April 20, 2024

കുടുംബശ്രീയുടെ കരുതലിൽ വത്സലയ്ക്ക് വീടൊരുങ്ങി

0

പുൽപ്പള്ളി ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീയുടെ കരുതലിൽ നിർദ്ധനയായ വത്സലയുടെ കുടുംബത്തിന് വീടൊരുങ്ങി. വീടിന്റെ താക്കോൽദാനം പുൽപ്പള്ളി സീതാദേവി ക്ഷേത്ര മൈതാനിയിൽ നടന്ന ചടങ്ങിൽ മന്ത്രി ഇ.പി. ജയരാജൻ നിർവഹിച്ചു. അറുപതുകാരിയായ കോട്ടൂർ തെക്കേതിൽ വത്സലയ്ക്കാണ് കുടുംബശ്രീ വീടുവച്ചു നൽകിയത്. നാലു ലക്ഷം രൂപ ചെലവാക്കി 450 സ്വകയർഫീറ്റിലാണ് മുഴുവൻ നിർമാണവും പൂർത്തിയായ വീട് കൈമാറിയതെന്ന് പഞ്ചായത്ത് കുടുംബശ്രീ ചെയർപേഴ്‌സൺ മോളി ജോർജ്ജ് പറഞ്ഞു. പഞ്ചായത്തിലെ ഓരോ കുടുംബശ്രീ അംഗങ്ങളും 100 രൂപ സ്വരുകൂട്ടിയാണ് മാതൃകാപരമായ പ്രവൃത്തി സഫലീകരിച്ചത്. കുടുംബശ്രീ ജില്ലാമിഷന്റെ പ്രചോദനമാണ് ഇതിനു പ്രേരണയായത്. ജില്ലയിൽ മുള്ളൻകൊല്ലി, മേപ്പാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ യൂണിറ്റും സമാനമായ രീതിയിൽ നിർദ്ധനരായ കുടുംബങ്ങളെ കണ്ടെത്തി വീടുനിർമിച്ചു നൽകുന്നുണ്ട്. പുൽപ്പള്ളി പഞ്ചായത്തിലെ 20 വാർഡ് സിഡിഎസ് അംഗങ്ങളുടെ എക്‌സിക്യൂട്ടിവ് യോഗ പ്രകാരമാണ് ഗുണഭോക്താവിനെ കണ്ടെത്തിയത്. സ്വന്തമായി സ്ഥലമുള്ളവരും സർക്കാരിന്റെ മറ്റു വീട് നിർമാണ പദ്ധതികളിൽ ഗുണഭോക്താക്കളല്ലാത്തവരും സ്വന്തമായി വീട് നിർമിക്കാൻ ശേഷിയില്ലാത്തവരുമായവരെയാണ് പദ്ധതിക്കായി തിരഞ്ഞെടുത്തത്. ലൈഫ് മിഷന്റെ മാനദണ്ഡങ്ങൾ പാലിച്ചു 2017 പകുതിയോടെ തുടങ്ങിയ വീടു നിർമാണം 2018 ജൂലൈയിൽ പൂർത്തീകരിച്ചിരുന്നു. പുൽപ്പള്ളി ഏഴാം വാർഡ് സ്വദേശി ബാബുലയനാണ് വീടു നിർമ്മാണം കരാറേറ്റെടുത്ത് പൂർത്തിയാക്കിയത്. പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് സിഡിഎസിന്റെ നേതൃത്വത്തിൽ 2.17 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരുന്നു. കുടുംബശ്രീ അക്കൗണ്ടന്റ് ഷിബിൻ ജോസഫ്, സിഡിഎസ് അംഗങ്ങൾ തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.     

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *