്രിയോടെ ചുരം കയറുമ്പോള്‍ ആഹ്ലാദത്തിന്റെ നെറുകയിലായിരുന്നു തരിയോട് ജി എല്‍ പി സ്‌കൂളിലെ പെണ്‍കുട്ടികളടങ്ങുന്ന ഗോത്രവിദ്യാര്‍ത്ഥികള്‍. സ്‌കൂളുകളില്‍ പഠന യാത്രകള്‍ സംഘടിപ്പിക്കുമ്പോള്‍ സാമ്പത്തിക പരാധീനതകള്‍ കാരണം പലപ്പോഴും ഗോത്രവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാന്‍ സാധിക്കാറില്ലെന്ന തിരിച്ചറിവില്‍ നിന്നാണ് സ്‌കൂള്‍ അധികൃതര്‍ മാതൃകാപരമായ ഈ പഠനയാത്ര സംഘടിപ്പിച്ചത്. ബേപ്പൂരിലെ ജങ്കാര്‍ യാത്രയും കപ്പലില്‍ കയറി അതിനുള്ളിലെ കാഴ്ച്ചകളും റെയില്‍വെ കാഴ്ച്ചകളും പ്ലാനറ്റേറിയത്തിലെ കൗതുക കാഴ്ച്ചകളും കുട്ടികള്‍ക്ക് നല്‍കിയ ആനന്ദം പറഞ്ഞറിയിക്കാനാവാത്തതായിരുന്നു. ഒടുവില്‍ കോഴിക്കോട് ബീച്ചില്‍ തിരമാലകളില്‍ കളിച്ചും അസ്തമയ സൂര്യനെ ആസ്വദിച്ചും തിരിച്ച് പോരുമ്പോള്‍ കുട്ടികളില്‍ കണ്ട സന്തോഷം സ്‌കൂള്‍ അധികൃതരുടെ കണ്ണ് നിറച്ചു. പഠനയാത്ര രാവിലെ തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റീന സുനിലാണ് ഫ്‌ളാഗ് ഓഫ് ചെയ്തത്. പി ടി എ പ്രസിഡന്റ് ഷമീം പാറക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.  പ്രധാനാധ്യാപിക വത്സ പി മത്തായി, സീനിയര്‍ അസിസ്റ്റന്റ് എം എ ലില്ലിക്കുട്ടി, എം പി കെ ഗിരീഷ്‌കുമാര്‍, ശശികുമാര്‍, എന്‍ കെ ഷമീന, വി പി ചിത്ര, ഷാലു തോമസ്, സിനി അനീഷ്, ലീന ബാബു തുടങ്ങിയവര്‍ യാത്രക്ക് നേതൃത്വം നല്‍കി.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *