യുവതി വെട്ടേറ്റ് മരിച്ച സംഭവം; പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു
മാനന്തവാടി:
വാളാട് തൊഴിലുറപ്പ് തൊഴിലാളിയായ യുവതിയെ വെട്ടിക്കൊന്ന സംഭവത്തിലെ പ്രതിയെ പോലീസ് സ്ഥലത്തെത്തിച്ച് തെളിവെടുത്തു.ബുധനാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് പ്രതിയായ നെടുമല ദേവസ്യയെ തലപ്പുഴ എസ്.ഐ.പി.ജെ.ജിമ്മിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം തെളിവെടുപ്പിനായി വാളാട് എത്തിച്ചത്.
കൊല്ലപ്പെട്ട പ്രശാന്തഗിരി മഠത്താശ്ശേരി സിനിയുടെ വീട്ടിലും വാളാട് ടൗണിലെ രണ്ട് കച്ചവട സ്ഥാപനങ്ങളിലുമാണ് പ്രതിയെ എത്തിച്ച് വിവരങ്ങൾ ശേഖരിച്ചത്. ബുധനാഴ്ച ഉച്ചയോടെ കോടതിയിൽ നിന്ന് കസ്റ്റഡിയിൽ വാങ്ങിയ പ്രതിയെ മാനന്തവാടി ജില്ലാ ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധന നടത്തി.തുടർന്നാണ് കൂടുതൽ തെളിവുകൾക്കായി പ്രതിയെ പ്രദേശത്ത് കൊണ്ടുവന്നത്.ഈ മാസം 17 ന് രാവിലെയാണ് പ്രശാന്തഗിരി മoത്താശ്ശേരി ബൈജുവിന്റെ ഭാര്യ സിനിയെ (32) വീടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടത്.യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ പ്രതിയായ നെടുമല ദേവസ്യയെ അന്നു തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്യുകയായിരുന്നു.
വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി പോലീസിനോട് സമ്മതിച്ചിരുന്നു.കൊല്ലപ്പെട്ട സിനിയുടെ ഭർത്താവ് ബൈജുവിന്റെ മാതൃസഹോദരനും അയൽവാസിയുമാണ് ഇയാൾ.ദേവസ്യയും ബൈജുവും തമ്മിൽ രണ്ട് വർഷമായി നിലനിൽക്കുന്ന അതിർത്തി തർക്കമാണ് വ്യക്തി വൈരാഗ്യത്തിന് കാരണമായത്.ദേവസ്യയ്ക്കെതിരെ സിനി പോലീസിൽ പരാതി നൽകിയതാണ് ഇയാളെ കൂടുതൽ പ്രകോപിപ്പിച്ചത്.തൊഴിലുറപ്പ് തൊഴിലാളിയായ യുവതി രാവിലെ ജോലി സ്ഥലത്ത് നിന്നും വീട്ടീലെത്തി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഇയാൾ കത്തിയുപയോഗിച്ച് വെട്ടിക്കൊന്നത്.പ്രതിയും കൊല ചെയ്യപ്പെട്ട യുവതിയും ഒരേ സ്ഥലത്തായിരുന്നു തൊഴിലുറപ്പ് ജോലി ചെയ്തത്.യുവതിയെ കൊലപ്പെടുത്താനുപയോഗിച്ച കത്തി പോലീസ് പ്രതിയുടെ വീടിന്റെ പിൻഭാഗത്തു നിന്ന് അന്ന് തന്നെ കണ്ടെടുത്തിരുന്നു.തെളിവെടുപ്പ് പൂർത്തിയാക്കി വ്യാഴാഴ്ച പ്രതിയെ പോലീസ് കോടതിയിൽ ഹാജരാക്കും.




Leave a Reply