March 29, 2024

അമേരിക്കയിലെ ഇന്റര്‍നാഷണല്‍ വിസിറ്റര്‍ ലീഡര്‍ഷിപ്പ് പ്രോഗ്രാം:റാഷിദ് ഗസ്സാലി ഇന്ത്യയിൽ നിന്നുള്ള ഏക പ്രതിനിധി

0
Img 6034.jpg
കൽപ്പറ്റ: യു.എസ് ഡിപ്പാര്‍ട്ടുമെന്റ് ഓഫ് സ്റ്റേറ്റ് സംഘടിപ്പിക്കുന്ന മൂന്നാഴ്ച നീണ്ടുനിൽക്കുന്ന ഇന്റര്‍നാഷണല്‍ വിസിറ്റര്‍ ലീഡര്‍ഷിപ്പ് പ്രോഗ്രാമില്‍ (ഐ.വി.എല്‍.പി) അമേരിക്കൻ മന്ത്രാലയത്തിന്റെ ക്ഷണപ്രകാരം ഇന്ത്യൻ പ്രതിനിധിയായി റാഷിദ് ഗസ്സാലി പങ്കെടുക്കും.
വിവിധ രാജ്യങ്ങളില്‍നിന്ന് യു.എസ് വിദേശകാര്യവകുപ്പ് തിരഞ്ഞെടുക്കുന്നവര്‍ക്ക് യു.എസിന്റെ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് അവിടെ താമസിച്ച് അറിവുനേടാന്‍ സഹായിക്കുന്ന പരിപാടിയാണ് ഐ.വി.എല്‍.പി അതത് രാജ്യങ്ങളിലെ യു.എസ് കോൺസുലേറ്റാണ് പ്രതിനിധികളെ നോമിനേറ്റ് ചെയ്യുന്നത്. 
വർഗീയ തീവ്രവാദ ചിന്താഗതികൾ പുതു തലമുറകളിൽ വളർന്നു വരുന്നത് തടയുന്നതിനാവശ്യമായ ക്രിയാത്മക നടപടികളെ കുറിച്ചാണ് വരുന്ന ജൂണ്-ജൂലൈ മാസങ്ങളിൽ നടക്കുന്ന സമ്മിറ്റ് ചർച്ച ചെയ്യുന്നത്.
സാമൂഹ്യ മേഖലയിൽ സജീവമായവരെ പങ്കെടുപ്പിച്ച് എല്ലാവര്‍ഷവും യു.എസ് സർക്കാർ സംഘടിപ്പിക്കുന്ന ഐ.വി.എല്‍.പിക്ക് രാജ്യാന്തര സമൂഹം വലിയ പ്രാധാന്യമാണു നല്‍കുന്നത്. ആഗോളതലത്തിലെ വെല്ലുവിളികളെ നേരിടാനും അവസരങ്ങള്‍ ഉപയോഗപ്പെടുത്താനും പങ്കെടുക്കുന്നവരെ പ്രാപ്തരാക്കുന്ന സമ്മേളനത്തില്‍ യു.എസിലെ മികച്ച സാമൂഹ്യ പ്രവർത്തകരും പങ്കെടുക്കും. സാംസ്‌കാരികവും സാമൂഹ്യവും രാഷ്ട്രീയവുമായ വേര്‍തിരിവുകളില്ലാതെ മികച്ച ബന്ധങ്ങള്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ക്കിടയില്‍ സൃഷ്ടിക്കാനും അത് ലോകത്തിന് ഉപകാരപ്രദമാക്കി മാറ്റാനും സംഘാടകര്‍ ശ്രദ്ധിക്കാറുണ്ട്.
 ലോകത്തെ 300 ഓളം പ്രമുഖ ഭരണകർത്താക്കൾ ഐ.വി.എൽ.പിയിൽ മുൻകാലങ്ങളിൽ പങ്കെടുത്തിട്ടുള്ളവരാണ്. ഇന്ദിരാ ഗാന്ധി, കെ.ആർ നാരായണൻ, പ്രതിഭാ പാട്ടീൽ, മൊറാർജി ദേശായ്, എ.ബി വാജ്‌പേയ് തുടങ്ങിയവരാണ് ഇന്ത്യയിൽ നിന്ന് വിവിധ വർഷങ്ങളിൽ പങ്കെടുത്തിട്ടുള്ളവരിൽ പ്രമുഖർ. ഐ.വി.എൽ.പിയുടെ വിവിധ പരിപാടികളിൽ മലയാളികൾ അടക്കം പങ്കെടുത്തിട്ടുണ്ടെങ്കിലും മൾട്ടി റീജിയണൽ വിഭാഗത്തിൽ നേരിട്ടുള്ള ക്ഷണം ലഭിക്കുന്നത് വളരെ അപൂർവമാണ്. കാനഡ, സിംഗപ്പൂർ, മലേഷ്യ, ആസ്‌ട്രേലിയ, ഫ്രാൻസ് ,സൗദി അറേബ്യ ,ചൈന ,പാക്കിസ്ഥാൻ തുടങ്ങിയ 15 രാജ്യങ്ങളിൽ നിന്നുള്ള 18 പ്രതിനിധികൾക്കാണ് ഇപ്രാവശ്യം ക്ഷണം ലഭിച്ചത്. 1950 ൽ ആരംഭം കുറിച്ച ഐ വി എൽ പി യിൽ 70 വര്ഷത്തിനിടിയിൽ വയനാട്ടിൽ നിന്ന് യു.എസ്. ഗവൺമെൻറ് ക്ഷണം ലഭിക്കുന്ന ആദ്യ വ്യക്തി എന്ന പ്രത്യേകതയും ഇതിനുണ്ട് .
സൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ ലീഡർഷിപ്- എക്സിക്യൂട്ടീവ് ഡയറക്‌ടർ, നീലഗിരി കോളേജ്- സെക്രട്ടറി, ഇമാം ഗസ്സാലി അക്കാദമി- അക്കാദമിക് ഡയറക്ടർ, കൂളിവയൽ നന്മ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ, തമിഴ്നാട് കോളേജ് മാനേജ്മെന്റ് അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗം തുടങ്ങിയ മേഖലകളിൽ സേവനമനുഷ്ഠിച്ചു വരുന്നതോടൊപ്പം, ജിസിസി യിലെ പ്രമുഖ ഹെൽത്ത് കെയർ ഗ്രൂപ്പായ അബീർ മെഡിക്കൽ ഗ്രൂപ്പിന്റെ ലേർണിംഗ് & ഡവലപ്‌മെന്റ് കണ്സൽട്ടണ്ടായും പ്രവർത്തിച്ചു വരുന്നു. 
ബഹുഭാഷാ പാണ്ഡിത്യവും, ചെറുപ്രായം മുതലുള്ള പ്രഭാഷണകലയിലെ മികവും, പരിശീലന രംഗത്തെ സ്വീകാര്യതയും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു. മതസാഹോദര്യ വേദികളിലും നിറസാന്നിധ്യമാണ് റാഷിദ് ഗസാലി. തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ വയനാട്ടിലെത്തിയ രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും പ്രസംഗ പരിഭാഷ നിർവഹിച്ചത് റാഷിദ് ഗസ്സാലിയാണ്.
പ്രതിനിധികളുടെ യാത്ര ഉള്‍പെടെ മുഴുവന്‍ ക്രമീകരണങ്ങളും നിർവഹിക്കുന്നത് യുഎസ് ഡിപ്പാര്‍ട്ടുമെന്റ് ഓഫ് സ്റ്റേറ്റ് ആണ്.
വയനാട് കൂളിവയൽ ഇമാം ഗസ്സാലി അക്കാദമി, ഹൈദരാബാദ് ജാമിഅ നിസാമിയ എന്നിവിടങ്ങളിൽ നിന്ന് മത ബിരുദവും, കോഴിക്കോട് യൂണിവേഴ്സിറ്റിയിൽ നിന്ന് ഇസ്ലാമിക് ഹിസ്റ്ററിയിൽ ഒന്നാം റാങ്കോടെ പിജിയും നേടിയിട്ടുണ്ട്. മുൻ ഫാറൂഖ് കോളേജ് യൂണിയൻ ചെയർമാനാണ്. ബാങ്കോക് സ്‌കൂൾ ഓഫ് മാനേജ്‌മെന്റിൽ ഡോക്ടറേറ്റ് ഇൻ ബിസിനസ്സ് അഡ്മിനിസ്ട്രേഷൻ ചെയ്തു വരുന്നു.
2010 ൽ മലേഷ്യയിൽ നടന്ന ഐക്യരാഷ്ട്ര സഭയുടെ യുവജനസമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട്. പ്രഭാഷണ-പരിശീലനങ്ങളുടെ ഭാഗമായി സൗദി അറേബ്യ, യുഎഇ, ഒമാൻ, ഖത്തർ, ബഹ്‌റൈൻ, സിംഗപ്പൂർ, മലേഷ്യ, കുവൈറ്റ്, ശ്രീലങ്ക, തായ്‌ലൻഡ്, ഈജിപ്റ്റ്, ജോർദാൻ, ഫലസ്തീൻ, ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. കൂളിവയൽ കൊല്ലിയിൽ കുഞ്ഞാലൻ-ആയിഷ ദമ്പതികളുടെ മകനാണ്. 
ജൂണ് 20 ന് അമേരിക്കയിലേക്ക് യാത്ര തിരിക്കുന്ന അദ്ദേഹത്തിന് സുഹൃത് വലയം നൽകുന്ന അനുമോദനവും യാത്രയയപ്പും നാളെ വൈകുന്നേരം 4 മണിക്ക് കൂളിവയൽ സൈൻ കാമ്പസിൽ വെച്ച് നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ജൂലൈ 15 നു തിരിച്ചെത്തിയാൽ ഉടനെ സമ്മേളന പ്രമേയത്തിൽ വിപുലമായ ചർച്ചാസമ്മേളനം നീലഗിരി കോളേജിൽ സംഘടിപ്പിക്കും.   സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കും. വാർത്താ സമ്മേളനത്തിൽ പ്രൊഫസർ ടി മോഹൻബാബു, കണ്ണോളി മുഹമ്മദ് , റിട്ട.തഹസിൽദാർ പി  ബാലകുമാർ, കെ എം അബ്ദുല്ല , ഹുസൈൻ കുഴിനിലം, നൗഫൽ ഗസാലി തുടങ്ങിയവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *