ഒറ്റ ക്ലിക്കിൽ വാഹനങ്ങളുടെ ലോകത്തേക്ക് അതിവേഗ യാത്ര ;ആരോവെഹിക് ആപ്പ് പുറത്തിറക്കി യുവാക്കൾ

കൽപ്പറ്റ: പുതിയ വാഹനം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇരട്ടി സന്തോഷവുമായി യുവ എൻജിനീയർമാർ.കൽപ്പറ്റ സ്വദേശികളായ അർജുനും അരുണുമാണ് വാഹന പ്രേമികൾക്ക് ഏറെ ഉപകാരപ്രദമായ പുതിയ ആപ്പ് വികസിപ്പിച്ചിരിക്കുന്നത്.ആരോവെഹിക് എന്ന് പേര് നൽകിയ ഈ ആപ്പ് വഴി
പുതിയതും പഴയതുമായ ഏതൊരു വാഹനത്തെയും സകല വിവരങ്ങളും ഞൊടിയിടയിൽ ലഭിക്കുമെന്നതാണ് പ്രത്യേകത. മാത്രമല്ല നിങ്ങൾക്ക് ഇഷ്ടമുള്ള വാഹനം ആപ്പ് വഴി വാങ്ങുമ്പോൾ ക്യാഷ് ബാക്കിലൂടെ ഒരു തുക തിരികെയും ലഭിക്കും.
വാഹന സംബന്ധമായ എല്ലാ സേവനങ്ങളും ഒരു കുടക്കീഴിൽ സംയോജിപ്പിക്കുക എന്ന ലക്ഷ്യമാണ് ഈ യുവ എൻജിനീയർമാർക്ക് ഉണ്ടായിരുന്നത്.അതായത്
ഒറ്റ ക്ലിക്കിൽ വാഹനങ്ങളുടെ ലോകത്തേക്കുള്ള അതിവേഗ യാത്ര.
അതാണ് ആരോവെഹിക്.
ഇത് വാഹന വിപണിയിൽ പുത്തൻ ആശയമായിരിക്കുമെന്ന് അർജുൻ പറയുന്നു.ബുക്ക് ചെയ്യുന്നതിന് മുന്നേ വാഹനത്തെ പറ്റി അറിഞ്ഞിരിക്കേണ്ട മുഴുവൻ വിവരങ്ങളും നൽകുന്നതിനു പുറമേ പഴയ വാഹനങ്ങൾ വാങ്ങുമ്പോൾ അതിന്റെ മുൻകാല സേവന ചരിത്രവും, സവിശേഷതകളും, വിശദാംശങ്ങളും നിങ്ങൾ അറിയേണ്ടത് അനിവാര്യമാണ്. അതെല്ലാം ഞങ്ങൾ നിങ്ങളിലേക്ക് എത്തിക്കുമെന്നാണ് ഇരുവരും പറയുന്നത്.
കൊവിഡ് കാലം മുഴുവനാളുകളെയും ഓൺലൈനിൽ മാത്രമായി പിടിച്ചിരുത്തിയപ്പോൾ എന്തുകൊണ്ട്
വിരൽത്തുമ്പിൽ വിജ്ഞാനം മാത്രമാകണം സ്വപ്നങ്ങൾക്ക് ചിറകും അല്പം പണവും കൂടി തിരികെ ലഭിച്ചാൽ അതു കൂടുതൽ മനോഹരമാകുമല്ലോ എന്ന ചിന്തയിൽ ഉടലെടുത്ത ആശയം ഇന്ന് നിരവധി പേരുടെ മനംകവർന്നിരിക്കുകയാണ്.
ഇന്ത്യയിൽ ലഭ്യമായ ഫോർ വീലറുകളുടെയും – ടു വീലറുകളുടെയും വിവരങ്ങളാണ് ഈ ആപ്പിലൂടെ ലഭിക്കുന്നത്. ആൻഡ്രോയ്ഡ് മൊബൈലുകളിൽ പ്ലേസ്റ്റോർ വഴി നിങ്ങൾക്കും ഈ ആപ്പ് ഡൗൺലോഡ് ചെയ്യാം.
കണ്ണൂർ ശ്രീനാരായണഗുരു കോളേജ് ഓഫ് എഞ്ചിനീയറിംഗ് ടെക്നോളജിയിൽ നിന്നും എൻജിനീയറിങ് പഠനം പൂർത്തിയാക്കിയതാണ് അർജുൻ.പാലക്കാട് പ്രവർത്തിക്കുന്ന ശ്രീപതി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് ആൻഡ് ടെക്നോളജിയിൽ നിന്നും അരുണും ബിരുദം നേടി. കൽപ്പറ്റ സ്വദേശികളായ എം.ടി ബാബുവിന്റെയും മിനി ബാബുവിന്റെയും മക്കളാണ് ഇരുവരും.



Leave a Reply