April 19, 2024

സ്വയംസന്നദ്ധ പുനരധിവാസം: നരിമാന്തിക്കൊല്ലിയിലെ 12 കുടുംബങ്ങള്‍ കാടിറങ്ങുന്നു

0


വയനാട് വന്യജീവി സങ്കേതത്തിലെ സ്വയംസന്നദ്ധ പുനരധിവാസ പദ്ധതി പ്രകാരം നരിമാന്തിക്കൊല്ലിയിലെ 12 കുടുംബങ്ങളെ കൂടി വനത്തിന് പുറത്തേക്ക് പുനരധിവസിപ്പിക്കുന്നു. ഇവര്‍ക്ക് 15 ദിവസത്തിനകം നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. വന്യജീവി സങ്കേതത്തിലെ തോല്‍പ്പെട്ടി റെയ്ഞ്ചിലാണ് വനത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന നരിമാന്തിക്കൊല്ലി സെറ്റില്‍മെന്റ്. കേന്ദ്രസര്‍ക്കാരിന്റെ വൈല്‍ഡ് ലൈഫ് ഹാബിറ്റാറ്റ് ഇപ്രൂവ്‌മെന്റ് പദ്ധതിയിലുള്‍പ്പെട്ട ഗ്രാമത്തില്‍ നിന്നു പത്തോളം കുടുംബങ്ങളെ ഏതാനും മാസങ്ങള്‍ക്കു മുമ്പ് വനത്തിനു പുറത്തേക്ക് മാറ്റിയിരുന്നു. പുതിയ തീരുമാനപ്രകാരം വനഗ്രാമത്തിലെ മുഴുവന്‍ കുടുംബങ്ങളും പുറംലോകത്തെത്തും. വെള്ളക്കോട്, കൊട്ടങ്കര എന്നിവടങ്ങളില്‍ നിന്നും പദ്ധതിക്ക് പുറത്തായവരെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്തു. ഇവിടങ്ങളില്‍ പുനരധിവാസവുമായി ബന്ധപ്പെട്ട് രൂപീകരിച്ച ഉപസമിതി റിപ്പോര്‍ട്ട് പരിശോധിച്ച് രണ്ടു ദിവസത്തിനകം മറുപടി നല്‍കാന്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എന്‍.ടി. സാജനെ കളക്ടര്‍ എ.ആര്‍.അജയകുമാര്‍ ചുമതലപ്പെടുത്തി. 

2011 ലാണ് വയനാട് വന്യജീവി സങ്കേതത്തിലെ 14 ഗ്രാമങ്ങളിലായി 800 കുടുംബങ്ങളെ കാടിനുള്ളില്‍ നിന്നും മാറ്റിപ്പാര്‍പ്പിക്കാന്‍ തീരുമാനിച്ചത്. ആദ്യ വര്‍ഷം കുറിച്യാട് റേഞ്ചിലെ ഗോളൂര്‍, അമ്മവയല്‍ സെറ്റില്‍മെന്റുകളിലെ 49 കുടുംബങ്ങളെ വനത്തിന് പുറത്തേക്ക് മാറ്റി. 2012ല്‍ കൊട്ടങ്കരയിലെ നൂറോളം കുടുംബങ്ങളെയും 2013ല്‍ കുറിച്യാട് ഗ്രാമത്തിലെ 140 കുടുംബങ്ങളെയും പുനരധിവസിപ്പിച്ചു. രണ്ടുവര്‍ഷത്തിനു ശേഷം വെള്ളക്കോട്, അരകുഞ്ചി ഗ്രാമത്തിലെ 15 കുടുംബങ്ങളെയും മാറ്റിപ്പാര്‍പ്പിച്ചു. നിലവില്‍ ചെട്ട്യാലത്തൂര്‍ ഗ്രാമത്തിലെ 140 കുടുംബങ്ങളെയും നരിമാന്തിക്കൊല്ലി, ഈശ്വരന്‍കൊല്ലി സെറ്റില്‍മെന്റുകളിലുള്ളവരെയും പുനരധിവസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പദ്ധതി പ്രകാരം ഭൂമിയുടെ അളവ് നോക്കാതെ യോഗ്യതയുള്ള കുടുംബത്തിന് 10 ലക്ഷം രൂപയാണ് നഷ്ടപരിഹാരം ലഭിക്കുക. എംഎല്‍എമാരായ ഒ ആര്‍ കേളു, ഐ സി ബാലകൃഷ്ണന്‍, ഐ.റ്റി.ഡി.പി പ്രൊജക്റ്റ് ഓഫിസര്‍ പി.വാണിദാസ്, പരിസ്ഥിതി സംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *