April 16, 2024

കോളനി നിവാസികളുടെ പുനരധിവാസം: ഭൂ രജിസ്‌ട്രേഷന്‍ ഒരു മാസത്തിനകം

0

     വെളളപ്പൊക്ക ഭീഷണി നേരിടുന്ന ജില്ലയിലെ അഞ്ച് പട്ടികവര്‍ഗ്ഗ കോളനി നിവാസികളെ പുനരധിവസിപ്പിക്കുന്നതിനുളള നടപടി അന്തിമഘട്ടത്തിലേക്ക്. നൂല്‍പ്പുഴ പഞ്ചായത്തിലെ കാക്കത്തോട്, ചാടകപ്പുര, പുഴങ്കുനി, പുല്‍പ്പളളി പഞ്ചായത്തിലെ പാളക്കൊല്ലി, കോട്ടത്തറ പഞ്ചായത്തിലെ വൈശ്യന്‍ കോളനി എന്നിവടങ്ങളിലെ 111 കുടുംബങ്ങള്‍ക്കായി കണ്ടെത്തിയ ഭൂമിയുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ ഒരു മാസത്തിനകം പൂര്‍ത്തിയാക്കാന്‍ ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലതല പര്‍ച്ചേഴ്‌സ് കമ്മറ്റി തീരുമാനിച്ചു. ഓരോ കുടുംബത്തിനും 10 സെന്റ് വീതമാണ് രജിസ്റ്റര്‍ ചെയ്തു നല്‍കുക. ഇതിനായി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ 24.39 ഏക്കര്‍ ഭൂമിയാണ് ജില്ലാഭരണകൂടം വാങ്ങുന്നത്. 10 സെന്റ് വീതമുളള  168 പ്ലോട്ടുകളുടെ സ്‌കെച്ച് സര്‍വ്വെ വകുപ്പ് തയ്യാറാക്കി. പ്രളയ ഭീഷണി നേരിടുന്നതും നിലവിലെ വാസസഥലങ്ങലില്‍ നിന്ന് മാറാന്‍ തയ്യാറായവരെയാണ് ആദ്യഘട്ടത്തില്‍ പരിഗണിച്ചത്. അവശേഷിക്കുന്ന 57 പ്ലോട്ടുകളില്‍ കോട്ടത്തറ പഞ്ചായത്തിലെ കൊളവയല്‍ കോളനിയിലെ 9 കുടുംബങ്ങളെയും പരിഗണിക്കും. ബാക്കിയുളള 49 പ്ലോട്ടുകളിലേക്കുളള  ഗുണഭോക്താക്കളെ രണ്ട് ദിവസത്തിനകം കണ്ടെത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍  ഐ.ടി.ഡി.പി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. 

   യോഗത്തില്‍ എ.ഡി.എം കെ അജീഷ്, സബ്കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്, ഫിനാന്‍സ് ഓഫീസര്‍ എ.കെ ദിനേശന്‍, സബ്കളക്ടര്‍ ഇ.പി മേഴ്‌സി വിവിധ ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 


പ്രളയാനന്തര പുനരധിവാസം
ഭൂമിയുടെ രജിസ്‌ട്രേഷന്‍  31നകം പൂര്‍ത്തിയാക്കും
പ്രളയത്തിലും മണ്ണിടിച്ചിലിലും ഭൂമിയും വീടും നഷ്ടപ്പെട്ടവര്‍ക്ക് പുനരധിവാസത്തിനായി പകരം ഭൂമി നല്‍കുന്നതിന്റെ രജിസ്‌ട്രേഷന്‍ നടപടികള്‍  ഡിസംബര്‍ 31 നകം പൂര്‍ത്തീകരിക്കും. ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാറിന്റെ അധ്യക്ഷതയില്‍ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന പ്രളയബാധിതര്‍ക്കുളള ഭൂമി വിതരണവുമായി ബന്ധപ്പെട്ട  യോഗത്തിലാണ് തീരുമാനം. ജില്ലയില്‍ നിന്നും നിരവധിയാളുകള്‍ ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് പുനരധിവാസത്തിന് ഭൂമി നല്‍കാന്‍ തയ്യാറായിട്ടുണ്ട്. സൗജന്യമായാണ് ഇവര്‍ ഭൂമി വിട്ടുനല്‍കുന്നത്. ഭൂവുടമ  നേരിട്ട് ഭൂമി ലഭിക്കേണ്ട വ്യക്തിയുടെ പേരില്‍ രജിസ്‌ട്രേഷന്‍ നടത്തിക്കെടുക്കും.  നൂല്‍പ്പുഴ പഞ്ചായത്തില്‍ കെ ജെ ദേവസ്യ അഞ്ച് സെന്റ്, മാനന്തവാടിയില്‍ വി.എം രാജു എട്ടു സെന്റ്, തൊണ്ടര്‍നാട് പി. കെ വിജയന്‍ 30 സെന്റ്, കണിയാമ്പറ്റയില്‍ എം പി വില്‍സണ്‍ 15 സെന്റ്, കോട്ടപ്പടി സി രാധാകൃഷ്ണന്‍ അഞ്ച് സെന്റ്, മൂപ്പൈനാട് ഭദ്രന്‍ 30 സെന്റ്, എടവകപഞ്ചായത്തില്‍ ബ്രാന്‍ മൊയ്തു 50 സെന്റ്, ജോര്‍ജ് 40 സെന്റ് എന്നിവരാണ് നിലവില്‍ ഭൂമി വിട്ടുനല്‍കാന്‍ സന്നദ്ധരായവര്‍. ഭൂമി നഷ്ടപ്പെട്ടവരുടെ കണക്കനുസരിച്ച് അതാതു പഞ്ചായത്തുകളില്‍തന്നെ കഴിയുംവിധം ഭൂമി ലഭ്യമാക്കി രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കാനാണ് ശ്രമിക്കുന്നത്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *