വയനാട് ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് തിങ്കളാഴ്ച പടിഞ്ഞാറത്തറയില്‍ തിരിതെളിയും
കല്‍പ്പറ്റ: വയനാട് ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് തിങ്കളാഴ്ച പടിഞ്ഞാറത്തറയില്‍ തിരിതെളിയും. മേളയുടെ വിജയകരമായ നടത്തിപ്പിനുള്ള മുഴുവന്‍ സജ്ജീകരണങ്ങളും ഒരുങ്ങിക്കഴിഞ്ഞതായി സംഘാടക സമിതി വര്‍ക്കിംഗ് ചെയര്‍പേഴ്‌സന്‍ കെ.ബി നസീമ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 11, 12 തീയതികളില്‍ സ്‌റ്റേജിതര മത്സരങ്ങളാണ് അരങ്ങേറുക. കെട്ടിലും മട്ടിലും ഹരിതാഭമായി നടത്തുന്ന മേളയുടെ ഔപചാരിക ഉദ്ഘാടനം 13ന് രാവിലെ 10ന് സി.കെ ശശീന്ദ്രന്‍ എം.എല്‍.എ നിര്‍വഹിക്കും. 9.30ന് ജില്ലാ വിദ്യഭ്യാസ ഉപഡയറക്ടര്‍ ഇബ്രാഹിം തോണിക്കര പതാക ഉയര്‍ത്തും. ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുല്ല ഐ.എ.എസ് മുഖ്യാഥിതിയാവും. വയനാട് എം.പി രാഹുല്‍ ഗാന്ധിയുടെ സന്ദേശവും ചടങ്ങില്‍ വായിക്കും. സമാപനം 15ന് വൈകിട്ട് നാലിന് ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ സമ്മാനവിതരണവും നടത്തും. സമാപന സമ്മേളനത്തില്‍ വയനാട് സബ് കലക്ടര്‍ വികല്‍പ് ഭരദ്വാജ് ഐ.എ.എസ് മുഖ്യാഥിതിയാവും. 297 ഇനങ്ങളില്‍ ജില്ലയിലെ 228 വിദ്യാലയങ്ങളിലെ മൂവായിരത്തോളം കുട്ടികള്‍ മാറ്റുരക്കും. 10 വേദികളിലായാണ് മത്സരങ്ങള്‍ അരങ്ങേറുക. രാഷ്ട്രപിതാവിന്റെ 150ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് മഹാത്മജിയുടെ ഓര്‍മകള്‍ക്കായാണ് വേദികള്‍ക്ക് പേര് നല്‍കിയത്. സബര്‍മതി, മഹാത്മ, കീര്‍ത്തിമന്ദിര്‍, നവജീവന്‍, ചമ്പാരന്‍, സ്വരാജ്, നവഖൊലി, വാര്‍ധ, സേവാഗ്രാം, സര്‍വോദയ എന്നീ പേരുകളാണ് വേദികള്‍ക്ക് നല്‍കിയിരിക്കുന്നത്. മേളയുടെ പ്രചാരണത്തിനായി പടിഞ്ഞാറത്തറ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ക്രിയേറ്റീവ് ക്ലബ് അംഗങ്ങള്‍ നിര്‍മിച്ച കലോത്സവ ബ്ലോഗ് പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന് പുറമെ ലിറ്റില്‍ കൈറ്റ്‌സ് ക്ലബിലെ അംഗങ്ങള്‍ മത്സരങ്ങളുടെ വീഡിയോ റെക്കോര്‍ഡ് ചെയ്യാനും ഫലങ്ങള്‍ പ്രസിദ്ധീകരിക്കാനുമായി സജ്ജരായിട്ടുണ്ട്. കലോത്സവ പ്രചാരണത്തിന്റെ ഭാഗമായി കലോത്സവ നഗരിയിലേക്കുള്ള പാതകളിലെ സ്‌കൂളുകള്‍ക്ക് 'വീഥിയൊരുക്കാം' എന്ന പേരില്‍ കുടില്‍ക്കെട്ടി അലങ്കരിക്കല്‍ മത്സരം സംഘടിപ്പിച്ചിരുന്നു. പടിഞ്ഞാറത്തറയിലേക്കുള്ള എല്ലാ വഴികളിലേയും സ്‌കൂളുകള്‍ ഇതില്‍ പങ്കാളികളായിട്ടുണ്ട്. 11ന് പടിഞ്ഞാറത്തറയില്‍ നടക്കുന്ന വിളംബര ജാഥയോടെ കലാമേളക്ക് കൊടിയേറും. ഇതിന് ശേഷം കലവറ നിറയ്ക്കല്‍, പാലുകാച്ചല്‍, മീഡിയാ റൂം ഉദ്ഘാടനം എന്നിവയും നടക്കും. ഇന്നലെ പന്തലിന്റെ കാല്‍നാട്ട് കര്‍മ്മം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ പ്രഭാകരന്‍ നിര്‍വഹിച്ചു. ആദ്യമായി പടിഞ്ഞാറത്തറയിലെത്തുന്ന കലാമേളയെ സംഘാടന മികവ് കൊണ്ടും ഹരിതാഭ കൊണ്ടും കെങ്കേമമാക്കാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ജില്ലാ പഞ്ചായത്തംഗങ്ങളായ വര്‍ഗീസ് മുരിയന്‍കാവില്‍, പി ഇസ്മയില്‍, പടിഞ്ഞാറത്തറ പഞ്ചവയത്തംഗം കെ ഹാരിസ്, നജീബ് മണ്ണാന്‍, വി.പി അശോകന്‍, പടിഞ്ഞാറത്ത സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ടി.ജെ പുഷ്പവല്ലി, പി ബിജുകുമാര്‍, പി.വി സുമേഷ് എന്നിവര്‍ അറിയിച്ചു.





Leave a Reply