April 19, 2024

ഭൂമി പതിച്ചു കൊടുക്കുന്നത് ഹൈകോടതി സ്റ്റേ ചെയ്തു.

0
കല്‍പ്പറ്റ:  വയനാട്ടിൽ   ബത്തേരി-പുല്‍പ്പള്ളി റോഡിലെ  ചെതലയത്തു  വനം-വന്യജീവി വകുപ്പിന്റെ കൈവശത്തിലുള്ള മിച്ചഭൂമിയില്‍ ഒരു ഭാഗം പട്ടികജാതി കുടുംബങ്ങള്‍ക്കു പതിച്ചുകൊടുക്കുന്നതിനുള്ള നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. ചെതലയം സര്‍വകക്ഷി  ആക്ഷന്‍ കമ്മിറ്റിക്കുവേണ്ടി  കണ്‍വീനറും ബത്തേരി നഗരസഭാ കൗണ്‍സിലറുമായ കണ്ണിയന്‍ അഹമ്മദുകുട്ടി സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതി ഇടപെടല്‍. പട്ടികജാതി കുടുംബങ്ങള്‍ക്കു വേറേ ഭൂമി കണ്ടെത്തി നല്‍കുന്നതിനും  ചെതലയം ടൗണിനോടു ചേര്‍ന്നുളള  മിച്ചഭൂമി പൊതു ആവശ്യങ്ങള്‍ക്കു  ഉപയോഗപ്പെടുത്തുന്നതിനും ഉത്തരവാകണമെന്നായിരുന്നു  അഹമ്മദുകുട്ടിയുടെ ഹരജിയിലെ ആവശ്യം. 
ചെതലയത്ത് ഫോറസ്റ്റ് പാളയം എന്നറിയപ്പെടുന്ന 25 ഏക്കര്‍  വനേതര ഭൂമിയാണ് വനം-വന്യജീവി വകുപ്പിന്റെ കൈവശം ഉണ്ടായിരുന്നത്. ഇതില്‍ 10 ഏക്കര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ട്രൈബല്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ചിനു വിട്ടുകൊടുത്തു. രണ്ട് ഏക്കര്‍ ആരോഗ്യകേന്ദ്രത്തിനു കൈമാറി. അവശേഷിക്കുന്ന 13 ഏക്കറിലാണ് വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്യാട് റേഞ്ച് ഓഫീസ്, വനം ഉദ്യോഗസ്ഥരുടെ ക്വാര്‍ട്ടേഴ്‌സുകള്‍, ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മിച്ച ഗസ്റ്റ് ഹൗസ് തുടങ്ങിയ സ്ഥിതിചെയ്യുന്നത്. ഫോറസ്റ്റ് ഓഫീസ് ഉള്‍പ്പെട്ട വളപ്പില്‍ 19 പട്ടികജാതി കുടുംബങ്ങള്‍ക്കു 20 സെന്റ്  വീതം സ്ഥലം പതിച്ചുകൊടുക്കാനാണ് റവന്യൂ വകുപ്പ് നീക്കം നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് ഭൂമി അളന്നുതിരിക്കുന്നതിനു രണ്ടുമാസം മുമ്പു നടത്തിയ ശ്രമം തദ്ദേശവാസികള്‍ തടഞ്ഞു. പിന്നീട് പോലീസ് സാന്നിധ്യത്തില്‍ സര്‍വേ നടത്തി സ്ഥലം അളന്നുതിരിച്ചു. ഈ സാഹചര്യത്തിലാണ് ആക്ഷന്‍ കമ്മിറ്റി  പ്രശ്‌നം നിയമപരമായി നേരിടാന്‍ തീരുമാനിച്ചത്. 
വനം-വന്യജീവി വകുപ്പിന്റെ കൈവശത്തിലുള്ള മിച്ചഭൂമി പൊതു ആവശ്യത്തിനു ഉപയോഗപ്പെടുത്തുന്നതിനു 2013ല്‍ ചെതയത്ത് ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചിരുന്നു. വനം, റവന്യൂ വകുപ്പുകളിലെ ഉദ്യോഗസ്ഥരും തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളും ഉള്‍പ്പെടെ പങ്കെടുത്തതായിരുന്നു യോഗം. എന്നിരിക്കെയാണ് ഭൂമിയില്‍ ഒരു ഭാഗം   പട്ടികജാതി കുടുംബങ്ങള്‍ക്കു പതിച്ചുകൊടുക്കാന്‍ അണിയറനീക്കം നടന്നതെന്നു ആക്ഷന്‍ കമ്മിറ്റി  പ്രതിനിധികള്‍ പറഞ്ഞു. ചെതലയം ട്രൈബല്‍ ഹോസ്റ്റല്‍ സ്ഥല-കെട്ടിട സൗകര്യത്തിന്റെ അഭാവത്തില്‍ മീനങ്ങാടിയില്‍ വാടകക്കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. 28 പട്ടികവര്‍ഗ കോളനികളാണ് ചെതലയം ഗ്രാമത്തിലുള്ളത്. പണിയ, കാട്ടുനായ്ക്ക വിഭാഗങ്ങളില്‍പ്പെട്ടതാണ് ആദിവാസി കുടുംബങ്ങളില്‍ അധികവും. താമസിച്ചുപഠിക്കാന്‍ സൗകര്യം ഇല്ലാത്തതിനാല്‍ ആദിവാസി കുട്ടികളില്‍ പലരും സ്‌കൂളില്‍ പോകാത്ത സ്ഥിതിയുണ്ട്. ഇരുളത്തും സമീപത്തുമായി മൂന്നൂറോളം ക്ഷീരകര്‍ഷകരുണ്ട്. ഇവര്‍ക്കായി അനുവദിച്ച വെറ്ററിനറി സബ്‌സെന്റര്‍ ഇടിഞ്ഞുവീഴാറായ വാടകക്കെട്ടിടത്തിലാണുള്ളത്. ട്രൈബല്‍ ഹോസ്റ്റലിനും വെറ്ററിനറി സബ് സെന്ററിനും പുറമേ വേറെയും പൊതു ആവശ്യങ്ങള്‍ ചെതലയം ഗ്രാമവാസികള്‍ക്കുണ്ട്. ഭൂരഹിത പട്ടികവര്‍ഗ കുടുംബങ്ങളും ഇവിടെ നിരവധിയാണ്. ഈ സാഹചര്യത്തില്‍ വയനാട്  ജില്ലയുടെ വിവിധ ഭാഗങ്ങളില്‍  ലഭ്യമായ വാസത്തിനും കൃഷിക്കും യോജിച്ച റവന്യൂ ഭൂമി പട്ടികജാതി കുടുംബങ്ങള്‍ക്കു നല്‍കാനാണ് അധികാരികള്‍ ശ്രമിക്കേണ്ടതെന്നും ആക്ഷന്‍ കമ്മിറ്റി പ്രതിനിധികള്‍ പറഞ്ഞു. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *