ബത്തേരിയിലെ ട്രാഫിക് പരിഷ്കാരത്തിനെതിരെ ഓട്ടോ തൊഴിലാളികൾ
ബത്തേരിയിലെ ട്രാഫിക് പരിഷ്കാരത്തിനെതിരെ ഓട്ടോ തൊഴിലാളികൾ
സുൽത്താൻ ബത്തേരി: ബുധനാഴ്ച സുൽത്താൻ ബത്തേരി നഗരത്തിൽ പ്രാബല്യത്തിൽവരുന്ന ട്രാഫിക് പരിഷ്കാരത്തിനെതിരെ ഓട്ടോ തൊഴിലാളികൾ. ഓട്ടോ സ്റ്റാൻഡുകളുടെ എണ്ണം കുറച്ച് അശാസ്ത്രീയ രീതിയിലാണ് പുതിയ ട്രാഫിക് പരിഷ്കാരമെന്ന് ഐ.എൻ.ടി.യു.സിയുടെ കീഴിലുള്ള ഓട്ടോ തൊഴിലാളി യൂനിയൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പെർമിറ്റുള്ള 670 ഓട്ടോകളുള്ളപ്പോൾ 150 എണ്ണത്തിന് മാത്രമേ സ്റ്റാൻറിൽ പാർക്ക് ചെയ്യാൻ പറ്റൂ. 800 ഓളം ഓട്ടോകൾ നിലവിൽ ഓടുന്നുമുണ്ട്. സ്റ്റാൻറിൽ ഉൾക്കൊള്ളാത്ത ഓട്ടോകൾ ടൗണിൽ കറങ്ങി ഓടേണ്ട സ്ഥിതിയാണ് പുതിയ പരിഷ്കാരത്തിലും ഉണ്ടായിട്ടുള്ളത്. രണ്ട് വർഷം മുമ്പ് ഓട്ടോകൾക്ക് ടൗണിൽ പാർക്ക് ചെയ്യാൻ 150 രൂപ തോതിൽ മുനിസിപ്പാലിറ്റി ഫീസ് ഈടാക്കിയിരുന്നു. സ്റ്റിക്കറും പതിച്ചു. ആ ഓട്ടോകളൊക്കെ പാർക്ക് ചെയ്യാൻ കഴിയാത്ത സാഹചര്യമുള്ളപ്പോഴാണ് സ്റ്റാൻറുകളുടെ എണ്ണം കൂട്ടാതെയുള്ള പരിഷ്കാരം. ഇതിനെതിരെ സമരം നടത്തുമെന്നും അവർ പറഞ്ഞു. ഐ.എൻ.ടി.യു.സി നേതാക്കളായ ഷാജി ആലുങ്കൽ, ഗഫൂർ പുളിക്കൽ, പി. ഹാരിസ്, എം.ടി. വിൽസൺ, കെ.വി. മത്തായി, എം.ടി. എബ്രഹാം എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.





Leave a Reply