October 21, 2026

സുരക്ഷിത വയനാടിനായി ആര്‍ദ്രവിദ്യാലയം പദ്ധതി

0
By ന്യൂസ് വയനാട് ബ്യൂറോ


സുരക്ഷിത വയനാട് എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആര്‍ദ്രവിദ്യാലയം പദ്ധതി (വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രഥമ ശുശ്രൂഷാ പരിശീലന പരിപാടി) നടപ്പാക്കുന്നു. ജില്ലാതല ഉദ്ഘാടനം ഇന്ന് (നവംബര്‍ 28) രാവിലെ 9.30ന് സുല്‍ത്താന്‍ ബത്തേരി അസംപ്ഷന്‍ ഹൈസ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ നിര്‍വഹിക്കും. സുല്‍ത്താന്‍ ബത്തേരി നഗരസഭാ ചെയര്‍മാന്‍ ടി.എല്‍ സാബു അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള മുഖ്യാതിഥിയായിരിക്കും. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ബി.അഭിലാഷ് പദ്ധതി വിശദീകരിക്കും. 
    കൃത്യസമയത്തുള്ള പ്രഥമ ശുശ്രൂഷ ജീവന്‍രക്ഷാ മാര്‍ഗമാണെന്നു തെളിയിക്കുന്ന സംഭവവികാസങ്ങളൂടെയാണ് സമൂഹം കടന്നുപോകുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ജില്ലാ ഭരണകൂടം, വീ ഫോര്‍ വയനാടിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ്, ആരോഗ്യകേരളം വയനാട്, ആരോഗ്യവകുപ്പ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെ പദ്ധതി തയ്യാറാക്കിയത്. വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ നല്‍കേണ്ട പ്രഥമ ശുശ്രൂഷയെ സംബന്ധിച്ച് മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന സര്‍ട്ടിഫിക്കറ്റോട് കൂടിയ പരിശീലനമാണ്  നല്‍കുന്നത്. നവംബര്‍ 28 ന് സുല്‍ത്താന്‍ ബത്തേരി അസംപ്ഷന്‍ സ്‌കൂളിലാണ്  പദ്ധതിക്ക് കീഴിലെ ആദ്യ പരിശീലനം നടക്കുക. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി തലങ്ങളിലെ 8,000 വിദ്യാര്‍ത്ഥികള്‍ക്ക് പ്രഥമ ശുശ്രൂഷയില്‍ പരിശീലനം നല്‍കും. വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ തിരഞ്ഞെടുക്കപ്പെട്ട ജീവനക്കാരെയും സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നു തിരഞ്ഞെടുക്കുന്നവരെയും മാസ്റ്റര്‍ ട്രെയിനര്‍മാരായി വാര്‍ത്തെടുക്കും. ഇവരാണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുക. 

     ചടങ്ങില്‍ സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതാ ശശി, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ എ. ദേവകി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് താളൂര്‍, ഡി.എം.ഒ ഡോ. ആര്‍. രേണുക, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. പ്രിയ സേനന്‍, ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ ഹണി. ജി. അലക്‌സാണ്ടര്‍, ഡി.ഡി.ഇ ഇബ്രാഹിം തോണിക്കര, എസ്.എസ്.കെ. ജില്ലാ പ്രോഗ്രാം കോ-ഓഡിനേറ്റര്‍ അബ്ദുള്‍ അസീസ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ എന്‍.സി തോമസ്, എറണാകുളം ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. എ. അനിത, അസംപ്ഷന്‍ എച്ച്.എസ് പ്രധാനാധ്യാപകന്‍ എന്‍.യു ടോമി തുടങ്ങിയവര്‍ പങ്കെടുക്കും.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *