സാഹസിക വിനോദസഞ്ചാര വികസനത്തിന് 50 കേന്ദ്രങ്ങള്‍: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍


Ad
സാഹസിക വിനോദസഞ്ചാര വികസനത്തിന്
50 കേന്ദ്രങ്ങള്‍: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
മാനന്തവാടി:
സാഹസിക വിനോദസഞ്ചാരം പ്രോല്‍സാഹിപ്പിക്കാന്‍ സംസ്ഥാനത്ത് 50 കേന്ദ്രങ്ങള്‍ കണ്ടെത്തിയതായി ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ അന്താരാഷ്ട്ര മൗണ്ടന്‍ സൈക്ലിങ് ചാംപ്യന്‍ഷിപ്പ് എം.ടി.ബി കേരള 2018 സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതിസൗഹാര്‍ദ സാഹസിക ടൂറിസം പദ്ധതികളാണ് ഇവിടങ്ങളില്‍ വിഭാവനം ചെയ്യുന്നത്. തദ്ദേശീയര്‍ക്കു കൂടി പ്രയോജനം ചെയ്യുന്ന രീതിയിലായിരിക്കും പദ്ധതി തയ്യാറാക്കുക. ടൂറിസം രംഗത്ത് മുന്നിട്ടു നില്‍ക്കുന്ന ജില്ലയാണ് വയനാട്. മികവാര്‍ന്ന ടൂറിസം പദ്ധതികള്‍ ജില്ലയിലൊരുക്കാന്‍ ടൂറിസം വകുപ്പ് പ്രത്യേക താല്‍പര്യമെടുക്കും. ടൂറിസം മേഖലയില്‍ കേരളം തിരിച്ചുവന്നുവെന്ന് ലോകത്തെ അറിയിക്കാന്‍ എംടിബി രാജ്യാന്തര സൈക്ലിങ് വഴി കഴിയുമെന്നും അദ്ദേഹം പറഞ്ഞു. 

     ഇക്കോ ടൂറിസം മേഖലയില്‍ അനന്ത സാധ്യതകളാണ് സംസ്ഥാനത്തിനുള്ളതെന്നു മനസ്സിലാക്കിയാണ് സര്‍ക്കാര്‍ ടൂറിസം നയം ആവിഷ്‌കരിച്ചത്. ട്രക്കിങും മലകയറ്റവും മരംകയറ്റവുമെല്ലാം ഉള്‍പ്പെടുത്തി ഇക്കോ ടൂറിസത്തിലൂടെ സാഹസിക ടൂറിസത്തിനും വഴിയൊരുക്കാന്‍ കഴിയും. കേരളത്തിലെ വിനോദസഞ്ചാരമേഖല പ്രതിസന്ധിയിലൂടെയാണ് കടന്നുപോവുന്നത്. കണ്ണൂര്‍ വിമാനത്താവളം പ്രവര്‍ത്തനസജ്ജമാവുന്നതോടെ വയനാടിന്റെ ടൂറിസം മേഖലയ്ക്ക് പുത്തനുണര്‍വുണ്ടാകും. അടിസ്ഥാന സൗകര്യങ്ങളിലെ പോരായ്മകള്‍ ടൂറിസം മേഖല നേരിടുന്ന വെല്ലുവിളിയാണ്. ഇതു പരിഹരിക്കും. അടുത്തിടെയുണ്ടായ പ്രകൃതിദുരന്തങ്ങളില്‍ നിന്നു കരകയറാന്‍ ടൂറിസം മേഖലയ്ക്കു കഴിഞ്ഞു. ഇന്നത്തെ സാഹചര്യത്തില്‍ പുതിയ ചുവടുവയ്പ് വേണമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. പുതിയ ഉല്‍പന്നങ്ങളും വിപണികളും കണ്ടെത്തണം. യുവസമൂഹത്തെ ആകര്‍ഷിക്കാന്‍ പറ്റുന്ന തരത്തിലുള്ള സംവിധാനങ്ങളൊരുക്കാന്‍ കഴിയണം. ഉല്‍പന്നങ്ങള്‍ക്ക് വൈവിധ്യവല്‍ക്കരണം ഉണ്ടാക്കണമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. എംടിബി കേരളയുടെ വിജയകരമായ നടത്തിപ്പോടെ സാഹസിക ടൂറിസം രംഗത്ത് കൂടുതല്‍ ഊന്നല്‍ നല്‍കാന്‍ കഴിയും. വയനാടിന്റെ വിനോദസഞ്ചാര സാധ്യതകളെ പരമാവധി ഉപയോഗിക്കാനുള്ള പദ്ധതികളുമായി മുന്നോട്ടുപോവുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ പ്രിയദര്‍ശിനി എസ്റ്റേറ്റ് തൊഴിലാളികള്‍ക്കായി നിര്‍മിച്ച വീടിന്റെ താക്കോല്‍ദാനവും മന്ത്രി നിര്‍വഹിച്ചു. 

   ചടങ്ങില്‍ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി മുഖ്യാതിഥിയായിരുന്നു. ചാംപ്യന്‍ഷിപ്പിലെ വിജയികള്‍ക്കുള്ള സമ്മാനദാനം അദ്ദേഹം നിര്‍വഹിച്ചു. കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി സിഇഒ മനീഷ് ഭാസ്‌കര്‍ റിപോര്‍ട്ട് അവതരിപ്പിച്ചു. ഒ ആര്‍ കേളു എംഎല്‍എ, മാനന്തവാടി നഗരസഭാ ചെയര്‍മാന്‍ വി.ആര്‍ പ്രവീജ്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ ബാബു, മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ശോഭാ രാജന്‍, സബ് കലക്ടര്‍ എന്‍ എസ് കെ ഉമേഷ്, ടൂറിസംവകുപ്പ് ജോയിന്റ് ഡയറക്ടര്‍ അനിതാകുമാരി, ഏഷ്യന്‍ സൈക്ലിങ് കോണ്‍ഫെഡറേഷന്‍ സെക്രട്ടറി ജനറല്‍ ഓംകാര്‍ സിങ്,  ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എം മധു തുടങ്ങിയവര്‍ പങ്കെടുത്തു. 
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *