March 28, 2024

എല്‍.ഡി ടൈപ്പിസ്റ്റ് നിയമനം ഒച്ചിഴയും വേഗത്തില്‍; സമരത്തിനൊരുങ്ങി ഉദ്യോഗാര്‍ഥികള്‍

0
എല്‍.ഡി ടൈപ്പിസ്റ്റ് നിയമനം ഒച്ചിഴയും വേഗത്തില്‍; സമരത്തിനൊരുങ്ങി ഉദ്യോഗാര്‍ഥികള്‍
കല്‍പ്പറ്റ:   വയനാട്  ജില്ലയിൽ  എല്‍.ഡി ടൈപ്പിസ്റ്റ് നിയമനങ്ങള്‍ നടക്കുന്നത് ഒച്ചിഴയും വേഗത്തില്‍. റാങ്ക് ലിസ്റ്റിന്റെ കാലാവധി കഴിയാനായിട്ടും നിയമനങ്ങള്‍ നടത്താത്ത അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല സമരം നടത്താനൊരുങ്ങി ഉദ്യോഗാര്‍ഥികള്‍. 31-08-2016നിറങ്ങി റാങ്ക് ലിസ്റ്റിന്റെ കാലവാധി കഴിയാന്‍ രണ്ട് മാസം മാത്രമാണ് ബാക്കിയുള്ളത്. എന്നാല്‍ 179 പേരുള്ള റാങ്ക് ലിസ്റ്റില്‍ നിന്ന് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ നിയമനം ലഭിച്ചത് 32 പേര്‍ക്ക് മാത്രമാണ്. മറ്റ് ജില്ലയിലെല്ലാം ഇതിന്റെ രണ്ടിരട്ടിയോളം ആളുകള്‍ ജോലിയില്‍ കയറിയപ്പോഴാണ് പിന്നാക്ക ജില്ലയായ വയനാട്ടില്‍ അധികൃതര്‍ ചിറ്റമ്മ നയം കാണിച്ചത്. നിലവില്‍ ഏഴിലധികം ഒഴിവുകള്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ കിടക്കുന്നുണ്ട്. എന്നിട്ടും ഇത്രയധികം ഉദ്യോഗാര്‍ഥികളുള്ള ഒരു റാങ്ക് ലിസ്റ്റിനെ കാര്യമായി പരിഗണിക്കാനുള്ള നടപടിയൊന്നും അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകാത്തത് ഇവര്‍ക്കിടയില്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഏറ്റവും കുറവ് നിയമനങ്ങള്‍ നടത്തി ഏറ്റവും പിന്നില്‍ നില്‍ക്കുകയാണ് നിലവില്‍ ജില്ല. സാമ്പത്തികമായി വളരെ പിന്നാക്കം നില്‍ക്കുന്നവരും പട്ടിക ജാതി-വര്‍ഗക്കാരും ഭൂരിഭാഗമുള്ളതാണ് നിലവിലെ ലിസ്റ്റ്. ഇതില്‍ തന്നെ കൂടുതലഒള്ളത് വനിതകളുമാണ്. മെയിന്‍ ലിസ്റ്റില്‍ 95 ശതമാനം ഉദ്യോഗാര്‍ഥികളും വനിതകളാണ്. ഇതില്‍ 113 പേര്‍ പ്രായപരിധി പിന്നിട്ടവരും. ഇനി ഇവര്‍ക്ക് ഒരു സര്‍ക്കാര്‍ ജോലി എന്നത് സ്വപ്‌നം മാത്രമായി അവശേഷിക്കാനാണ് സാധ്യത കൂടുതല്‍. എല്‍.ഡി ടൈപിസ്റ്റിന് സര്‍ക്കാര്‍ പറയുന്ന എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് ഇവര്‍ റാങ്ക് ലിസ്റ്റില്‍ എത്തിയത്. എന്നിട്ടും മൂന്നു വര്‍ഷം ഈ റാങ്ക് ലിസ്റ്റില്‍ നിന്ന് കാര്യമായ നിയമനങ്ങള്‍ സര്‍ക്കാര്‍ നടത്തിയില്ല. അതിനിടെ പ്രളയവും തെരഞ്ഞെടുപ്പുമൊക്കെയായി പല വകുപ്പുകളും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തുമില്ല. അങ്ങിനെ എല്ലാതരത്തിലും ഈ റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക് തിരിച്ചടികള്‍ മാത്രമാണുണ്ടായത്. വിരമിക്കല്‍ ഒഴിവുകള്‍ പോലും ഈ ലിസ്റ്റുള്ളവര്‍ക്ക് ലഭിച്ചില്ലെന്നതാണ് യാഥാര്‍ത്യം. ജില്ലയിലെ പല സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഇവരുടെ പോസ്റ്റുകള്‍ ഒഴിഞ്ഞ് കിടക്കുമ്പോഴാണ് പി.എസ്.സിയുടെ ഒരു റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും ജോലിയില്ലാതെ ഇവര്‍ നടക്കേണ്ടി വരുന്നത്. ഇത്തരം ഒഴിവുകളിലെല്ലാം താല്‍ക്കാലിക നിയമനങ്ങള്‍ നടത്തി അധികൃതര്‍ തടിത്തപ്പുമ്പോള്‍ നഷ്ടം സഹിക്കേണ്ടി വരുന്നത് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉദ്യോഗാര്‍ഥികളാണ്. ഇതിന് പുറമെയാണ് മറ്റ് ജില്ലകളില്‍ നിന്ന് ഇത്തരം ഒഴിവുകളിലേക്ക് ട്രാന്‍സ്ഫര്‍ നേടിയെത്തുന്നവരും. ഇക്കാരണത്താലൊക്കെ റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടാന്‍ അധികൃതരുടെ ഭാഗത്ത് നിന്ന് അടിയന്തിര നടപടിയുണ്ടാകണമെന്നാണ് ഉദ്യോഗാര്‍ഥികളുടെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിയടക്കമുള്ളവരെ നേരില്‍ക്കണ്ടെങ്കിലും നടപടിയൊന്നും ഉണ്ടായിട്ടില്ല. ഇക്കാരണത്താലാണ് വരുംദിവസങ്ങളില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരമിരിക്കാനുള്ള തീരുമാനത്തില്‍ ഇവരെത്തിയത്. മരണം വരെ നിരാഹാരമടക്കമുള്ള സമരമുറകളാണ് ഇവര്‍ സര്‍ക്കാരിന്റെ ശ്രദ്ധ നേടാനായി അനുഷ്ടിക്കാന്‍ പോകുന്നത്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *