April 19, 2026

സഹനത്തിന്‍റെ ആള്‍രൂപത്തിന് പാലിയേറ്റീവ് ഗ്രൂപ്പിന്‍റെ ആദരം

0
PicsArt_03-08-08.58.52.jpg
By ന്യൂസ് വയനാട് ബ്യൂറോ
കര്‍ലാട്: കവുങ്ങില്‍ നിന്നും വീണ് നട്ടെല്ലിന് ക്ഷതം പറ്റി പതിനാറ് വര്‍ഷക്കാലമായി കിടപ്പിലായ മകനെ, ജോലിക്ക് പോലും പോകാതെ പരിചരിക്കുന്ന സ്നേഹനിധിയായ മാതാവിനെ വനിതാ ദിനത്തില്‍ തരിയോട് സെക്കണ്ടറി പെയിന്‍ & പാലിയേറ്റീവ് വളണ്ടിയര്‍ സപ്പോര്‍ട്ടിങ് ഗ്രൂപ്പ് ആദരിച്ചു. തരിയോട് പഞ്ചായത്തിലെ കര്‍ലാട് പ്രദേശത്തുള്ള കിടപ്പ് രോഗിയായ കളരിക്കോട്കുന്ന് കൃഷ്ണന്‍റെ മാതാവ് ശാന്തയെയാണ് ആദരിച്ചത്. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ജിന്‍സി സണ്ണി പൊന്നാട അണിയിച്ചു. പ്രസിഡന്‍റ് ഷമീം പാറക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.
2014ല്‍ ആണ് കൃഷ്ണന്‍ തൊഴിലിനിടെ കവുങ്ങില്‍ നിന്നും വീണ് നട്ടെല്ലിന് ക്ഷതമേറ്റത്. ചികിത്സകള്‍ ഫലിക്കാത്തതിനാല്‍ നീണ്ട പതിനാറ് വര്‍ഷക്കാലമായി കിടപ്പിലാണ് കൃഷ്ണന്‍. ഈ കാലമത്രെയും ഒരുപാട് ത്യാഗങ്ങള്‍ സഹിച്ചാണ് മാതാവ് ഈ മകനെ പരിപാലിച്ച് വന്നത്. നെഞ്ചിന് താഴോട്ട് പൂര്‍ണ്ണമായും ചലന ശേഷി നഷ്ടപ്പെട്ട കൃഷ്ണന്‍റെ എല്ലാ കാര്യങ്ങളും ചെയ്ത് കൊടുക്കുന്നത് ഇവരാണ്. കിടപ്പിലാണെങ്കിലും ഏറെ ആത്മവിശ്വാസമുള്ള കൃഷ്ണന്‍ മുമ്പ് സോപ്പ് പൊടി നിര്‍മ്മിച്ച് ചെറിയ വരുമാനമുണ്ടാക്കിയിരുന്നു. വില്‍പ്പന കുറഞ്ഞതോടെ അത് നിര്‍ത്തുകയായിരുന്നു. അത്തരം പ്രവര്‍ത്തനങ്ങള്‍ക്കും ഈ അമ്മ സഹായങ്ങളുമായി കൂടെയുണ്ട്. കൃഷ്ണനെ കൂടാതെ പദ്മനാഭന്‍, സുരേഷ്, വാസു എന്നീ മക്കളുമുണ്ട് ശാന്തക്ക്. കൂലിപ്പണിക്കായ ഭര്‍ത്താവ് തൊമ്മനും സഹായങ്ങളുമായി കൂടെയുണ്ട്. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് തരിയോട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് കീഴില്‍, ആരോഗ്യ കേരളം പദ്ധതിയുടെ ഭാഗമായി തരിയോട്, പടിഞ്ഞാറത്തറ, വെങ്ങപ്പള്ളി, കോട്ടത്തറ, പൊഴുതന പഞ്ചായത്തുകളില്‍ നിന്നുള്ള വിദഗ്ദ പരിചരണം ആവശ്യമായ കിടപ്പ് രോഗികള്‍ക്ക് സാന്ത്വനമായി പ്രവര്‍ത്തിച്ചു വരുന്ന കൂട്ടായ്മയാണ് തരിയോട് സെക്കണ്ടറി പെയിന്‍ & പാലിയേറ്റീവ് വളണ്ടിയര്‍ സപ്പോര്‍ട്ടിങ് ഗ്രൂപ്പ്. സെക്രട്ടറി എം ശിവാനന്ദന്‍, ശാന്തി അനില്‍, പി കെ മുസ്തഫ, അനില്‍കുമാര്‍, സലീം വാക്കട തുടങ്ങിയവര്‍ സംബന്ധിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *